Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറിപ്പറക്കുന്ന പുഡ്ഡിങ്ങ്, ബഹിരാകാശത്തു വച്ചു ഭക്ഷണം കഴിച്ചാൽ ദേ ഇങ്ങനിരിക്കും

eating pudding in space ബഹിരാകാശത്തു വച്ചു പുഡ്ഡിങ് കഴിക്കാനുള്ള ശരിയായ വഴി എന്ന കാപ്ഷൻ നൽകിയാണ് ജാക്ക് വിഡിയോ ഷെയർ ചെയ്തത്...

പാറിപ്പറക്കുന്ന പേനയും പുസ്തകങ്ങളും. ഒഴുകിനടക്കുന്ന മനുഷ്യർ... മായികലോകത്തിന്റെ കാഴ്ച്ചകൾ സമ്മാനിക്കുന്ന ബഹിരാകാശത്തെ ആസ്പദമാക്കിയുള്ള നിരവധി സിനിമകൾ നാം കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഓർത്തിട്ടുമുണ്ട് ബഹിരാകാശത്ത് ജീവിക്കുന്നവരെല്ലാം എത്രത്തോളം കഷ്ടപ്പാടു സഹിച്ചാകും അവിടെ നിലനിൽക്കുന്നതെന്ന്. കണ്ണുനീർ പോലും പാറിപ്പറക്കുന്ന ആ ലോകത്തു നിന്നും പുറത്തു വന്നിരിക്കുന്ന ചിരിപ്പിക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. അതെ, ബഹിരാകാശത്തു വച്ച് പുഡ്ഡിങ് കഴിക്കുന്ന നാസയിലെ ബഹിരാകാശ യാത്രികന്റേതാണത്.

ഒരൽപം തമാശയില്ലാതെന്തു ജീവിതം എന്നു കരുതിയാകണം ബഹിരാകാശ യാത്രികനായ ജാക്ക് ഫിഷർ താൻ പുഡ്ഡിങ്ങ് കഴിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചത്. 'ബഹിരാകാശത്തു വച്ചു പുഡ്ഡിങ് കഴിക്കാനുള്ള ശരിയായ വഴി' എന്ന കാപ്ഷൻ നൽകിയാണ് ജാക്ക് വിഡിയോ ഷെയർ ചെയ്തത്. സീറോ ഗ്രാവിറ്റിയിൽ ഒരു കുഞ്ഞു പുഡ്ഡിങ് ടവർ ഉണ്ടാക്കി മൂന്നു വായയ്ക്കുള്ളിൽ തീർക്കുകയാണ് കക്ഷി. ഇടയ്ക്ക് പാറിപ്പോകുന്ന പുഡ്ഡിങ്ങിനു പിന്നാലെ ചെന്ന് അകത്താക്കുകയും ചെയ്യുന്നുണ്ട‌്. വിഡിയോ കണ്ടാൽ നിങ്ങൾക്കും വീട്ടിൽ ഇതുപോലുള്ള പുഡ്ഡിങ് ടവർ ഉണ്ടാക്കാൻ തോന്നുമെങ്കിലും അതു സാധ്യമാകില്ലെന്നും ഗ്രാവിറ്റിക്കു നന്ദിയെന്നും പറയുന്നുണ്ട് ജാക്ക്.

എന്തായാലും കൗതുകകരമായ വിഡിയോ കണ്ട‌തോടെ സമൂഹമാധ്യമത്തിലുള്ളവർക്കും ആവേശമായി. ഭക്ഷണത്തിനൊപ്പമുള്ള ഈ കളി വ്യത്യസ്തമാണെന്ന് ഒരു ട്വീറ്റർ പറഞ്ഞപ്പോൾ, എല്ലാ ആൺകുട്ടികളും ഇത്തരത്തിലുള്ളൊരു സ്വപ്നലോകത്തു ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും ജാക്കിന്റെ മുറി വൃത്തിയാക്കാൻ ആളെ ആവശ്യമുണ്ടെങ്കിൽ താൻ തയ്യാറാണെന്നുമാണ് മറ്റൊരാൾ നൽകിയ രസകരമായ മറുപടി.