Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിറ്റ്നസ് ഇല്ലാത്തവരെ വിളിച്ച് ഉഷാറാക്കാമെന്ന് സച്ചിൻ, ട്രോള്‍മഴ തീർത്ത് ആരാധകർ

Sachin Tendulkar സച്ചിൻ തെൻഡുൽക്കർ

ആരാധകര്‍ക്കൊക്കെ ലേശം ഫിറ്റ്‌നസ് ഉണ്ടാകട്ടെ എന്നേ സച്ചിന്‍ കരുതിയുള്ളൂ.. അതിത്ര പുലിവാലാകുമെന്ന് ആരോര്‍ത്തു.. ഇതിപ്പോ ട്രോളിട്രോളി ഓസ്‌ട്രേലിയക്കാരുവരെ ട്രോളാന്‍ തുടങ്ങി. ട്വിറ്ററില്‍ ഒരു ക്യാംപയിന്‍ തുടങ്ങിയതാണ് തിങ്കളാഴ്ച രാവിലെ. സച്ചിന്റെ ട്വീറ്റ് ഇങ്ങനെ- 'ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാത്തതിന് പലപല കാരണങ്ങള്‍ പറയുന്ന കൂട്ടുകാര്‍ നിങ്ങള്‍ക്കുണ്ടോ..അവരുടെ സ്ഥലവും ഫോണ്‍ നമ്പരും സഹിതം  #NoExcuses എന്ന് ടാഗ് ചെയ്യൂ.. ഞാന്‍ വിളിച്ച് സംസാരിച്ച് ഒന്ന് ഉഷാറാക്കാന്‍ ശ്രമിക്കാം'.. 

പോരേ പൂരം.. മിനിറ്റുകള്‍ക്കൊണ്ട് ആരാധകരിളകി.. മടിയന്‍മാരായ കൂട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ ഫോണ്‍നമ്പരുകൊണ്ട് ഹാഷ്ടാഗ് കൊഴുത്തു. ഫോണും പേരും സ്ഥലവുമെല്ലാം പബ്ലിക്. ക്യാംപയിനെതിരെ വിമര്‍ശനങ്ങളും പിന്നാലെയെത്തി.. ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ റിലയന്‍സ് ജിയോ വീഴ്ച വരുത്തിയെന്ന ചര്‍ച്ചകള്‍ക്കിടെ ഇതുകൂടിയായതോടെ എതിര്‍ ക്യാംപയിനുകളായി.

സുഹൃത്തുക്കളുടേതാണെങ്കിലും അനുവാദമില്ലാതെ ടാഗ് ചെയ്ത് ഫോണ്‍ നമ്പര്‍ പബ്ലിക് ആക്കുന്നത് അവരോടുള്ള ദ്രോഹമാണെന്നാണ് വിമര്‍ശനങ്ങളുടെ പൊതു ലൈന്‍. ട്വിറ്ററിന്റെ സോഷ്യല്‍ മീഡിയ പോളിസിക്ക് എതിരാണ് സച്ചിന്റെ ക്യാംപയിനെന്നും ആക്ഷേപമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വൈകുന്നേരമായപ്പോഴേക്ക് സച്ചിന് ട്വീറ്റും ഡിലീറ്റ് ചെയ്ത് ക്യാംപയിനും പൂട്ടിക്കെട്ടേണ്ടിവന്നു. 

ഓസ്‌ട്രേലിയന്‍ വെബ് സെക്യൂരിറ്റി വിദഗ്ധന്‍ ട്രോയ് ഹണ്ട് കൂട്ടത്തില്‍ ഇന്ത്യക്കാര്‍ക്കിട്ട് മൊത്തത്തിലൊന്നു താങ്ങി. കക്ഷിയുടെ ട്വീറ്റ് ഇങ്ങനെ- 'ഇന്ത്യക്കാരില്‍നിന്ന് വിലപ്പെട്ട കോണ്‍ടാക്റ്റ് വിവരങ്ങള്‍ എങ്ങനെ ചോര്‍ത്തിയെടുക്കാം?.. സിംപിളാണ്, പ്രശസ്തനായൊരു ക്രിക്കറ്ററെ കൂട്ടുപിടിക്കുക.. എന്നിട്ട് ആരാധകരോട് സ്വന്തം കൂട്ടുകാര്‍ക്ക് പണികൊടുക്കാന്‍ നൈസായി ആവശ്യപ്പെടാന്‍ അങ്ങേരോടു പറയുക'.. 

സച്ചിന്‍ അവസാനിപ്പിച്ചെങ്കിലും #NoExcuses ക്യാംപയിന്‍ ഇപ്പോഴും ട്വിറ്ററില്‍ കറങ്ങി നടപ്പുണ്ട്.. അതിന്റെ ഇരട്ടി വേഗത്തില്‍ മാരക ട്രോളുകളുമിറങ്ങുന്നുണ്ട്.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam