Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ സുക്കർബർഗ്, ഇക്കുറിയും പതിവു തെറ്റിച്ചില്ല

Mark Zuckerberg സുക്കർബർഗ് ഭാര്യ പ്രിസില്ലയ്ക്കും മകൾ മാക്സിനുമൊപ്പം

കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലം മുതൽ ജനനവും വളർച്ചയുമൊക്കെ അമ്മയുടെ ഉത്തരവാദിത്തമാണെന്ന പഴഞ്ചൻ ചിന്താഗതിക്കൊക്കെ ഇന്നു മാറ്റം വന്നിട്ടുണ്ട്. അമ്മയെപ്പോലെ തന്നെ ഈ ഘട്ടങ്ങളിലെല്ലാം അച്ഛനും തയ്യാറെടുപ്പു ന‌ടത്തുകയും കൈത്താങ്ങായി സഹധർമ്മിണിക്കരികിൽ നിൽക്കേണ്ടതുമുണ്ട്. ഫേസ്ബുക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് അക്കാര്യം പ്രത്യേകം പഠിപ്പിക്കേണ്ടതുമില്ല, കാരണം തന്റെ ആദ്യത്തെ കൺമണിയുടെ വരവിന്റെ സമയത്തു തന്നെ പിതൃത്വ അവധിയെടുത്തയാളാണ് സുക്കർബർഗ്. 

ഇപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹം, പതിവുതെറ്റിച്ചില്ല ഇക്കുറിയും പിതൃത്വ അവധി എടുക്കുന്ന കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ സുക്കർബർഗ് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ അച്ഛന്മാരും അമ്മമാരുമൊക്കെ സുക്കർബർഗിന്റെ പോസ്റ്റ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തന്റെ ആദ്യപുത്രി മാക്സിന്റെ ജനന സമയത്ത് എടുത്തതു പോലെ തന്നെ ഇത്തവണയും രണ്ടു മാസത്തെ അവധി എ‌ടുക്കുകയാണെന്നാണ് സുക്കർബർഗ് പറയുന്നത്.  

'' മാക്സ് ജനിച്ച സമയത്ത് ഞാൻ രണ്ടു മാസത്തെ പിതൃത്വ അവധി എടുത്തിരുന്നു. അവളുടെ ജീവിതത്തിന്റെ ആദ്യമാസത്തിൽ അവൾക്കൊപ്പം ഒത്തിരിസമയം ചിലവഴിക്കാൻ കഴിഞ്ഞുവെന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞങ്ങളുടെ രണ്ടാമത്തെ പുത്രി ഉടൻ വരും. വീണ്ടും ഞാൻ രണ്ടുമാസത്തെ പിതൃത്വ  അവധി എടുക്കാൻ പോവുകയാണ്. ഇത്തവണ ഭാഗങ്ങളായി അവധി എടുക്കാനുള്ള ഫേസ്ബുക്കിന്റെ ഓപ്ഷൻ കൂടി ഉപയോഗിക്കുകയാണ്. 

തുടക്കത്തിലെ മാസത്തില്‍ പ്രിസില്ലയ്ക്കും എന്റെ പെൺമക്കൾക്കുമൊപ്പം ഒരുമാസം ചിലവഴിക്കുന്നതു കൂടാതെ അ‌ടുത്ത അവധി എടുക്കുന്നത് ഡിസംബറിലായിരിക്കും. ഫേസ്ബുക്കിൽ നാലുമാസത്തെ മാതൃത്വ പിതൃത്വ അവധികളാണ് ഞങ്ങൾ പ്രദാനം ചെയ്യുന്നത്, കാരണം ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിനൊപ്പം ചിലവഴിക്കാൻ കഴിയുന്നത് കുടുംബത്തിനാകെ ഗുണകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ''

Read more: Malayalam Lifestyle Magazine