Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളെ തല്ലിപ്പഠിപ്പിക്കാൻ കാരണം ഇതാണ്, വിശദീകരണവുമായി വീട്ടുകാര്‍

Viral Video ഹയ, ടോഷിയും ഷാരിബും

കണക്കു പഠിപ്പിക്കുന്നതിനിടെ തൊഴുകൈകളോടെ കരുണയ്ക്കായി കേഴുന്ന ഒരു കുഞ്ഞിന്റെ വിഡിയോ വൈറലായത് ഓർക്കുന്നില്ലേ? അമ്മ ഭീഷണിപ്പെടുത്തി പഠിപ്പിക്കുമ്പോൾ ഓരോ തവണയും ഞെട്ടലോടെയാണ് അവൾ ഇരിക്കുന്നത്. കുട്ടിയെ കണക്കു പഠിപ്പിക്കാനായി ക്രൂരമായ രീതിയാണ് ആ സ്ത്രീ പിൻതുടർന്നിരിക്കുന്നതെന്നു കാണാം. 

കുഞ്ഞ് തെറ്റുമോയെന്ന ഭീതിയോടെയാണ് ഓരോ അക്കങ്ങളും എണ്ണിപ്പറയുന്നത്. നിറകണ്ണുകളോടെ ഏങ്ങിയേങ്ങി കരയുന്നതിനിടയിൽ പലതും മാറുന്നുമുണ്ട്. അതിനിടയിൽ തനിക്കു തെറ്റിപ്പോകുന്ന വേളയിലാണ് മിഴിനീരൊഴുക്കി തൊഴുകയ്യോടെ ആ കുഞ്ഞ് കരുണയ്ക്കായി അപേക്ഷിക്കുന്നത്. എന്നിട്ടും മനസ്സലിയാതെ കുഞ്ഞിന്റെ കവിളിൽ അടിക്കുന്നതും വിഡിയോയിൽ കാണാം. 

ഒട്ടനേകം സെലിബ്രിറ്റികളും വിഷയത്തിൽ കുഞ്ഞിന്റെ പരിതാപകരമായ അവസ്ഥയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി യുവരാജ് സിങ് തുടങ്ങിയവർ ഉൾപ്പെ‌ടെയുള്ള പ്രമുഖർ കുരുന്നിന്റെ അവസ്ഥയിൽ മനംനൊന്ത് വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ മൂന്നുവയസ്സുകാരിയായ ആ കുഞ്ഞ് ഗായകരും സംഗീത സംവിധായകരുമായ ഷാരിബ്, ടോഷി എന്നിവരുടെ അനന്തിരവളാണത്രേ. 

വിഷയത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് ടോഷി നടത്തിയത്. വിഡിയോ ഫാമിലി വാട്സാപ് ഗ്രൂപ്പിനു വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും അതെങ്ങനെ പുറത്തേക്കു പോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ''വിരാട് കോഹ്‌ലിക്കും ശിഖർ ധവാനും ഞങ്ങളെക്കുറിച്ചറിയില്ല. ഞങ്ങളുടെ കുഞ്ഞ് എങ്ങനെയാണെന്ന് നന്നായറിയാവുന്നവരാണ് ഞങ്ങൾ, അവളുടെ സ്വഭാവരീതി തന്നെ അങ്ങനെയാണ്. ഒരു സെക്കന്റിനുള്ളിൽ കളിക്കാൻ പോകുന്നവളാണ് അവൾ, അവളുടെ സ്വഭാവത്തിന് അങ്ങനെ വിട്ടാൽ പിന്നെ പഠിത്തമേ നടക്കില്ല.''- ടോഷി പറയുന്നു.

ഹയ ടോഷിയുട‌െ ഇളയ സഹോദരിയുടെ പുത്രിയാണ്. കുഞ്ഞ് വാശിക്കാരിയാണെന്നും അമ്മയെ അനുസരിക്കുന്നില്ലെന്നും കാണിക്കാനാണ് വിഡിയോ ഗ്രൂപ്പിൽ ഇട്ടതെന്നും ടോഷി പറ‍ഞ്ഞു. കരഞ്ഞാൽ അമ്മ പഠിപ്പിക്കൽ നിർത്തി കളിക്കാൻ വിടുമെന്ന് അവൾക്കറിയാം, അതിനുവേണ്ടിയാണ് നിർത്താതെയുള്ള ആ കരച്ചിൽ. മകൾ ഭയങ്കര കുറുമ്പിയാണെന്നു കാണിക്കാനായി ആ അമ്മ തന്റെ സഹോദരനും ഭർത്താവിനും വേണ്ടി തയ്യാറാക്കിയ വിഡിയോ ആണത്. 

എല്ലാ വീടുകളിലും കുഞ്ഞുങ്ങൾ ഉണ്ട്, പക്ഷേ ഹയ അവരേക്കാളൊക്കെ ഒരൽപം വാശിക്കാരിയാണ്, എങ്കിലും ഞങ്ങൾക്കേറെ പ്രിയപ്പെട്ടവളാണ്. അതൊരു അമ്മയുടെ ഉത്തരവാദിത്തമാണ്, അതിൽ മറ്റാർക്കും വിധി പറയാനാകില്ല, ഒമ്പതു മാസം കൊണ്ടു നടന്ന് അവളെ പ്രസവിച്ചവളല്ലേ ആ അമ്മ. കുഞ്ഞുങ്ങൾ ഇങ്ങനെ കരഞ്ഞു എന്നതുകൊണ്ടു മാത്രം അവരെ പഠിപ്പിക്കാതിരിക്കാനാവില്ല എന്നും ടോഷി പറഞ്ഞു. 

പക്ഷേ ഈ വിശദീകരണങ്ങളൊന്നും വിഡിയോ കണ്ട് രോഷാകരുലരായവരെ തൃപ്തിപ്പെടുത്തിയ മട്ടില്ല. വാട്സാപ് ഗ്രൂപ്പിൽ പറഞ്ഞു ചിരിക്കാനായി വിഡിയോ തയ്യാറാക്കുമ്പോൾ ആ കുഞ്ഞിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചിരുന്നെങ്കിൽ എന്നാണ് പലരും പറയുന്നത്. ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കേണ്ട രീതികളെക്കുറിച്ച് അധ്യാപകർക്കും മാതാപിതാക്കള്‍ക്കും കൗൺസിലിങ് നൽകണമെന്നും ഭൂരിഭാഗം പേരും പറയുന്നു. 

Read more: Malayalam Lifestyle Magazine