Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടുകടത്തൽ: ഫെയ്സ്ബുക്കില്‍ വൈറലായി ഒബാമയുടെ പോസ്റ്റ്

OBAMA-BOOKS/

കുട്ടികളായിരിക്കേ യുഎസിലേക്ക് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെ തൊഴില്‍ വിസയില്‍ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമം ഡൊണാള്‍ഡ് പ്രസിഡന്റ് റദ്ദാക്കുകയാണ്. ഇതോടെ എട്ട് ലക്ഷത്തോളം കുടിയേറ്റക്കാരാണ് അമേരിക്കയില്‍ നിന്നും നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം ഇതില്‍ എണ്ണായിരത്തോളം ഇന്ത്യന്‍ വംശജരുമുണ്ടെന്നാണ്. 

മനുഷ്യസ്‌നേഹവും സഹാനുഭൂതി ഇല്ലാത്തതുമാണ് ട്രംപിന്റെ നടപടിയെന്ന് ഇതിനോടകം പരക്കെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഒബാമ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഡിഫേഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ അറൈവല്‍ എന്ന നിയമം രാജ്യത്തു കൊണ്ടുവന്നത്. ഇതിന്റെ കാലാവധി അടുത്ത വര്‍ഷം അവാസാനിക്കും, അതോടുകൂടി നിയമം പുതുക്കാതെ റദ്ദാക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനോട് ബരാക് ഒബാമ ഫേസ്ബുക്കില്‍ പ്രതികരിച്ചത് വൈറലായിക്കൊണ്ടിരിക്കുകയാണ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയാകെ അത് ഇളക്കിമറിച്ചു. ഇതിനോടകം തന്നെ 1.4 ദശലക്ഷത്തിലധികം ലൈക്കുകളും 665,838 ഷെയറുകളും ഒബാമയുടെ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു. 

വികാരനിര്‍ഭരമായ, മനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഒബാമായുടെ പോസ്റ്റ്. 

'കുടിയേറ്റം ഒരു വിവാദപരമായ വിഷയമായിരിക്കാം. നമുക്കെല്ലാവര്‍ക്കും സുരക്ഷിതമായ അതിര്‍ത്തികളോടു കൂടിയ സ്വസ്ഥമായ ജീവിതമാണ് വേണ്ടത്. ചലനാത്മകമായ സമ്പദ് വ്യവസ്ഥയാണ് നമ്മള്‍ ആഗ്രഹിക്കുന്നതും. കുടിയേറ്റ സംവിധാനങ്ങള്‍ എങ്ങനെ കുറ്റമറ്റതാക്കാം എന്ന കാര്യത്തില്‍ നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടാകാം. എന്നാല്‍ വൈറ്റ് ഹൗസ് എടുത്ത പുതിയ തീരുമാനം അത്തരത്തിലുള്ളതല്ല. അത് അമേരിക്കയില്‍ വളര്‍ന്നുവന്ന യുവാക്കളെ ബാധിക്കുന്നതാണ്, സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ബാധിക്കുന്നതാണ്, നല്ല ജീവിതം സ്വപ്‌നം കണ്ട് കരിയര്‍ ആരംഭിച്ച യുവ പ്രൊഫഷണലുകളെ ബാധിക്കുന്നതാണ്. അവര്‍ ദേശസ്‌നേഹികളാണ്. അവരുടെ പ്രതിബദ്ധത നമ്മുടെ പതാകയോടാണ്. ഈ സ്വപ്‌നജീവികള്‍ ഹൃദയം കൊണ്ടും മനസുകൊണ്ടും അമേരിക്കന്‍ പൗരന്‍മാരാണ്. നവജാതശിശുക്കളായിരിക്കുമ്പോള്‍ ആയിരിക്കും അവരില്‍ പലരേയും അവരുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. അമേരിക്കയല്ലാതെ മറ്റൊരു രാജ്യത്തെ മാതൃരാജ്യമായി സങ്കല്‍പ്പിക്കാന്‍ കഴിയാത്തവര്‍ ആയിരിക്കും അവര്‍. ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷ അവര്‍ക്ക് അറിയുകയുമില്ലായിരിക്കും. ഇത്തരത്തിലുള്ള ദേശസ്‌നേഹികളായ യുവാക്കളെ നാടുകടത്തുന്നതില്‍ യാതൊരുവിധ യുക്തിയുമില്ല. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അമേരിക്ക ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത്-ഇങ്ങനെ പോകുന്നു ഒബാമയുടെ ഫെയ്സ്ബുക് പോസ്റ്റ്. 

പോസ്റ്റിന് ഇതിനോടകം കമന്റ് ചെയ്തവരുടെ എണ്ണം 81,000 കവിഞ്ഞു. ട്രംപിന്റെ തലതിരിഞ്ഞ തീരുമാനത്തിനെതിരെ അമേരിക്കയിലെ സംരംഭക സമൂഹവും വിവിധ നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു.