Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാൻ കടുത്ത മമ്മൂക്ക ഫാൻ, യഥാർഥ ഫാൻസിനു നിങ്ങൾ നാണക്കേടുണ്ടാക്കരുത്'

Lakshmi Menon ലക്ഷ്മി മേനോൻ

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീ‍ഡിയയാകെ ഫാൻസുകാരുടെ ബഹളമാണ്. അങ്കമാലി ഡയറീസിലൂടെ നായികയായെത്തിയ അന്ന രേഷ്മ രാജനായിരുന്നു ഫാൻസെന്ന് പറയുന്നവരുടെ പൊങ്കാലകൾക്ക് ഇരയായത്. ഒരു ചാനൽ പരിപാടിയിൽ സൂപ്പര്‍താരത്തെക്കുറിച്ച് അന്ന നടത്തിയ പരാമർശമാണ് ചിലരെ പ്രകോപിപ്പിച്ചത്. തുടർന്ന് രേഷ്മ കരഞ്ഞു മാപ്പു പറഞ്ഞുകൊണ്ട് ഒരു വിഡിയോ ഫേസ്ബുക്കിൽ ഇടുകയും മമ്മൂട്ടി നേരിട്ടു വിളിച്ച് താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ലക്ഷ്മി മേനോൻ എന്ന വ്ലോഗറുടെ വിഡിയോ ആണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. യഥാർഥ മമ്മൂട്ടി ഫാൻസിനു നാണക്കേടാണ് ഇത്തരക്കാർ എന്നുപറയുന്നു ലക്ഷ്മി. 

താനൊരു കടുത്ത മമ്മൂക്ക ഫാൻ ആണെന്നു പറഞ്ഞാണ് ലക്ഷ്മിയുടെ വിഡിയോ ആരംഭിക്കുന്നത്. മമ്മൂക്കയുടെ ഫാൻസിനു തന്നെ നാണക്കേടാണ് ഇത്തരം ആളുകൾ. ചീത്തവിളി കാരണം കരഞ്ഞു മാപ്പു പറഞ്ഞിട്ടും അതിനടിയിൽ പോലും അസഭ്യം പറഞ്ഞെത്തിയവരുണ്ട്. 32ാമത്തെ വയസ്സിൽ പടയോട്ടത്തിൽ ലാലേട്ടന്റെ അച്ഛനായി അഭിനയിച്ച നടനാണ് മമ്മൂട്ടിയെന്ന് ഇവരൊന്നും മറക്കരുതെന്ന് ലക്ഷ്മി പറയുന്നു. ഇതുവരെയും ചെറുപ്പക്കാരന്റെ വേഷം മാത്രമല്ല, പ്രായം പ്രശ്നമാക്കാത്ത പലവേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടെന്നു പറയുന്നു ലക്ഷ്മി.

കഴിഞ്ഞ ദിവസം മോഹൻ ലാലിനെ അങ്കിൾ എന്നു വിളിച്ച വിനീത് ശ്രീനിവാസനു നേരെയും പൊങ്കാലക്കാർ എത്തിയിരുന്നു. പക്ഷേ കുട്ടിക്കാലം തൊട്ടേ ഇവരെയെല്ലാം കണ്ടുവളർന്ന വിനീതിനെ ഇവയൊന്നും ബാധിക്കില്ലെന്നും ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ലിച്ചി എന്ന അന്ന രേഷ്മ രാജന്റെ അടുക്കൽ മാത്രമേ ഈ പേടിപ്പിക്കൽ ചിലവാകുള്ളു എന്ന് ഇത്തരക്കാർക്ക് അറിയാമെന്നും ലക്ഷ്മി പറയുന്നു. 

ഇക്കൂട്ടത്തിൽ മറ്റുഫാൻസുകാർ പ്രകോപിപ്പിച്ചാൽ പോലും മറുത്തു മോശമായി പ്രതികരിക്കാതെ മമ്മൂട്ടിയുടെ മാന്യത പുലർത്തുന്ന ചില ഫാൻസുകാർ ഉണ്ടെന്നും അവർക്കു കൂടി നാണക്കേ‌ടുണ്ടാക്കരുതെന്നും പറഞ്ഞാണ് ലക്ഷ്മിയുടെ വിഡിയോ അവസാനിക്കുന്നത്.

Read more: Lifestyle Malayalam Magazine