Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷ്ടിക്കാൻ കയറുമ്പോൾ കള്ളൻ‌ അറിഞ്ഞോ ഈ പണി കിട്ടുമെന്ന്!!!

Thief പെട്ടന്നാണ് പണപ്പെട്ടി ലക്ഷ്യമാക്കി അയാൾ കൗണ്ടറിലേക്ക് കുതിച്ചത്. എന്നാൽ ജീവനക്കാരായ നാലു സ്ത്രീകൾ...

വേണ്ടിയിരുന്നില്ല എന്നു തോന്നിക്കാണണം ആ കള്ളന്. കക്കാൻ കയറുകയും ചെയ്തു, ഒന്നുമൊട്ടു കിട്ടിയതു മില്ല. കിട്ടിയില്ലെന്നു തീർത്തും പറഞ്ഞുകൂടാ, വേണ്ടുവോളം കിട്ടി പെണ്ണുങ്ങളുടെ അടിയും ഇടിയും.. തടി രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം മാത്രം മെച്ചം. അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലെ പാർസൽ സർവീസ് നടത്തുന്ന ഒരു റസ്റ്ററന്റിലാണ് സംഭവം. ധീരകളായ നാലു വനിതാ ജീവനക്കാരാണ് പണപ്പെട്ടിയുമായി ഓടാൻ വന്ന കള്ളനെ പാഠം പഠിപ്പിച്ചത്. 

മറ്റ് ഉപഭോക്താക്കൾ ഭക്ഷണം വാങ്ങുന്ന സമയത്ത് റസ്റ്ററന്റിലൂടെ ഒരാൾ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. പെട്ടന്നാണ് പണപ്പെട്ടി ലക്ഷ്യമാക്കി അയാൾ കൗണ്ടറിലേക്ക് കുതിച്ചത്. എന്നാൽ ജീവനക്കാരായ നാലു സ്ത്രീകൾ കൗണ്ടറിനപ്പുറമുണ്ടായിരുന്നു. പണപ്പെട്ടി തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരും കൂടി അയാളുടെ മേൽ ‘വനിതാ ശാക്തീകരണം’ നടപ്പാക്കി. രണ്ടു പേർ പണപ്പെട്ടിയുടെ മേലും രണ്ടുപേർ കള്ളന്റെമേലും ശ്രദ്ധ കേന്ദ്രീകരിച്ചു. 

അയാളുടെ തലയ്ക്ക് കുത്തുകയും ഇടിക്കുകയുമൊക്കെ ചെയ്തു. ഇടി ഒരുപാടായതോടെ കള്ളന് ഒരു കാര്യം ബോധ്യമായി പണപ്പെട്ടിയുമായുള്ള പോക്ക് നടക്കില്ല. തടിയെങ്കിലും രക്ഷിക്കാനായി പിന്നീടുള്ള ശ്രമം. ഏറെ പരിശ്രമിച്ചാണ് അയാൾ പെൺപടയിൽനിന്ന് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ ആകെ കൊണ്ടുപോകാനായത് 30 ഡോളർ. ‘ഞങ്ങൾ ജോലിയിലായിരുന്നു അയാൾ പണപ്പെട്ടിയെടുക്കുന്നതു കണ്ടപ്പോൾ എവിടെനിന്നാണെന്നറിയില്ല ശക്തി കിട്ടി, നന്നായി കൊടുത്തു’, കള്ളന്റെ തലയ്ക്കിട്ടു കൊടുത്തവരിൽ പ്രധാനിയായി ജസ്റ്റിൻ ചോ വാർത്താ ചാനലിനോടു പ്രതികരിച്ചു. 

മൽപിടിത്തത്തിനിടയ്ക്ക് സ്ത്രീകൾക്കാർക്കും പരുക്കേറ്റിട്ടില്ല. കള്ളന് ഇനിയും രക്ഷപ്പെട്ടെന്നു തീർച്ചപ്പെടുത്താനാവില്ല. അടിയുടെയും ഇടിയുടെയുമെല്ലാം സിസിടിവി ദൃശ്യങ്ങൾ പൊലീസിന്റെ കൈയിലുണ്ട്. ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്. ജീവനക്കാരെ നിയമിക്കുമ്പോൾ ധൈര്യം കൂടിയുള്ളവരാണെങ്കിൽ ഇങ്ങനെ ചില നേട്ടങ്ങൾകൂടി ഉണ്ടായേക്കും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam