Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലനാൾ പഞ്ചറുകള്ളൻ ഒടുവിൽ പിടിയിൽ !!

Puncture Representative Image

ഒരു സുഖം.... ഒരു മനസ്സുഖത്തിനുവേണ്ടിയാണ് അയാൾ ടയറുകൾ കുത്തി പങ്ചറാക്കിത്തുടങ്ങിയത്. പിന്നീട് അതങ്ങുശീലമായി, പൊലീസിനു തലവേദനയും. വർഷങ്ങൾ നീണ്ട ഒളിച്ചുകളിക്കുശേഷം ആൾ പിടിയിലായി. 6000 ടയറുകൾ പങ്ചറാക്കിയശേഷം! ഫ്രാൻസിലെ ബോർഡോ സിറ്റിയിലാണ് സംഭവം. ആറുവർഷമായി വാഹനങ്ങളുടെ ടയർ പങ്ചറാക്കുന്ന നാൽപത്തഞ്ചുകാരനാണ് പിടിയിലായത്. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ഒരു കള്ളൻ ബാങ്ക് മോഷണത്തിനു പദ്ധതിയിടുന്നതുപോലെ സൂക്ഷ്മമായാണ് ഇയാൾ തന്റെ ‘കൃത്യനിർവഹണം’ നടത്തിപ്പോന്നത്. സമൂഹത്തോടുള്ള വിദ്വേഷമാണത്രേ ചെയ്തിക്കു പിന്നിൽ. 2011 മുതലാണ് ഇദ്ദേഹം ‘കലാപരിപാടി’ തുടങ്ങിയത്. ദിവസവും 70 ടയറോളം ‘ശരിയാക്കും’. എന്നാൽ ആരാണ് ചെയ്തതെന്നു മനസ്സിലാക്കാൻപോന്ന തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കാര്യം സാധിക്കുന്നത്. എന്തിനു സിസിടിവിയുടെ കണ്ണിൽപോലും പെടാതെയാണ് ആസൂത്രണം. 

മറ്റു ജോലിയൊന്നുമില്ലാത്ത ഇയാൾ, സ്വയം സീരിയൽ പങ്ചറർ എന്നാണു വിശേഷിപ്പിക്കുന്നത്. ഏകദേശം ആറായിരം ടയറുകൾ താൻ പങ്ചർ വരുത്തിക്കാണുമെന്ന ഇയാളുടെ അവകാശവാദം പരാതികൾ പരിശോധിച്ച് പൊലീസും ശരിവയ്ക്കുന്നു. പൊലീസിനെ സംബന്ധിച്ച് ഇത് ആശ്വാസത്തിന്റെ നിമിഷമാണ്. പങ്ചറുകൾക്കു പിന്നിൽ സീരിയൽ കുറ്റവാളിയാണെന്നു മനസ്സിലാക്കി 2014 മുതൽ അവർ അന്വേഷണത്തിലായിരുന്നു. ഇപ്പോൾ മാത്രമേ പിടിക്കാൻ കഴിഞ്ഞുളളൂ എന്നു മാത്രം. പൊലീസിനു പിടികൊടുക്കാതിരിക്കാൻ പല സമയങ്ങളിലും പല റൂട്ടുകളിലുമായിരുന്നു ഇയാളുടെ ഓപ്പറേഷൻ. 

തന്നെയുമല്ല, ടയർ കുത്തിപ്പിളർന്ന് പോകുന്ന പരിപാടിയായിരുന്നില്ല കുറ്റവാളയുടേത്. ചെറുതായി ഒരു സുഷിരമിടും, രാവിലെയാകുമ്പോഴേക്കും കാറ്റുപോയിട്ടുണ്ടാകും. എന്നാൽ പരിസരവാസികൾക്ക് ഇയാൾ ദുസ്വപ്‌നമായിരുന്നു. 1100 പരാതികളാണ് പങ്ചർ കേസായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു ഹതഭാഗ്യന്റെ ടയർ ആറുതവണയാണ് പങ്ചറാക്കിയത്. ഓരോ ദിവസത്തെയും തന്റെ ഇരകളുടെ വിശദാംശം നോട്ടുബുക്കിൽ കുറിച്ച്, എവിടെയൊക്കെയാണ് സിസിടിവി ക്യാമറകളെന്ന് പ്രത്യേകം മാർക് ചെയ്താണ് ഇയാൾ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടത്.

കുറെ ദിവസത്തേക്കുള്ള പ്ലാൻ കോഡ് ഭാഷയിൽ മുൻകൂട്ടി തയാറാക്കി വയ്ക്കും. പുലർച്ചെ രണ്ടിനും അഞ്ചിനും ഇടയിലാണ് പങ്ചർ പണി പ്ലാൻ ചെയ്തിരുന്നത്. എങ്ങനെയോ ഒരു വീട്ടുകാരന് ഇയാളുടെ ഫോട്ടോ എടുക്കാൻ അവസരം ലഭിച്ചതാണ് അറസ്റ്റിലേക്കു നയിച്ചത്. പുലർച്ചെ രണ്ടിനു പണി തുടങ്ങും മുൻപെയാണ് അറസ്റ്റ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam