Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികൾ അധ്യാപകനു നൽകിയ സ്‌നേഹോപഹാരം വൈറൽ!!

Troy Rogers വിദ്യാർഥികൾ നൽകിയ സ്‌നേഹോപഹാരവുമായി അധ്യാപകൻ ട്രോയ് റോജേഴ്‌സ്

കൗമാരക്കാരുടെ ഹൃദയ നന്മ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുകയാണ്. അവർ എത്ര മനോഹരമായ കാര്യങ്ങൾ ചെയ്താലും അർഹിക്കുന്ന പരിഗണന സമൂഹം നൽകുന്നില്ല. എന്നാൽ ഈ സ്‌നേഹം ഞാൻ മറക്കില്ല. ഒരധ്യാപകൻ തന്റെ വിദ്യാർഥികളെച്ചൊല്ലി സ്‌നേഹാശ്രു പൊഴിക്കുകയാണ്. അവരുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആഴവും പരപ്പുംകണ്ട് അഭിമാനംകൊള്ളുകയാണ്. അമേരിക്കയിലെ അലബാമയിലെ ക്ലെമന്റ്‌സ് ഹൈസ്‌കൂൾ സീനിയർ വിദ്യാർഥികളാണ് താരങ്ങൾ. സ്‌നേഹമഴ കൊള്ളാൻ അവസരം ലഭിച്ചത് അവരുടെ ചരിത്ര അധ്യാപകൻ ട്രോയ് റോജേഴ്‌സിന്.

മക്കളില്ലാത്ത ട്രോയ് റോജേഴ്‌സിന് ഏറെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ വളർത്തുനായ ഗോൾഡൻ റിട്രീറ്റ് വിഭാഗത്തിൽ പെട്ട ചിപ്. പതിനൊന്നര വയസ്സുള്ള ചിപ് ഏതാനും നാളുകൾക്കു മുൻപ് എങ്ങോട്ടോ ഓടിപ്പോയതിൽപിന്നെ റോജേഴ്‌സ് ആകെ നിരാശനാണ്. എപ്പോഴും ദുഖിതൻ. ഇതുമനസ്സിലാക്കിയ വിദ്യാർഥികൾ പണം പിരിച്ചെടുത്ത്, എട്ടാഴ്ച പ്രായമുള്ള കുഞ്ഞു പപ്പിയെ സമ്മാനിച്ചപ്പോഴാണ് സർപ്രൈസടിച്ച് അധ്യാപകൻ കരഞ്ഞുപോയത്. 

കുട്ടികളുടെ ഇഷ്ടഅധ്യാപകനാണ് റോജേഴ്‌സ്, അദ്ദേഹത്തെ കാണുമ്പോൾ അവർ എന്നും അന്വേഷിക്കും ചിപ് തിരിച്ചുവന്നോയെന്ന്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സീനിയർ ക്ലാസിലെ 90 വിദ്യാർഥികൾ മറ്റ് അധ്യാപകരുടെ സഹായത്തോടെ 700 ഡോളർ പിരിച്ചെടുത്തത്. അങ്ങനെയാണ് നഷ്ടപ്പെട്ട അതേ ഇനം നായക്കുട്ടിയെ അവർ അധ്യാപകനു നൽകുന്നത്. മറ്റൊരു അധ്യാപകനെക്കൊണ്ട് സ്റ്റാഫ് റൂമിൽനിന്ന് റോജേഴ്‌സിനെ വിളിച്ചുവരുത്തിയായിരുന്നു സമ്മാനക്കൈമാറ്റം. 

റോജേഴ്‌സ് ക്ലാസ് മുറിയിലെത്തിയപ്പോൾ കാണുന്നത് നിന്നുകരയുന്ന തന്റെ ഭാര്യയെയാണ്. നായക്കുട്ടിയെ കണ്ടതോടെ അദ്ദേഹത്തിന്റെ കണ്ണുകളും ചോരാൻ തുടങ്ങി. കുറച്ചു നാളുകൾകൂടി കാത്ത് ചിപ് തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തിയശേഷം പുതിയ നായക്കുട്ടിയെ വാങ്ങാനായിരുന്നു റോജേഴ്‌സിന്റെയും ഭാര്യയുടെയും തീരുമാനം. പുതിയ പപ്പിക്കു പേരിടാനുള്ള അവസരം റോജേഴ്‌സ് വിദ്യാർഥികൾക്കു തന്നെ നൽകി. അവർ കൂടിയാലോചന നടത്തി ക്ലെമന്റൈൻ എന്ന പേരും നിർദേശിച്ചു.

കുഞ്ഞു ക്ലെമന്റൈനിന്റെ കുസൃതികളും വളർച്ചയും വിദ്യാർഥികളെ അറിയിക്കാൻ അദ്ദേഹം ഒരു ഫെയ്‌സ്ബുക് പേജും തുടങ്ങി. വിദ്യാർഥികളുടെ ഈ സൽക്കർമം ഓൺലൈനിൽ വലിയ ചർച്ചയാണിപ്പോൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam