Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ അവൾക്കൊപ്പം, നടിക്കു പിന്തുണയുമായി ബോളിവുഡ് ക്വീൻ കങ്കണ

Kangana Zaira കങ്കണ റണൗട്ട്, സൈറ വസീം

നിയമങ്ങളും നീതിസംവിധാനങ്ങളുമൊക്കെ ശക്തിയാർജിക്കുമ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുമന്ന കാഴ്ചയാണിന്നു കാണുന്നത്. സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഭേദമില്ലാതെ അവര്‍ പൊതുനിരത്തുകളിൽ പോലും ആക്രമിക്കപ്പെടുന്നു. ദംഗൽ സിനിമയിലെ നായികയായ സൈറ വസീമിനും അടുത്തിടെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിരുന്നു. ഫ്ലൈറ്റ് യാത്രയ്ക്കിടെ ദുരനുഭവം നേരിട്ട പതിനേഴുകാരിയായ സൈറ അതു വി‍ഡിയോയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൈറയ്ക്കു പിന്തുണയുമായി ബോളിവുഡ് ക്വീൻ കങ്കണ റണൗട്ട് രംഗത്തെത്തിയിരിക്കുകയാണ്. 

ഡൽഹിയിൽ നിന്നും മുംബൈയിലേക്കു യാത്ര ചെയ്യവേയാണ് പതിനേഴുകാരിയായ സൈറ, വികാസ് സച്ദേവ് എന്ന യാത്രക്കാരൻ തന്നോടു േമാശമായി പെരുമാറിയെന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെക്കുന്നത്. പുറകിലിരുന്ന വികാസ് താനിരിക്കുന്ന സീറ്റിന്റെ വശത്ത് കാൽ വെക്കുകയും തന്റെ കഴുത്തിലും പിൻഭാഗത്തും ഉരസുകയായിരുന്നുവെന്നും പറഞ്ഞ സൈറ ആരും തന്നെ സഹായിക്കാൻ മുന്നോട്ടു വന്നില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ സഹയാത്രക്കാരെല്ലാം വികാസ് ഉറങ്ങുകയായിരുന്നുവെന്നും അറിയാതെ സംഭവിച്ചതാകാമെന്നുമാണ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് സൈറയെ ട്രോളുന്നവർക്കെതിരെ വിമർശനവുമായി കങ്കണ എത്തിയത്. 

''അവൾ നേരിട്ടത് എന്തു തരത്തിലുള്ള ഹരാസ്മെന്റ് ആണെന്ന് എനിക്കറിയില്ല, പക്ഷേ എല്ലാവരും അംഗീകരിക്കുന്നുണ്ട് അയാളുടെ കാൽ അവളിരുന്ന സീറ്റിന്റെ വശത്തായിരുന്നുവെന്ന്. ഇതു തീർത്തും തെറ്റാണ്. നമ്മൾ എന്തിനാണ് അവളെ വിചാരണ ചെയ്യുകയും കുറ്റപ്പെ‌ടുത്തുകയും ചെയ്യുന്നത്? ഇത്തരത്തിലൊരു ഭീതിജനകമായ അന്തരീക്ഷത്തിൽ ആരാണ് സംസാരിക്കാൻ തയാറാവുക?'' വികാസ് തന്റെ കാലുകൾ സൈറയുടെ സീറ്റിന്റെ വശങ്ങളിൽ വച്ചു വിശ്രമിക്കുകയായിരുന്നുവെന്നു ന്യായീകരിക്കുന്നവർക്കും കങ്കണയുടെ ചുട്ട മറുപടിയുണ്ട്. 

'' പലരും പറയുന്നത് അയാൾ അവളുടെ സീറ്റിന്റെ വശത്ത് കാലുകൾ വച്ച് നിഷ്കളങ്കമായി കിടന്നുറങ്ങുകയായിരുന്നുവെന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഇതു തീർത്തും നിന്ദ്യമാണ്. ഞാനായിരുന്നെങ്കിൽ അയാളുടെ കാലുകൾ തകര്‍ത്തേനെ. ''- കങ്കണ പറയുന്നു. കൗമാരക്കാരിയായ ഒരു പെൺകുട്ടി താന്‍ നേരിട്ട ദുരവസ്ഥ പങ്കുവെക്കാൻ കാണിച്ച ധീരതയെ നാം അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നു പറയുകയാണ് കങ്കണ. 

നടിയുടെ പരാതിയിൽ വികാസ് സച്ദേവ് എന്ന മുപ്പത്തിയൊൻപതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികൾക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്സോ ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. നടിയുടെ ഇൻസ്റ്റഗ്രാം വിഡിയോ വിവാദമായതിനെത്തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലും എയർ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam