Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അവസരം നഷ്ടമായി, ഹൃദയം തകർന്ന് പ്രിയങ്ക‌

Priyanka Chopra പ്രിയങ്ക ചോപ്ര

ബോളിവുഡിന്റെ ബോള്‍ഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് പ്രിയങ്ക ചോപ്ര. മിസ് വേൾഡ് പട്ടവും ബിടൗണിലെ സൂപ്പർ ഹിറ്റുകളും മാത്രമല്ല ഒപ്പം ഹോളിവുഡ് ഇൻഡസ്ട്രിയിലും തന്റേതായ സാന്നിധ്യം കാഴ്ച്ച വച്ചതാണ് പ്രിയങ്കയെ സ്പെഷലാക്കുന്നത്. പക്ഷേ അങ്ങേയറ്റം പോസിറ്റിവിറ്റിയോടെ കാര്യങ്ങളെ സമീപിക്കുന്ന പ്രിയങ്ക പക്ഷേ ഇപ്പോൾ നിരാശയിലാണ്. ഡോക്ടറേറ്റ് ബഹുമതി ഏറ്റുവാങ്ങാൻ ബറേലിയിൽ എത്താൻ കഴിയാതിരുന്നതാണ് പ്രിയങ്കയുടെ വിഷമത്തിനു പിന്നിൽ. 

ബറേലി അന്താരാഷ്ട്ര സർവകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങാൻ ഡൽഹിയില്‍ നിന്നും പുറപ്പെടാനിരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ ബറേലി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് കൗൺസിലിൽ നിന്നായിരുന്നു ഡോക്ടറേറ്റ് ഏറ്റു വാങ്ങേണ്ടിയിരുന്നത്. എന്നാൽ ഡല്‍ഹിയിലെ കനത്ത പുകമഞ്ഞു മൂലം പ്രിയങ്കയ്ക്ക് ബറേലിയിൽ എത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഹൃദയം തകർന്നിരിക്കുകയാണെന്നു പറഞ്ഞ് പ്രിയങ്ക സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. 

'' ബറേലി ഇന്റർനാഷണല്‍ യൂണിവേഴ്സ്റ്റിയിൽ നിന്നും ഡോക്ടറേറ്റ് ഏറ്റുവാങ്ങാനും കോൺവൊക്കേഷൻ സെറിമണിയിൽ പങ്കെടുക്കാനും കഴിയില്ല, ഹൃദയം തകർന്നിരിക്കുകയാണ്. ഇന്നു രാവിലെ മുതൽ എ​യർപോർട്ടിൽ ഇരിക്കുകയാണ് ഞങ്ങൾ. അവിടെയെത്താൻ‍ സാധ്യമായ മറ്റു മാർഗങ്ങളും എന്റെ ടീം അന്വേഷിച്ചു, പക്ഷേ പുകമഞ്ഞ് ഞങ്ങളുടെ പദ്ധതികളെല്ലാം തകിടംമറിച്ചിരിക്കുകയാണ്. 

ബറേലിയിലേക്കു തിരിച്ചെത്താനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഡോക്ടറേറ്റ് ബഹുമതി ഏറ്റുവാങ്ങാനായി മാത്രമല്ല, പഴയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും എന്റെ ജീവിതത്തിൽ അത്രയ്ക്കും പ്രാധാന്യമുള്ള നഗരത്തെ വീണ്ടും കാണാനൊക്കെയായി...

എന്റെ സാഹചര്യം മനസ്സിലാക്കുന്നതിൽ സർവകലാശാലയ്ക്ക് നന്ദി അറിയിക്കുന്നു,  ഈയവസരത്തിൽ എല്ലാ ബിരുദധാരികള്‍ക്കും ആശംസകൾ അറിയിക്കുന്നു. നിങ്ങളെയെല്ലാവരെയും  വൈകാതെ വീണ്ടും കാണാം..'' 

ബറേലി സർവകലാശാല ചാൻസലർ കേശവ് കുമാർ അഗര്‍വാൾ ആയിരുന്നു പ്രിയങ്കയ്ക്ക് ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിക്കേണ്ടിയിരുന്നത്. മകൾക്ക് ഇത്രയും വലിയൊരു ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam