Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ടിമുതൽ പുറത്തുവന്നില്ല; ദിവസം 20 കഴിഞ്ഞു, സിനിമയെ വെല്ലും ഈ കഥ !

Thief തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും, Representative Image

തൊണ്ടിമുതൽ പുറത്തുകൊണ്ടുവരാനുള്ള പൊലീസിന്റെ തത്രപ്പാടു കഥ പറയുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ നമ്മുടെയൊന്നും ഓർമകളിൽനിന്നു മാഞ്ഞിട്ടില്ല. യഥാർഥത്തിൽ സംഭവിക്കാവുന്ന ഒരു കഥ ചലച്ചിത്രമാക്കുകയായിരുന്നു ദിലീഷ് പോത്തനും സംഘവും. എന്നാൽ ഇനി പറയാൻ പോകുന്ന യഥാർഥ കഥ സിനിമയാക്കിയാൽപോലും ആരും വിശ്വസിക്കില്ല. 

ഈ തൊണ്ടിമുതൽ കഥ ബ്രിട്ടനിൽ നിന്നാണ്. എസെക്സ് പൊലീസാണ് പെട്ടിരിക്കുന്നത്. ഹാർലോയിലെ മയക്കുമരുന്നു കടത്തു സംഘത്തിലെ ഒരു ചെറുപ്പക്കാരനെയാണ് പൊലീസ് പിടിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്ന, വിതരണത്തിനെന്നു കരുതുന്ന മയക്കുമരുന്ന് വിഴുങ്ങുകയായിരുന്നു. അതിൽ തുടങ്ങിയതാണ് പൊലീസിന്റെ ഗതികേട്. ഇയാളുടെ വയറ്റിൽനിന്ന് ‘സാധനം’ പുറത്തുവരുമോയെന്നുള്ള കാത്തിരിപ്പ് ദിവസങ്ങൾ നീളുകയാണ്. ഇരുപത്തിനാലു വയസ്സുള്ള ലാമർ ചേംബേഴ്സ് ആണ് 23 ദിവസമായിട്ടും കാര്യസാധ്യത്തിനായി ശുചിമുറിയിൽ പോകാതെ തൊണ്ടി വയറ്റിൽ തന്നെ സൂക്ഷിക്കുന്നത്. 

പൊലീസിന്റെ കർശനമായി നിരീക്ഷണത്തിലാണ് ഇയാൾ. നിത്യവും മെഡിക്കൽ സംഘവും പരിശോധിക്കുന്നുണ്ട്. ഒന്നും കഴിക്കാൻ കൂട്ടാക്കാതെ വ്യത്യസ്തമായ ചെറുത്തു നിൽപ് തുടരുകയാണ് ഇയാൾ. എസെക്സ് പൊലീസിലെ ഹാർലോയിലെ ക്രൈം വിഭാഗമായ ഓപ്പറേഷൻ റാപ്റ്റർ വെസ്റ്റാണ് ക്ലാസ് എ വിഭാഗത്തിൽപെടുന്ന മയക്കുമരുന്നുമായി ഇയാളെ പിടിക്കുന്നത്. ഉടനെ ഒപി റാപ്റ്റർ വെസ്റ്റ് എന്ന ട്വിറ്റർ അക്കൗണ്ട് വഴി വിവരം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. 

രണ്ടു ദിവസം: സാധനം ഇനിയും കിട്ടിയില്ല. ഒരാഴ്ച: ഹും ഹും ഇനിയും വന്നില്ല. രണ്ടാഴ്ച: ഇല്ലാ ട്ടോ.. ഈ മട്ടിലായിരുന്നു ട്വീറ്റുകൾ. ഒടുവിൽ 20 ദിവസം കാത്തു മടുത്തപ്പോൾ അവർ നിർത്തി. ഇനി സാധനം വെളിയിൽ വന്നശേഷം എന്നായിരുന്നു അവസാന ട്വീറ്റ്. 22 ദിവസം എന്ന ബ്രിട്ടീഷ് റെക്കോർഡും മറികടന്നിരിക്കുകയാണ് പ്രതി. തൊണ്ടി കിട്ടാത്തതിനാൽ ഇയാളുടെ കസ്റ്റഡി പലതവണ പൊലീസ് നീട്ടി വാങ്ങുകയായിരുന്നു. ട്വിറ്ററിന് ആഘോഷിക്കാൻ കിട്ടിയ അവസരം കൂടിയായി സംഭവം. 

Read more: Lifestyle Malayalam Magazine, Valentines Day