Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ചിരിയിലുണ്ട് ആറ് ഗുണം

Smile

മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണത്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാൻ തുടങ്ങിയതോടെ ചിരികൾ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ചിരി കൊണ്ടുള്ള ആറ് നേട്ടങ്ങൾ ഇതാ...

1) ചിരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന എൻഡോർഫിനുകൾ സമ്മർദ്ദം കുറച്ച് നിങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കും. ചിരിക്കുന്നതിനനുസരിച്ച് മുഖത്തെ മസിലുകൾക്കു വരുന്ന മാറ്റം തലച്ചോർ മനസിലാക്കിയാണ് എൻഡോർഫിനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ എൻഡോർഫിനുകൾ ശരീരത്തിലെ സ്വാഭാവിക വേദനാ സംഹാരികൾ എന്നാണു പറയാറുള്ളത്.

2) എൻഡോർഫിനുകൾ ഉൽപ്പാദിക്കപ്പെടുന്നതിനനുസരിച്ച് സമ്മർദ്ദം ഉണ്ടാക്കുന്ന ഹോർമോൺ ആയ കോർട്ടിസോൾ കുറഞ്ഞുവരും. കോർട്ടിസോൾ കുറയുന്നതിലൂടെ മാനസികോല്ലാസം വർധിക്കും.

3) ചിരിക്കുന്നതിനനുസരിച്ച് ശ്വാസകോശം വികസിക്കുകയും ശരീരത്തിലെ മസിലുകൾ വലിയുകയും ചെയ്യും. ഇതു വ്യായാമം ചെയ്യുന്നതിനു തുല്യമാണ്.

4) വികാരങ്ങളെ പുറംതള്ളാൻ ഏറ്റവും ഉത്തമമായ മാർഗമാണ് ചിരി. മനസിനെ വിഷമിപ്പിക്കുന്ന വികാരങ്ങളെയെല്ലാം നീക്കാൻ ഒരു ചിരിയ്ക്കു കഴിയും. ഒരു നല്ല ചിരിയോടെ കഠിനമായതെന്തും ലളിതമായി തോന്നിക്കും.

5) മറ്റൊരാളോടു പെരുമാറുന്നതുപോലെ തന്നെ ഏറ്റവും നന്നായി ആശയവിനിമയം കൈമാറാനുള്ള ഉപാധി കൂടിയാണ് ചിരി. നിങ്ങൾ ഒരു നല്ല ചിരിയ്ക്ക് ഉടമയാണെങ്കിൽ ബന്ധങ്ങൾ തേടിവരും. കാർമേഘം ഇരുണ്ടതു പോലെയുള്ള മുഖങ്ങളേക്കാൾ ആളുകൾക്കു പ്രിയം ചിരിയുള്ള പ്രസന്നമായ മുഖമാണ്.

6) ജീവിതത്തിലെ ഉയർച്ചകളിലും ഒരു ചിരിയ്ക്കു പങ്കുണ്ട്. ജോലിസംബന്ധമായ ഇന്റർവ്യൂകൾ, സെമിനാറുകൾ തുടങ്ങിയവയെല്ലാം ഒരു നല്ല ചിരിയോടെ പ്രസന്നതയോടെ തുടങ്ങാൻ കഴിഞ്ഞാൽ പകുതി വിജയിച്ചുവെന്ന് തീർച്ചയാക്കിക്കോളൂ. നിങ്ങൾക്കും നിങ്ങളെ വീക്ഷിക്കുന്നവർക്കും പോസിറ്റീവ് എനർജി പകരാൻ ചിരിയുള്ള മുഖത്തിനു മാത്രമേ കഴിയൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.