Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂക്കം 350 കിലോ, ചരിത്രത്തിൽ ഇടം നേടിയ സമൂസ!

big-samoosa 350 കിലോ ഭാരമുള്ള സമൂസ

സമൂസ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. ചരിത്രത്തില്‍ ഇടം നേടിയ ഒരു സമൂസ നിങ്ങള്‍ക്കായി അങ്ങ് ഉത്തര്‍പ്രദേശില്‍ കാത്തിരിക്കുന്നു. എന്താണ് സംഭവം എന്നല്ലേ? ഉത്തര്‍പ്രദേശിലെ ഒരുകൂട്ടം യുവാക്കള്‍ ഒരു സമൂസയുണ്ടാക്കി. സമൂസയുണ്ടാക്കിയതാവട്ടെ ലോക റെക്കോർഡ് മുന്നില്‍ കണ്ടുകൊണ്ടും. അതുകൊണ്ടു തന്നെ ഈ ഭീമന്‍ സമൂസയുടെ ഭാരം എത്രയെന്ന് അറിയാമോ? വെറും 350 കിലോ!

പറയുന്ന പോലത്ര എളുപ്പമായിരുന്നില്ല ഈ ഭക്ഷണപ്രേമികളുടെ സമൂസ നിര്‍മ്മാണം. അമ്പതിനായിരും രൂപയാണ് സമൂസയുണ്ടാക്കാന്‍ വേണ്ടിവന്ന ചെലവ്. വേണ്ടി വന്ന സാധനങ്ങളുടെ കണക്കു പരിശോധിച്ചാലോ, ഏകദേശം ഒരു കല്യാണ സദ്യയ്ക്കുള്ള പച്ചക്കറികള്‍ എന്ന് പറയാം. 350 കിലോഗ്രാം ഭാരം വരുന്ന ഭീമന്‍ സമൂസയല്ലേ ലക്ഷ്യം, ഇതിനായി വാങ്ങേണ്ടി വന്നതു മുന്നൂറു കിലോ ഉരുളന്‍കിഴങ്ങ്, ഇരുനൂറ് കിലോ ധാന്യമാവ്, 20 ലിറ്റര്‍ ഓയില്‍, 5 കിലോ ഉപ്പ് എന്നിവയാണ്. ഇനി ഇതിനായി ചെലവഴിച്ച സമയമാകട്ടെ 14 മണിക്കൂറും. മണിക്കൂറുകള്‍ നീണ്ട പാചകത്തിന് ശേഷം 30 മേശകള്‍ നിരത്തിയിട്ട് അതിന്മേലാണ് ഭീമന്‍ സമൂസ വച്ചത്.

ബ്രിട്ടണിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ നിലവിലുണ്ടായിരുന്ന  റെക്കോര്‍ഡ് ആണ് ഉത്തര്‍പ്രദേശിലെ  മഹാരാജ്ഗഞ്ച് ജില്ലയിലെ 12 അംഗ ടീം തങ്ങളുടെ പേരില്‍ക്കുറിച്ചത്. 110 കിലോഗ്രാമായിരുന്നു നിലവിലെ  ബ്രിട്ടീഷ് റെക്കോര്‍ഡ്. ലോകഭൂപടത്തില്‍ മഹാരാജ്ഗഞ്ചിന്  തന്റേതായ ഇടം നല്‍കുന്നതിനായാണ് ഈ യുവാക്കള്‍ ഭീമന്‍ സമൂസ നിര്‍മ്മിച്ചത്. ലോക റെക്കോര്‍ഡ്‌ ഇട്ടതോടെ യുവാക്കളുടെ ആ ആഗ്രഹം പൂര്‍ത്തിയായി. 

അതുമാത്രമല്ല സംസ്ഥാനത്ത് വികസന  പ്രവര്‍ത്തനങ്ങളില്‍ നടക്കുമ്പോള്‍ കടുത്ത അവഗണന നേരിടുന്ന ഈ ജില്ലയെ സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് ഈ യുവാക്കള്‍ കരുതുന്നു. ഇവിടെ ജനങ്ങള്‍ക്ക്  നല്ല റോഡുകളോ കുടിവെള്ളമോ ഇല്ല. പൂര്‍ണ്ണമായും വൈദ്യുതിയുള്ള  ഒരു ദിനം ഇപ്പോഴും ഈ നാട്ടിലെ ജനങ്ങളുടെ  വിദൂരസ്വപ്‌നമാണ് . ഭീമന്‍ സമൂസയിലൂടെ ഈ കുറവുകള്‍ എല്ലാം മായ്ക്കപ്പെടും എന്നാണ് ഈ നാട്ടുകാരുടെ പ്രതീക്ഷ. 

Your Rating: