Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടികൾക്കിടയിൽ പ്രേതം; ഞെ‍ട്ടിപ്പിക്കുന്ന ഫോട്ടോ !

Ghost Hand താഴെ നിന്നു രണ്ടാമത്തെ നിരയിൽ ഏറ്റവും വലത്തേയറ്റത്തു നിൽക്കുന്ന പെൺകുട്ടിയുട‌െ ചുമലിൽ ഒരു കൈ, പക്ഷേ ആ കൈയുടെ ഉടമ മാത്രം ചിത്രത്തിലില്ല.

പ്രണയിച്ച പുരുഷനെ കൈവിട്ടു കളയാനാഗ്രഹിക്കാത്ത വിധം ചുമലിൽ കയറിയിരിക്കുന്ന ആ പെൺകുട്ടി. മരണത്തിനു പോലും തോൽപിക്കാനാകാത്ത ആ പ്രണയത്തിന്റെയും പ്രേതത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ ‘ഷട്ടർ’ എന്ന ഹോളിവുഡ് ചിത്രം സമ്മാനിച്ച ഞെട്ടൽ ഇപ്പോഴും പലരിൽ നിന്നും വിട്ടുപോയിട്ടുണ്ടാകില്ല. പക്ഷേ സിനിമയെയും വെല്ലുന്ന കാഴ്ചയാണ് ഒരു ഫോട്ടോയിലൂടെ ലോകത്തിനു മുന്നിലേക്ക് ഇപ്പോഴെത്തിയിരിക്കുന്നത്. അതും നൂറു വർഷം മുൻപെടുത്ത ഒരു ഫോട്ടോ.

വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ വച്ച് 1900ത്തിലെടുത്ത ഒരു കൂട്ടം വസ്ത്രനിർമാണ ഫാക്ടറിത്തൊഴിലാളികളുടെ ചിത്രമായിരുന്നു അത്. 15 പേരടങ്ങുന്നതാണ് ചിത്രം. എല്ലാവരും അവരുടെ യൂണിഫോമിൽ, പലരും കൈ പിണച്ചുകെട്ടി, ചിരിതൂകി നിൽക്കുന്ന ഫോട്ടോ. അയർലൻഡിലെ പഴയകാല തൊഴിൽശാലകളെ പരിചയപ്പെടുത്തുന്ന ഫോട്ടോപ്രദർശനത്തിലായിരുന്നു ഈ ചിത്രം ആദ്യമെത്തിയത്. അന്നൊന്നും പക്ഷേ ആരും ശ്രദ്ധിച്ചില്ല. ഒരുദിവസം ബെൽഫാസ്റ്റ് ലൈവ് എന്ന ചാനലിലേക്കൊരു സന്ദേശമെത്തി. ഒപ്പം ഈ ഫോട്ടോയും.

‘സൂക്ഷിച്ചൊന്നു പരിശോധിക്കൂ. എന്തെങ്കിലും അസ്വാഭാവികത കാണുന്നുണ്ടോയെന്നായിരുന്നു’ ലിൻഡ എന്ന പെൺകുട്ടി അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. 15 പേരുടെയും മുഖം സസൂക്ഷ്മം നിരീക്ഷിച്ച ചാനൽ പ്രവർത്തകർ ഒരു കാഴ്ചയ്ക്കു മുന്നിൽ ഞെട്ടിത്തരിച്ചിരുന്നു പോയി. താഴെ നിന്ന് രണ്ടാമത്തെ നിരയിൽ ഏറ്റവും വലത്തേയറ്റത്തു നിൽക്കുന്ന പെൺകുട്ടി. അവളുടെ ചുമലിൽ ഒരു കൈ. പക്ഷേ ആ കൈയുടെ ഉടമ മാത്രം ചിത്രത്തിലില്ല. എലൻ ഡോണെല്ലി എന്നു പേരുള്ള ആ ഫോട്ടോയിലെ പെൺകുട്ടി ചാനലിലേക്ക് സന്ദേശമയച്ചു തന്ന ലിൻഡയുടെ മുത്തശ്ശിയായിരുന്നു.

ഫോട്ടോയിൽ എലന്റെ പിറകിൽ നിൽക്കുന്ന പെൺകുട്ടി കൈകെട്ടിയാണു നിൽക്കുന്നത്. അവരുടെ കൈ അല്ലെന്നത് വ്യക്തം. എലന്റെ ഇടതുവശത്താണെങ്കിൽ ആരും തന്നെയില്ല. ലൈറ്റിങ്ങിന്റെ പ്രശ്നമോ അല്ലെങ്കിൽ ആരുടെയെങ്കിലും മുടിയാണോ അതോ വസ്ത്രത്തിന്റെ ഭാഗമാണോ എന്നെല്ലാം പരിശോധിച്ചു. പക്ഷേ ഒന്നും ചേരുന്നില്ല. ഫോട്ടോയിൽ കൃത്രിമമൊന്നും നടന്നിട്ടില്ലെന്നും പരിശോധനയിൽ തെളിഞ്ഞു. എന്താണ്, ആരുടെയാണ് ആ കൈ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ബെൽഫാസ്റ്റ് ലൈവ് ഒരു പൊതുചർച്ചയും സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും ഈ ‘പ്രേതഫോട്ടോ’ വൈറലായി. ഫോട്ടോയിലെ ഓരോരുത്തരുടെയും മുഖഭാവങ്ങൾ വരെ വിശകലനം ചെയ്യപ്പെട്ടു.

ആ കൈ അല്ലാതെ വേറൊരു തരത്തിലുള്ള ‘പ്രേത’ സാന്നിധ്യവും ചിത്രത്തിലില്ല താനും. മുത്തശ്ശിയുടെ ഈ ഫോട്ടോ നൂറു വർഷമായി ലിൻഡയുടെ വീട്ടുചുമരിലുണ്ട്. പക്ഷേ ഇന്നേവരെ അവിടെ അസ്വാഭാവിക സംഭവങ്ങളും നടന്നിട്ടില്ല. എന്തൊക്കെയാണെങ്കിലും നീളൻ വിരലുകളും നഖങ്ങളുമെല്ലാമുള്ള ആ അസാധാരണ ‘ പ്രേതക്കൈ’ ഉത്തരം കിട്ടാതെ ഇപ്പോഴും എലന്റെ ചുമലിൽത്തന്നെ ഉറച്ചു നിൽക്കുകയാണ്.
 

Your Rating: