Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിനെ വളർത്തിയത് വീടിനുള്ളിൽ, ഒടുവിൽ... വിഡിയോ വൈറൽ!

cow

നമ്മുടെ ദാസനും വിജയനും മാത്രമല്ല പശുവിനെ വളർത്തി പണി കിട്ടിയിട്ടുള്ളത്.. അങ്ങു പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള മൃഗസ്നേഹിയായ ഇജാസ് അഹമ്മദിനും പശുവിനെക്കൊണ്ടു മുട്ടൻ പണികിട്ടി. കാര്യം എന്താണന്നല്ലേ.. സാധാരണ ആളുകൾ ഓമന മൃഗങ്ങളായ പട്ടിയേയും പൂച്ചയേയുമൊക്ക വീട്ടിനുള്ളിൽത്തന്നെയാണ് വളർത്താറ്. നമ്മുടെ കഥാനായകനും അതു തന്നെയാണ് ചെയ്തത്. തനിക്കു പ്രിയപ്പെട്ട മൃഗങ്ങളെ വീട്ടിനുള്ളിൽത്തന്നെ വളർത്തി. പക്ഷേ കക്ഷി വളർത്തിയത് ഒരു പശുവിനേയും കാളയേയുമാണെന്നു മാത്രം.

2012 ലാണ് ഇയാൾ ഒരു പശുവിനേയും കാളയേയും വാങ്ങുന്നത്. സ്ഥലപരിമിതി മൂലം തന്റെ നാലു നില കെട്ടിടത്തിന് മുകളിൽ അവയ്ക്ക് തൊഴുത്തൊരുക്കുകയായിരുന്നു. നാലുവർഷം വലിയ കുഴപ്പമൊന്നുമില്ലാതെ കടന്നു പോയി. പുള്ളിയുടെ മൃഗസ്നേഹമൊക്കെ പതിയെ കുറഞ്ഞു തുടങ്ങി. പുരപ്പുറത്ത് മൃഗങ്ങളെ വളർത്തുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്ന് ആൾക്കു മനസിലായി.

രണ്ടിനേയും എങ്ങനെയെങ്കിലും താഴെയിറക്കിയാൽ മതിയെന്നായി. സ്റ്റെയർ കെയ്സ് വഴി താഴെയിറക്കാൻ നോക്കി. നാലുവർഷം മുന്‍പ് വാങ്ങിയ പശുക്കുട്ടിയും കാളക്കുട്ടിയുമല്ലല്ലോ അവ ഇപ്പോൾ, വളർന്നു മുട്ടനായ അവ സ്റ്റെയർ കെയ്സിൽ കുടുങ്ങി നിന്നതല്ലാതെ താഴെ ഇറക്കാൻ പറ്റാതായി. പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും രക്ഷയില്ല. പിന്നെ ഒന്നും നോക്കിയില്ല എമർജൻസി സർവീസിനെ വിവരം അറിയിച്ചു.

പിന്നെ നടന്നതാണ് ലോക ശ്രദ്ധ നേടിയത്. എമർജൻസി സർവീസുകാർ സർവ സന്നാഹങ്ങളുമായെത്തി. പാവം പശുവും കാളയും അതാ ക്രെയിനിൽ തൂങ്ങി ആകാശമാർഗം നിലം തൊട്ടു. സംഗതി ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലും പോസ്റ്റി. നൂറുകണക്കിനാളുകളാണ് വ്യത്യസ്തമായ രക്ഷാപ്രവർത്തനം കാണാൻ തടിച്ചുകൂടിയത്. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നതെന്ന് എമർജൻസി സർവീസുകാർ പറയുന്നു. പശുവളർത്തലിൽ വ്യത്യസ്തമാർഗം തേടിയ ഇജാസ് അഹമ്മദ് സ്റ്റാറായി എന്നു പറഞ്ഞാൽ മതിയല്ലോ.

Your Rating: