Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ ഹീറോ, ബേസ്ബോൾ ബാറ്റിൽ നിന്നും മകനെ രക്ഷിച്ചത് തലനാരിഴയ്ക്ക്!

baseball-1 പറന്നുവരുന്ന ബേസ്ബോൾ ബാറ്റിൽ നിന്നും മകനെ രക്ഷിക്കുന്ന അച്ഛൻ

ആവോളമുള്ള സ്നേഹത്തിന് ഒരു അളവും വയ്ക്കാതെ തുറന്നു പ്രകടിപ്പിക്കുന്നവരാണ് അമ്മമാരെങ്കിൽ ഉറവ വറ്റാത്ത സ്നേഹം ഉള്ളിലൊളിപ്പിച്ചു നടക്കുന്നയാളാണ് അച്ഛൻ. കരുതലിന്റെയും ശിക്ഷണത്തിന്റെയും ആൾരൂപവും വഴികാട്ടിയുമൊക്കെയായ ആ അച്ഛന്‍ തന്നെയായിരിക്കും മക്കൾക്ക് ഒരു ആപത്തു സംഭവിക്കുമ്പോൾ പതറാതെ മുന്നിൽ നിൽക്കുക. ഇതു വ്യക്തമാക്കുന്നൊരു ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. മകന്റെ മുഖത്തേയ്ക്കു പാഞ്ഞടുക്കുന്ന ബേസ്ബോൾ ബാറ്റിനെ സമയോചിതമായി ഇടപെട്ട് തട്ടിത്തെറിപ്പിച്ചിരിക്കുകയാണ് ഈ അച്ഛൻ. സംശയിക്കണ്ട ഇതോടുകൂടി ഈ മകന്റെ സൂപ്പർ ഹീറോ തന്നെ ആയിട്ടുണ്ടാവും അച്ഛന്‍.

baseball പറന്നുവരുന്ന ബേസ്ബോൾ ബാറ്റിൽ നിന്നും മകനെ രക്ഷിക്കുന്ന അച്ഛൻ

അമേരിക്കയിലാണ് സംഭവം അരങ്ങേറിയത്. ഫ്ലോറിഡ സ്വദേശിയായ ഷോൺ കണ്ണിങാം ആണ് മകനായ ലാൻഡനിനെ ബേസ്ബാൾ കളി കാണാൻ കൊണ്ടുപോയത്. തന്റെ ഒമ്പതാം പിറന്നാളാഘോഷത്തിനായി അച്ഛനൊപ്പം കറങ്ങാനിറങ്ങിയതായിരുന്നു അവൻ. അറ്റ്ലാന്റാ ബ്രേവ്സും പിറ്റ്സ്ബർഗ് പൈറേറ്റ്സും തമ്മിൽ നടക്കുന്ന മത്സരത്തിനിടയിലാണ് പൈറേറ്റ്സ് കളിക്കാരനായ സിഎഫ് ആൻഡ്രൂ മകചൻ സ്വങിന്റെ ബാറ്റ് നിയന്ത്രണംവിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നത്. പക്ഷേ അമ്മയ്ക്കു കളിയുടെ പടങ്ങൾ ഫോണിലൂടെ അയച്ചു കൊടുക്കുന്ന ലാൻഡൻ ഇതു കണ്ടതേയില്ല. എന്നാൽ കളി കാണുന്നതിനൊപ്പം മകന്റെ ഓരോ ചലനവും വീക്ഷിക്കുകയായിരുന്ന ഷോൺ മകന്റെ നേര്‍ക്കു പറന്നുവരുന്ന ബാറ്റു കാണുകയും അതിനെ കൈ കൊണ്ടു തട്ടിമാറ്റുകയുമായിരുന്നു.

ഒരച്ഛന്റെ കരുതൽ വെളിവാക്കുന്ന ദൃശ്യത്തെ തെല്ലും വൈകാതെ ക്യാമറകണ്ണുകളിൽ ഒപ്പിയെടുത്തത് സ്പോർട്സ് ഫോട്ടോജേർണലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ ഹോർണറാണ്. ലാൻഡനിന്റെ തലയ്ക്കു നേർക്കു വരികയായിരുന്ന ആ ബാറ്റു തടഞ്ഞില്ലായിരുന്നുവെങ്കിൽ അന്നത്തെ ആ സന്തോഷദിനം കരച്ചിലിലേക്ക് വഴിമാറേണ്ടതായിരുന്നു. സമയോചിതമായ ഒരച്ഛന്റെ ഇടപെടലാണ് ചിത്രം പറഞ്ഞു തരുന്നത്.