Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃദ്ധസദനത്തിൽ എൺപതുകാരിക്കു ക്രൂരമർദ്ദനം, വിഡിയോ പുറത്ത്

elderly woman

പണം സമ്പാദിക്കാനും സ്വന്തം കുടുംബം കെട്ടിപ്പടുക്കാനുമുള്ള തിരക്കിനിടയിൽ വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ സമയമില്ലാത്തവരുടെ എണ്ണം ഇന്നത്തെ കാലത്തു വർധിക്കുകയാണ്. അതിനു ചുവടുപിടിച്ച് എന്ന പോലെ നമ്മുടെ നാട്ടിലും വൃദ്ധസദനങ്ങളും മറ്റും വർദ്ധിച്ചു വരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ കെട്ടി വയ്ക്കുന്ന തുകയുടെ വലുപ്പമനുസരിച്ച് മാതാപിതാക്കളെ ഇവർ നന്നായി നോക്കും എന്നു വിശ്വസിക്കുന്നവർ ധാരാളം.

അത്തരത്തിൽ വൃദ്ധസദനങ്ങളെ വിശ്വസിച്ചു പാശ്ചാത്യ രീതിയിൽ മാതാപിതാക്കളെ നടതള്ളുന്ന മക്കൾ തായ്‌വാനിൽ നിന്നും പുറത്തുവന്ന ഈ വിഡിയോ ഒന്നു കാണണം. വൃദ്ധസദനത്തിൽ കെയർടേക്കറിന്റെ അടി കൊണ്ട് ഒരമ്മ കരയുകയാണ്. കട്ടിലിൽ നിന്നും താഴെ ഇറങ്ങി, തിരിച്ചു കയറാനും പറ്റുന്നില്ല അതാണ് 80 വയസോടടുത്ത ഈ സ്ത്രീ ചെയ്ത തെറ്റ്.

വളരെ മെലിഞ്ഞ രൂപമുള്ള വൃദ്ധയുടെ കാലിൽ നീരുള്ളതായി കാണാം. ഇക്കാരണത്താൽ അവർക്കു നിലത്തു നിന്നും സ്വയം എഴുന്നേറ്റു കട്ടിലിൽ കയറാൻ സാധിക്കില്ല. എന്നാൽ ഇതു മനസിലാക്കി അവരെ സഹായിക്കാതെ അടിക്കുകയാണ് കെയർടേക്കർ ചെയ്യുന്നത്. സ്ഥാപനത്തിലെ സിസി കാമറയിൽ തന്നെയാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.

ആദ്യം മുഖത്തടിച്ചതോടെ വൃദ്ധ ശരിക്കും ഭയന്നു. തുടർന്നുള്ള അടികൾ ചെറുക്കാനുള്ള വിഫലശ്രമങ്ങൾ നിലത്തിരുന്നുകൊണ്ട് അവർ നടത്തുന്നുണ്ട്. എന്നാൽ മകന്റെ പ്രായമുള്ള ഒരാളിൽ നിന്നും വാർധക്യത്തിൽ ഇത്തരത്തിൽ മർദ്ധനം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ദുഖവും വേദനയും ഭയന്നു വിറച്ച ആ മുഖത്ത് കാണാം.

ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട ഈ വിഡിയോ ഇതിനോടകം ലോകത്തിന്റെ നാനാഭാഗങ്ങളിൽ ചർച്ചയായിരിക്കുകയാണ്. വൃദ്ധയുടെ നിസ്സഹായതയും പ്രായവും രോഗാവസ്ഥയും പരിഗണിക്കാതെ ഇത്രയും ക്രൂരമായി പെരുമാറിയ കെയർടേക്കർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നാണു ലോകം ആവശ്യപ്പെടുന്നത്. കാര്യമെന്തായാലും വൃദ്ധസദനത്തിലേക്ക് മാതാപിതാക്കളെ പറഞ്ഞു വിടും മുൻപ് ഒന്നാലോചിക്കാൻ ഇതൊരു കാരണമാകും.