Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയോയിൽ കൗതുകം പകർന്നു തടിയൻ നീന്തൽതാരം

robel റൊബൽ കിറോസ് ഹബ്‌തെ

നീന്തൽതാരമെന്നൊക്കെ പറയുമ്പോൾ പ്രതീക്ഷിക്കുന്നൊരു ശരീര പ്രകൃതമുണ്ട്. നല്ല ഉയരത്തിൽ ദൃഢമായ പേശികളോടു കൂടിയൊരു ഉശിരൻ ബോഡി. ഓളപ്പരപ്പുകളിൽ മൽസ്യത്തെപ്പോലെ മിന്നിമറയുന്ന വേഗം. ഇതൊക്കെ ഏതു സാധാരണ നീന്തൽക്കാരനിൽനിന്നും പ്രതീക്ഷിക്കുന്നതാണ്. ഒളിംപിക്‌സ് ഒക്കെയാകുമ്പോൾ മൈക്കൽ ഫെൽപ്‌സിനെപ്പോലുള്ള താരമീനുകളുടെ മസിലുകൾ ഭംഗിയേറ്റിയ കരുത്തനാണു മനസ്സിൽ വരിക. എന്നാലിതാ ആകാര സങ്കൽപങ്ങളെ അട്ടിമറിച്ചൊരു നീന്തൽ താരം റിയോയിൽ മൽസരിച്ചു. മൽസരിച്ചെന്നു മാത്രം പറഞ്ഞാൽ പോര, മൽസരിച്ച് അവസാനമെത്തി.

പുരുഷൻമാരുടെ 100 മീറ്റർ ഫ്രീ സ്റ്റൈലിൽ പങ്കെടുത്ത എത്യോപ്യയുടെ റൊബൽ കിറോസ് ഹബ്‌തെയാണ് അൽപം ഉന്തിയ വയറും ഒതുങ്ങാത്ത അരക്കെട്ടുമായി വന്ന് റിയോയിൽ ശ്രദ്ധ നേടിയത്. 59 പേർ മൽസരിച്ചതിൽ അവസാന സ്ഥാനക്കാരനായാണ് റൊബൽ ഫിനിഷ് ചെയ്തത്. പോരാത്തതിനോ എതിരാളികൾ നീന്തിക്കയറുമ്പോൾ റൊബലിനു മുന്നിൽ അരലാപ് ബാക്കിയുണ്ടായിരുന്നു നീന്തിയെടുക്കാൻ. മൽസരിച്ചവരിൽ ഫിനിഷ് ചെയ്യാൻ ഒരു മിനിറ്റിൽ അധികം എടുത്ത ഏക മൽസരാർഥിയും ഈ ഇരുപത്തിനാലുകാരനായിരുന്നു. വിജയിക്കുന്നതിലല്ല, മൽസരിക്കുന്നതിലാണു മഹത്വമെന്ന സന്ദേശം ഉയർത്തി റിയോയിലെ കാണികൾ റുബെലിനെ കനത്ത കൈയടികളോടെയാണ് ഫിനിഷിങ് ലൈനിൽ സ്വീകരിച്ചത്.

അവസാനമായിപ്പോയതിന്റെ സങ്കടം റുബെലിനുമില്ല, ‘എന്റെ നാട്ടിൽ എല്ലാവരും ഓട്ടക്കാരാണ്. എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നപ്പോഴാണ് നീന്തൽ തിരഞ്ഞെടുത്തത്. ഞാൻ പ്രകടനത്തിൽ സന്തുഷ്ടനാണ്’ കന്നി ഒളിംപിക്‌സിനെത്തിയ റുബെൽ പറയുന്നു. അതേ ഒളിംപിക്സ് ജേതാക്കളുടെ മാത്രമല്ല, തോൽക്കുന്നവരുടെകൂടി മേളയാണ്. റുബെലിന്റെ മൽസരശേഷം ഇദ്ദേഹത്തെ കളിയാക്കിയും അനുമോദിച്ചും ഒട്ടേറെ സന്ദേശങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്.