Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിന്റെ പുതിയ ഓഫിസ് കണ്ടോ?

facebook-office-the-wall എഫ്ബി വോൾ

തങ്ങളുടെ ജീവനക്കാരെയെല്ലാം പണിയെടുക്കാൻ സമ്മതിക്കാതെ ചുമ്മാ ചാറ്റാനും പോസ്റ്റാനും സൗകര്യമൊരുക്കുകയാണെന്നാരോപിച്ച് ലോകത്തെ ഒട്ടുമിക്ക കമ്പനികളിലും ഓഫിസുകളിലും ഫെയ്സ്ബുക്ക് ഉപയോഗത്തിന് വിലക്കാണ്. പക്ഷേ മറ്റുള്ള കമ്പനികളിലെ ജീവനക്കാരെ പണിയെടുക്കാൻ സമ്മതിക്കാത്ത ഫെയ്സ്ബുക്ക് സ്വന്തം ജീവനക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ കണ്ടാൽ ഞെട്ടിപ്പോകും. ടാപ്പ് തുറന്നാൽ വെള്ളത്തിനു പകരം ബിയർ, അമ്മമാർക്ക് കുട്ടികളുമായി ഓഫിസിലേക്കു വന്ന് ജോലിയെടുക്കാൻ പ്രത്യേക മുറി, അടിപൊളി അടുക്കള, ഗാ‍ഡ്ജറ്റ് സ്റ്റോർ തുടങ്ങി സിംഗപ്പൂരിൽ ഫെയ്സ്ബുക്ക് അടുത്തിടെ തുറന്ന പുതിയ ഓഫിസിലാണ് മറ്റു കമ്പനികളെ അസൂയപ്പെടുത്തും വിധം വമ്പൻ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഏഷ്യ–പസഫിക് ഹെഡ് ഓഫിസ് കൂടിയാണിത്.

face-book-new-office ഫെയ്സ്ബുക്കിന്റെ ഏഷ്യ–പസഫിക് ഹെഡ് ഓഫിസ്
facebook-office-screen ഇന്ററാക്ടീവ് സ്ക്രീൻ

നേരത്തെ രണ്ടു നില കെട്ടിടത്തിലായിരുന്നു പ്രവർത്തനമെങ്കിൽ ഇത്തവണ അഞ്ചുനില കെട്ടിടത്തിലേക്കാണ് എഫ്ബി ടീം മാറിയിരിക്കുന്നത്. സിംഗപ്പൂരിലെ സൗത്ത് ബീച്ച് ടവറിലെ ഓഫിസിൽ രണ്ടുനില പൂർണമായും സെയിൽസ്–മാർക്കറ്റിങ് ടീമിനു വേണ്ടിയാണ്. ഫിനിഷ് ചെയ്യാത്ത സീലിങ് ആണ് ഓഫിസിന്റെ പ്രത്യേകതകളിലൊന്ന്. ഫെയ്സ്ബുക്ക് ഇപ്പോഴും അതിന്റെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് അടുക്കുന്നേയുള്ളൂ; ആ അപൂർണതയുടെ അടയാളമാണത്രേ ഇത്തരം സീലിങ്. ഫ്ലോറിലെ പണികളും അപൂർണമാണെങ്കിലും അതിനുമുണ്ട് ഒരഴക്.

Justin-Lee-Facebook
mothers-room-facebook

ജീവനക്കാരുടെ ജോലിയും സ്വകാര്യജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ സഹായിക്കും വിധമാണ് ചില നിർമിതികൾ. കുട്ടികളുണ്ടായാലും അവരുമായി ഓഫിസിലെത്താനായി ഒരു മദേഴ്സ് റൂം തന്നെ ഒരുക്കിയിട്ടുണ്ട്. പ്രസവത്തോടെ പല വനിതാജീവനക്കാർക്കും, പ്രത്യേകിച്ച് ഏഷ്യയിൽ, ജോലി രാജിവയ്ക്കേണ്ടി വരുന്ന സാഹചര്യത്തിൽ എഫ്ബിയുടെ നീക്കം ഏറെ പ്രശംസ നേടിയെടുത്തുകഴിഞ്ഞു. സിലിക്കൺ വാലിയിലെ ആസ്ഥാന മന്ദിരത്തിലേതു പോലെത്തന്നെ ഒരുഗ്രൻ അടുക്കളയും അവിടെ ബിയറൊഴുകുന്ന ടാപ്പുമൊക്കെ ഒരുക്കിയിട്ടുണ്ട് ഫെയ്സ്ബുക്ക്. കൂറ്റനൊരു ഇന്ററാക്ടീവ് സ്ക്രീനുമുണ്ട് ഓഫിസിൽ. ഓരോ രാജ്യത്തും എന്തെല്ലാമാണ് എഫ്ബിയിൽ ട്രെൻഡായിരിക്കുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ തത്സമയം ഈ സ്ക്രീനിൽ കാണാം.

facebook-office-kitchen കിച്ചൻ

മൗസോ ഹാർഡ് ഡിസ്കോ പെൻഡ്രൈവോ ഒക്കെ മറന്നാൽ ഓഫിസ് ഐഡി കാർഡ് ഉപയോഗിച്ച് പുതിയത് പർച്ചേസ് ചെയ്യാനുള്ള സ്റ്റോർ സൗകര്യവുമുണ്ട്. സിംഗപ്പൂരിലെ ആർടിസ്റ്റുമാരെക്കൊണ്ട് വരപ്പിച്ച ചിത്രങ്ങളും കാണാം ചുമരുകളിൽ. ഒരു വലിയ ചുമരു നിറയെ സന്ദർശകർക്ക് എന്തും എഴുതാവുന്ന ‘എഫ്ബി വോൾ’ ആക്കിയും മാറ്റിയിരിക്കുന്നു. ആന്റിഗ്രാവിറ്റി റൂം എന്നൊരു സംഗതിയുമുണ്ട്. അവിടെ നിന്ന് ഒരു ഫോട്ടോയെടുത്ത് ചരിച്ചുപിടിച്ചു നോക്കിയാൽ സ്പെയ്സ് സ്റ്റേഷനിൽ പെട്ടതു പോലെ തോന്നും.

Facebook-Antigravity ആന്റിഗ്രാവിറ്റി റൂം

കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർക്കായി തുറന്നു കൊടുത്ത ഓഫിസിൽ പലയിടത്തും ഒട്ടേറെ ഒഴിഞ്ഞ കസേരകളും മേശകളും കാണാമായിരുന്നു. ചുമ്മാതെ ഭംഗിയ്ക്ക് ഇട്ടിരിക്കുന്നതൊന്നുമല്ല അത്. സിംഗപ്പൂരിലെ ഓഫിസിലേക്ക് റിക്രൂട്ട്മെന്റിനും ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. നാൽപതോളം തസ്തികകളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.