Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വീടുകളിൽ ശരിക്കും പ്രേതമുണ്ടായിരുന്നോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഞെട്ടിക്കും ഈ അന്വേഷണം!

Ghost Representative Image

ലോകത്തിന്റെ ഏതൊക്കെയോ ഇടങ്ങളിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു...

നമ്മളിപ്പോൾ പോകുന്നത് മീനച്ചിലാറിന്റെ തീരത്തെ ആ വീട്ടിലേക്കാണ്. റെയിൽവേ പാലത്തിൽ നിന്നു നോക്കിയാൽ കാണാം പേടിച്ചുവിറച്ചു നിൽക്കുന്ന ആ രണ്ടു നിലക്കെട്ടിടം. ഉറപ്പാണ്, ആ വീട്ടിൽ താമസക്കാരല്ലാതെ മറ്റാരോ ഉണ്ട്. രാത്രികളിൽ അടുക്കളവാതിലിനരികെ ഇളകിയാടുന്ന പോലെ ഒരു രൂപം വരും. കർട്ടൻ നീങ്ങിക്കിടക്കുമ്പോൾ ജനൽ ചില്ലിനു പുറത്ത് വെളുത്ത നിറമുള്ളതെന്തോ ഒാടിപ്പോകും. ബാത്ത്റൂം വാതിൽ ഉറക്കെ അടയും, കുറ്റിവീഴും... പുറകിലാരോ നിൽക്കുന്നതു പോലെ, ചുമരിൽ മറ്റാരുടെയോ നിഴലുകൾ...

പുറ‍ത്ത് നല്ല നിലാവാണ്. നടക്കുമ്പോൾ കാലടി ശബ്ദത്തിനൊപ്പം മറ്റെന്തോ കൂടി കേൾക്കുന്നുണ്ടോ? പതുക്കെ വീശുന്ന കാറ്റിന് ഒരു മൂളലുണ്ട്... പെട്ടെന്നാണ് ഇരുട്ടിൽ തീക്കട്ടപോലെ എന്തോ ഒന്ന്... അടുത്ത നിമിഷം കാലിനടുത്തേക്ക് പാഞ്ഞു കയറി. വലിയൊരു പൂച്ച വല്ലാത്തൊരു ശബ്ദത്തിൽ കരഞ്ഞു കൊണ്ട് ഒാടി മറഞ്ഞു. വിറച്ചുപോയി.
ചന്ദ്രനിലും ചൊവ്വയിലും എന്ന് താമസിക്കാനാകും എന്ന് ആലോചിച്ചിരിക്കുന്ന ഇന്നത്തെ കാലത്ത് ബാധ, പ്രേതം, പിശാച് എന്നൊക്ക പറഞ്ഞാൽ ആരു വിശ്വസിക്കുമെന്നാണോ? അങ്ങനെ ചിന്തിക്കുന്നവർ ഗൂഗിളിൽ ഒന്നു പ്രേതത്തെ തിരഞ്ഞു നോക്കു...

വിഡിയോകളും ചിത്രങ്ങളുമായി ‍പ്രേതം ഹൗസ്ഫുൾ ആണ്. പ്ലേ സ്റ്റോർ തുറന്നു നോക്കൂ, അവിടെ പ്രേതത്തിന്റെ ഫോട്ടോ പിടിക്കാനുള്ള നിരവധി ആപ്ലിക്കേഷനുകൾ കാണാം. അതുപയോഗിച്ച് ചിത്രമെടുത്താൽ നമുക്കരികിൽ നിൽക്കുന്ന േപ്രതത്തിനെ കാണാൻ കഴിയുമത്രെ. കോൺജ്വ റിങ് 2 ലെ സന്യാസിനി, പ്രേതം സിനിമയിലെ പെൺകുട്ടി, ആടുപുലിയാട്ടത്തിലെ പ്രേതബാധ, സെറ്റിൽ പ്രേതമിറങ്ങിയതു മൂലം ചിത്രീകരണം നിർത്തേണ്ടി വന്നുവെന്നു പറയപ്പെടുന്ന എസ്ര... അങ്ങനെ സിനിമയിലും പ്രേതമിറങ്ങിക്കൊണ്ടേയിരിക്കുന്നു. യൂട്യൂബിലുമുണ്ട് കോമ്പല്ലിൽ നിന്ന് ചോരയിറ്റുവീഴുന്ന നൂറുകണക്കിനു പ്രേത ഷോർട്ഫിലിമുകൾ...

Ghost Representative Image

ഗാർഡിയൻ ഗോസ്റ്റ്

ഇത്രയും ലോകകാര്യങ്ങൾ ഒാർത്തത് പോകുന്ന വഴിയിൽ പേടിക്കുന്നതൊന്നും കാണാതിരിക്കാനാണ്. ഒടുവിൽ വഴി തെറ്റാതെ ആ വീടെത്തി, മുറ്റത്തെ ഇരുട്ടിൽ നിന്ന് പെട്ടെന്ന് അയാൾ വന്നു– ആ വീടിന്റെ മുകൾ നിലയിലെ താമസക്കാരൻ. ബാച്ച്ലറാണ്.
‘‘ ഇവിടെ ശരീരമില്ലാത്ത ഒരാൾ കൂടി താമസിക്കുന്നുണ്ട്. എന്നെ ഇതുവരെ ഉപദ്രവിച്ചിട്ടില്ല. അതുകൊണ്ട് ‘ഗാർഡിയൻ ഗോസ്റ്റ്’ എന്നാണ് ‍ഞാൻ വിളിക്കുന്നത്, ഞാന്‍ നേരിൽ കണ്ടിട്ടുമുണ്ട്. ഒരിക്കൽ എന്റെ കണ്ണട ജനലിന്റെ ഏറ്റവും മുകളിലെ കമ്പിയിൽ നിന്നാണ് കിട്ടിയത്. ആരാണ് അവിടെ വച്ചതെന്നറിയില്ല. അടുക്കളയിലെ ബൾബ് തനിയെ കത്തുന്നതും നിഴൽരൂപങ്ങൾ കണ്ടതും അങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരു ദിവസം ബാൽക്കണിയിൽ നിൽക്കുന്നതു കണ്ടു. വെളുത്ത് പുകപോലെ, പിന്നയത് ഒരു സ്ത്രീരൂപമാണെന്ന് തോന്നി. കാണുമ്പോഴേ കൈകളിലെ രോമങ്ങളൊക്കെ എഴുന്നേറ്റു നിൽക്കും. ഞാനന്ന് രണ്ടും കൽപിച്ച് ഫോട്ടോ എടുക്കാൻ നോക്കി. രണ്ടാമത്തെ ക്ലിക്കിൽ ഫോൺ ഒാഫായിപ്പോയി, പിന്നെ ആ മൊബൈൽ ഒാൺ ആയില്ല. അതിനെ പ്രകോപിപ്പിക്കാന്‍ പോയാൽ പ്രശ്നമാണ്. എന്റെ സുഹ‍ൃത്ത് പ്രേതത്തിനെ കാണാൻ ഒരു ദിവസമെത്തി. ഇതു പോലെ നിലാവുള്ള രാത്രി. ഞങ്ങൾ ബാൽക്കണിയിൽ കസേരയിട്ട് ഇരിക്കുകയാണ്. ക്ലോക്കിൽ പന്ത്രണ്ടു മണി അടിച്ചു. പെട്ടെന്നാണ് കണ്ടത്, അവന്റെ കസേരയ്ക്ക് പിന്നിൽ‌ ഒരു രൂപം നിൽക്കുന്നു. എനിക്ക് ശബ്ദം പുറത്തു വന്നില്ല. ഉള്ളിൽ കിടക്കുന്ന ലഹരിക്കു പുറത്ത് അവൻ പറഞ്ഞു, ‘‘നിനക്ക് ഭ്രാന്താണ്, ഇവിടെ ഒന്നുമില്ല.’’ പറഞ്ഞു തീർന്നതും അകത്തെ മുറിയിൽനിന്ന് കാതടപ്പിക്കുന്ന ശബ്ദമുണ്ടായതും ഒരുമിച്ച്. എന്തോ വലിച്ചു നീക്കുന്നതു പോലെ. വിറച്ചുകൊണ്ട് ഞങ്ങൾ മുറിക്കുള്ളിലേക്ക് ചാടിക്കയറി. ഞെട്ടിപ്പോയി. ചുമരിനോ‍ടു ചേർന്നു കിടന്ന കട്ടിൽ ആരോ വലിച്ചു നീക്കിയിട്ടിരിക്കുന്നു. ഒരാൾ ഒറ്റയ്ക്ക് പിടിച്ചാൽ ആ കട്ടിൽ അനങ്ങില്ല. ചുമരിനരികിലേക്കു ചേർത്തിടാൻ ഞങ്ങള്‍ രണ്ടുപേരും നോക്കിയെങ്കിലും സാധിച്ചില്ല. കൂട്ടുകാരനു പിന്നെ, ഉറങ്ങാനായില്ല. ഒടുവിലെപ്പോഴോ ഉറങ്ങിയപ്പോഴായിരുന്നു അതുണ്ടായത്. ഇടതു തോളിനിട്ട് ആരോ ആഞ്ഞടിച്ചു. വേദനയിൽ പുളഞ്ഞ്, അലറിക്കരഞ്ഞ് അയാൾ പുറത്തേക്കോടി. ലൈറ്റിട്ടു നോക്കിയപ്പോൾ തോൾഭാഗം ചുവന്നു കിടക്കുന്നുണ്ടായിരുന്നു.’’ പേടി കൊണ്ട് വാക്കുകൾ വിറച്ചിരുന്നു.

വേലക്കാരികൾക്ക് എന്തുസംഭവിക്കുന്നു ?

ഇനി മറ്റൊരു വീട്ടിലേക്ക്. തിരുവനന്തപുരത്തുള്ള ഒരു ക്ഷേത്രക്കുളത്തിനടുത്താണ് ആ വീട്. ഉടമസ്ഥനും ഭാര്യയും ജോലിക്കാരും. വീടുതാമസം കഴിഞ്ഞപ്പോൾ‌ മുതൽ പ്രശ്നങ്ങളായിരുന്നു. കുഴപ്പങ്ങളൊന്നും പക്ഷേ, വീട്ടുകാർക്കല്ല, ജോലിക്കാരികൾക്കായിരുന്നു. രാത്രിയിൽ പട്ടി ഒാരിയിടാൻ തുടങ്ങും. അതോടെ ജോലിക്കാരിയുടെ മുറിയുടെ ജനാലച്ചില്ലിനു പുറത്ത് വെളുത്ത രൂപങ്ങൾ മിന്നി മറയും മുറിക്കുള്ളിൽ കാൽപെരുമാറ്റങ്ങൾ കേൾക്കും... ഉറങ്ങിക്കിടക്കുമ്പോൾ കട്ടിലിനടിയിൽ നിന്ന് നീണ്ട വിരലുകൾ വന്ന് കഴുത്തിൽ ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കും..... ചില ശബ്ദങ്ങൾ, അലർച്ചകൾ, ഞരക്കങ്ങൾ...

ആ വീട്ടിൽ ജോലിക്കു വന്ന മൂന്നു സ്ത്രീകൾക്കും ഒരേ അനുഭവങ്ങളാണുണ്ടായത്. പനിപിടിച്ചും പേടി കൂടി മാനസിക പ്രശ്നങ്ങൾ ബാധിച്ചുമാണ് അവരെല്ലാം പോയത്. അതോടെ വീട്ടിനുള്ളിൽ പ്രേതങ്ങളുണ്ടെന്ന വാർത്ത പരന്നു. ഈ രണ്ടു വീടിനെയും നമുക്ക് ഡോ. ജോർജ് മാത്യുവിനു മുന്നിൽ വയ്ക്കാം. പ്രശസ്ത പാരാസൈക്കോളജിസ്റ്റായ ഡോ. ജോർജ് മാത്യു പ്രേതങ്ങൾക്കു പിറകേ ഉള്ള സഞ്ചാരം തു‍ടങ്ങിയിട്ട് അരനൂറ്റാണ്ടായി. ഇന്ത്യയ്ക്ക് അകത്തു പുറത്തും പ്രേത സാമീപ്യമുള്ള ഇടങ്ങളിൽ ഡോക്ടർ താമസിച്ചിട്ടുണ്ട്, പ്രേതാനുഭവങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്. ഡോ. ജോർജ് മാത്യു പറയുന്നു– ‘‘പ്രേതത്തെ ഞാൻ നേരിൽ കണ്ടിട്ടില്ല. ചില സാഹചര്യങ്ങളിൽ നിർവചിക്കാനാകാത്ത ചില ശബ്ദങ്ങളും മറ്റും കേട്ടിട്ടുണ്ട്. ഒരു പഴയ വീട്ടിലോ കൊട്ടാരത്തിലോ ഒക്കെ പോകുമ്പോൾ ആ സ്ഥലത്ത് മുൻപു നടന്ന സംഭവങ്ങൾ ചിലർ കാണാനിടയുണ്ട്.

ഉദാഹരണത്തിന് തൂങ്ങിമരണം ഉണ്ടായ വീട്. ആ വീട്ടിൽ പിന്നീടു വരുന്ന താമസക്കാർ രാത്രിയിലാരോ തൂങ്ങിനിന്നാടുന്നത് കണ്ടു എന്നു വരാം. അതോടെ പ്രേതബാധ എന്നു പറഞ്ഞിവർ ഒാടി രക്ഷപ്പെടും. മനഃശാസ്ത്രപരമായി ചിന്തിച്ചാൽ ടൈംസ്ലിപ്പാണ് അവർക്ക് അനുഭവങ്ങളുണ്ടാക്കിയത്. അതായത് മനസ്സ് പഴയ കാലത്തേക്ക് വീണു പോകുന്ന അവസ്ഥ. കോരിച്ചൊരിയുന്ന മഴയിൽ ഇടിമിന്നിലിൽ ആകാം തൂങ്ങിമരണം നടന്നിരിക്കുക. ഇതേ സാഹചര്യം പുനസൃഷ്ടിക്കപ്പെട്ടാൽ ടൈംസ്ലിപ് എളുപ്പത്തിൽ സാധിക്കാം. ടൈംസ്ലിപ് ഉണ്ടാകുമ്പോൾ ചുറ്റുപാടെല്ലാം പഴയതു പോലെ ആകും. ചുമരുകളുടെ നിറംമാറാം, ഫർണിച്ചറുകളുടെ രൂപം മാറാം... ഇതാണ് മിക്കപ്പോഴും പ്രേതമായി തെറ്റിധരിക്കുന്നത്. പണ്ട് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചില പ്രത്യേകതരത്തിലുള്ള ‘യാത്ര’കളുണ്ടായിട്ടുണ്ടാകും. കാലാവസ്ഥയും സാഹചര്യവും ഒരു പോലെയാകുമ്പോൾ പണ്ടു പോയ അതേ വഴിയിൽ പോക്കുവരവെന്ന അവസ്ഥ പുനർനിർമിക്കപ്പെടുന്നു.

Ghost Representative Image

ഇതാണ് ക്ഷേത്രക്കുളത്തിനടുത്ത ആ വീട്ടിൽ നടന്നത്

രാജഭരണ കാലത്ത് തൂക്കിക്കൊല്ലാൻ വിധിക്കുന്ന പ്രതികളെ പട്ടാളക്കാർ കൊണ്ടുപോയിരുന്നത് ആ ക്ഷേത്രക്കുളത്തിനരികിലൂടെയായിരുന്നു. ഇപ്പോൾ ആ വഴിയിലാണ് വീടിരിക്കുന്നത്. കൊല്ലാൻ കൊണ്ടു പോയിരുന്ന അതേ കാലാവസ്ഥ, അതേ സമയം ആവർത്തിക്കുമ്പോഴാണ് പട്ടികൾ കുരയ്ക്കാൻ തുടങ്ങുന്നത്. കുറ്റവാളികളെ ആ കുളത്തിനരികിൽ കൊണ്ടുവന്നു നിർത്തി തലയ്ക്കടിച്ചു കൊന്ന് കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു പതിവ്. അന്ന് തലയ്ക്കടിച്ചു കൊന്നിരുന്ന ആ സ്ഥലത്തായിരുന്നു ജോലിക്കാരിയുടെ കിടപ്പുമുറി. അതുകൊണ്ടാണ് ടൈംസ്ലിപ് ഉണ്ടാകുമ്പോൾ വേലക്കാരികൾക്ക് അത്തരം തോന്നലുകളുണ്ടായത്. പ്രകൃതിക്ക് ഒരു എക്കോ (പ്രതിഫലിപ്പിക്കാനുള്ള കഴിവ്) ഉണ്ട്, മുൻപ് നടന്ന കാര്യങ്ങൾ ചില സാഹചര്യങ്ങളിൽ പ്രതിഫലിപ്പിക്കും. അതാകാം ആ വീടുകളിൽ സംഭവിച്ചത്.

പേടി മനുഷ്യരിലുണ്ടാക്കുന്ന ചില ചലനങ്ങളുണ്ട്. ചെയ്യുന്നവർക്കു പോലും അത് തിരിച്ചറിയാനാവില്ല. തിരുവനന്തപുരത്തു തന്നെ മറ്റൊരു സംഭവമുണ്ടായി. ഒരു സിനിമാ നിർമാതാവ് പുതിയ വില്ല വാങ്ങി. വലിയൊരു പ്ലോട്ടിലെ ആദ്യ താമസക്കാരനായിരുന്നു അദ്ദേഹം. ആദ്യദിവസം തന്നെ ഏറുതുടങ്ങി. ടെറസിന്റെ മുകളിലേക്കാണ് വീഴുന്നത്, രണ്ടാം ദിവസമായപ്പോഴേക്കും കല്ലേറു കൂടി. അന്ന് ആ വീട്ടിൽ ഒരുപാടുപേരുണ്ടായിരുന്നു. കല്ലു വീഴുന്ന ശബ്ദം മാത്രം എവിടെ നിന്നു വരുന്നു എന്നു കാണാൻ കഴിഞ്ഞില്ല. സുഹൃത്ത് വഴിയാണ് പ്രേതബാധയുണ്ടെന്നു കരുതുന്ന ആ വീട്ടിലേക്ക് ഞാനെത്തുന്നത്. വീട്ടുകാരൊഴിച്ച് ബാക്കി എല്ലാവരോടും പൊയ്ക്കോളാൻ പറഞ്ഞു. കല്ലേറു വരുമ്പോൾ പിച്ചും പേയും പറയുന്ന സെക്യൂരിറ്റിക്കാരനോടും സംസാരിച്ചു.

അന്ന് രാത്രി രണ്ടുവരെ ഞങ്ങൾ ഇരുന്നു. അതിനിടയ്ക്ക് മൂന്നുകല്ലാണ് വീണത്. അത് ഞങ്ങൾക്ക് ടെറസിനു മുകളിൽ നിന്ന് കിട്ടി. സ്ഥലത്തിനു കുഴപ്പമുണ്ടെന്നു സെക്യൂരിറ്റിക്കാരൻ പറഞ്ഞതിൽ നിന്നുണ്ടായ ഭയമാണ് വീട്ടുകാരെയും ബാധിച്ചത്. സൈക്കോ കൈനറ്റിക് ഫോഴ്സ് എന്നതിനെ വിളിക്കാം. പുറത്തുനിന്നാരുമല്ല വീട്ടുകാർ തന്നെയാണ് എറിഞ്ഞിരിക്കുന്നത്. അതവർക്ക് മനസ്സിലായിട്ടുമില്ല. അവരുടെ ഭയം തന്നെയാണ് യഥാർഥ പ്രേതം എന്നു തിരിച്ചറിഞ്ഞതോടെ കുഴപ്പങ്ങളും മാറി. എണ്ണം കുറവാണെങ്കിലും പ്രേതബാധ ഉണ്ടായി എന്നു പറഞ്ഞെത്തുന്നവർ ഇപ്പോഴും ഉണ്ട്. ടൈംസ്ലിപ് ഉണ്ടായ വ്യക്തിക്ക് ഭയമുണ്ടാകുമ്പോൾ പലപ്പോഴും മറ്റൊരു വ്യക്തിയെ പോലെ പെരുമാറാൻ. ഇതിനെയാണ് പ്രേതാവേശം എന്നു പലരും പറയുന്നത്.’’ ഡോ. ജോർജ് മാത്യു പറയുന്നു.

പുതിയ കാലത്തെ പ്രേതങ്ങൾ, അന്ന് ആ സിനിമയിൽ സംഭവിച്ചത്... കൂടുതൽ വായിക്കാം