Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്‍ കൊല്ലപ്പെട്ടെന്ന് കാണിച്ച് കാമുകിയെ പറ്റിച്ചു; വൈറലാകാൻ ക്രൂരവിനോദം

Roman Atwood

വിഡിയോകൾ വൈറൽ ആകുവാൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലതും അതിരു കടക്കുന്ന കാഴ്ച നാം നിരവധി കണ്ടിട്ടുണ്ട്. സ്വയം വരുത്തി വെക്കുന്ന അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പലരും ഭാഗ്യം കൊണ്ടാണു രക്ഷപ്പെടുന്നത്. ചിലപ്പോഴൊക്ക‌െ മറ്റുള്ളവരെ പേടിപ്പെടുത്താനും കളിയാക്കുവാനുമൊക്കെ സൃഷ്ടിക്കുന്ന വിഡിയോ പലതും അലോസരപ്പെടുത്തുക തന്നെ ചെയ്യാറുണ്ട്. ഇപ്പോൾ വൈറൽ ആകുന്നൊരു വിഡിയോ അതിനുദാഹരണമാണ്. ഒരച്ഛന്റെ ക്രൂരവിനോദം എത്രത്തോളമാണെന്ന് മനസിലാകും ഈ വിഡിയോ കണ്ടാൽ. റൊമാൻ ആറ്റ് വുഡ് എന്ന അമേരിക്കൻ യൂട്യൂബറാണ് ക്രൂരമായ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. സാഹസികവും ഹാസ്യവുമായ വിഡിയോകളിലൂടെ പ്രശസ്തനായ യൂട്യൂബ് താരമാണ് ആറ്റ് വുഡ്. മൂന്നു വയസുകാരനായ മകൻ കെയ്നിനെ അപകടത്തിലാക്കിയെന്ന് കാമുകിയെ തെറ്റിദ്ധരിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണ് ഇയാൾ.

അച്ഛനും മകനും ചുവന്ന ബൈക്കിനു മുകളിൽ ഇരിക്കുന്നതു കണ്ടാണ് കാമുകിയായ സ്മിത്ത് സമീപത്തുള്ള കാറിന‌ടുത്തേക്ക് പോകുന്നത്. സ്മിത്ത് തിരിച്ചു വരുമ്പോഴേയ്ക്കും അച്ഛന്‍ ബൈക്കിൽ നിന്നിറങ്ങി മകനെയും ഇറക്കി ആ സ്ഥാനത്ത് മകന്റെ അതേ സൈസിലുള്ള ഒരു ഡമ്മി വെയ്ക്കുന്നു. കാമുകി അടുത്തെത്തിയപ്പോഴേയ്ക്കും ആറ്റ് വുഡ് വണ്ടിയുടെ നിയന്ത്രണം കയ്യിൽ നിന്നും പോയതായി അഭിനയിക്കുകയും വണ്ടി അമിതവേഗത്തിൽ പാഞ്ഞ് മറ്റൊരി‌ടത്തു ചെന്ന് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. മകനെയും വച്ചാണ് വണ്ടി പോയതെന്ന ധാരണയിൽ സ്മിത്ത് പുറകെ ഓടുകയാണ്. കെയ്ൻ മരിച്ചെന്ന ധാരണയിൽ സങ്കടം സഹിക്കാതെ കരയുന്ന സ്മിത്തിനോട് അയാൾ പറയുന്നു മകൻ മരിച്ചിട്ടില്ല അതു വെറും നാടകമായിരുന്നെന്ന്.

നേരത്തെയും സ്വന്തം മകനെ അപകടത്തിൽപ്പെടുത്തുന്നതായി കാണിച്ചു കാമുകിയെ പറ്റിച്ച് വിഡിയോ നിർമിച്ചയാളാണ് റൊമാൻ. അന്ന് കളിച്ചു കൊണ്ടിരിക്കെ മകൻ കോണിപ്പടിയുടെ മുകളിൽ നിന്നും വീണതായി കാണിച്ചായിരുന്നു പറ്റിച്ചത്. എന്തായാലും ആറ്റ് വുഡ് ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ക്രൂരമായ വിഡിയോ ആണിതെന്നു പറയാതെ വയ്യ. കളിയായിട്ടാണെങ്കിലും മറ്റുള്ള മനസുകളെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തിയ റൊമാനെ വിമർശിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.