Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു കടിച്ചാൽ, വൈറൽ വിഡിയോ

Chilly

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകു ഞങ്ങൾക്കു പുല്ലാ എന്ന മട്ടിലൊരു കടി കടിച്ചതാ ആ പെൺകുട്ടികൾ. കുപ്പിക്കണക്കിനു വെള്ളം കുടിച്ചിട്ടും മധുരം കഴിച്ചിട്ടുമൊന്നു ആ പുകച്ചിൽ മാറുന്നില്ല. ക്യാമറയ്ക്കു മുന്നിലിരുന്നു കരയുന്ന പെൺകുട്ടികളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ കണ്ടു സഹതപിക്കുകയാണു ജനം.

സബ്രിന സ്റ്റിവാർട് (22), ലിസി വസ്റ്റ്(18) എന്നീ അമേരിക്കൻ യുവതികളാണു മുളകു കടിച്ചു പുകഞ്ഞത്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്നു ഗിന്നസ് റെക്കോർഡിട്ട കരോളിന റീപർ പെപ്പർ ആണു കടിച്ചത്. കാഴ്ചയിൽ നമ്മുടെ വറ്റൽ മുളകു പോലെ തോന്നും. പക്ഷേ കാണും പോലെയല്ല. കലിഫോർണിയയിലെ റോക്ക് ഹില്ലിൽ കാണുന്ന ഈ മുളകിന് സാധാരണ മുളകിന്റെ 7000 ഇരട്ടിയാണ് എരി. ഈ മുളകു തിന്നു കാണിക്കാമെന്നാണു പെൺകുട്ടികൾ വെല്ലുവിളിച്ചത്. ആ വെല്ലുവിളിയെ ഇങ്ങനെ വിളിച്ചു– കലിഫോർണിയ റീപർ ചാലഞ്ച് .

മുളകു കയ്യിലെടുത്ത് നന്നായൊന്നു കടിച്ചതേയുള്ളു. പിന്നെ കേട്ടതു നിലവിളി. മുഖം ചുവന്നു തുടുത്തു. അന്നനാളം മുതൽ ആമാശയം വരെ പുകഞ്ഞു. തീക്കട്ട വിഴുങ്ങിയതുപോലൊരു അനുഭവം എന്നാണ് പെൺകുട്ടികൾ ഇതെക്കുറിച്ചു പറഞ്ഞത്. മുളക് അധികം കടിക്കാതിരുന്ന ലിസി ചുമച്ചും കരഞ്ഞും വിറച്ചും വെള്ളംകുടിച്ചും മുളകിനെ നേരിട്ടു. പക്ഷേ സബ്രിനയുടെ സ്ഥിതിയായിരുന്നു കഷ്ടം. മുളകിന്റെ എരി മൂലം ആസ്മ വരെ ഉണ്ടായി ഈ പെൺകുട്ടിക്ക്. വെള്ളം കുടിച്ചും തലയിലൊഴിച്ചും എരി കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ആസ്മ ബാധിച്ച് ഒടുവിൽ ഓക്സിജനിട്ടു കിടക്കേണ്ടി വന്നു സബ്രിനയ്ക്ക്.

20 ലക്ഷത്തോളം പേരാണ് യുട്യൂബിൽ വിഡിയോ കണ്ടത്. ഇതു കാണുന്നവരെങ്കിലും ഇനി ഇങ്ങനെ അബദ്ധം കാണിക്കില്ലല്ലോ എന്നാണു പെൺകുട്ടികൾ ഇതിനോടു പ്രതികരിച്ചത്.


Your Rating: