Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അമ്മയ്ക്കുള്ളതേ അവൾക്കുമുള്ളു', നഗ്നത കാണാന്‍ കൊതിച്ച ഒരഞ്ചാംക്ലാസുകാരന്റെ അനുഭവം

Joseph Annamkutty Jose ജോസഫ് അന്നംകുട്ടി ജോസ്

സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങളുടെ കഥകൾ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കൊച്ചുകുട്ടികളോ മുതിർന്നവരോ എന്ന ഭേദമില്ലാതെ അവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വാർത്തകളില്ലാതെ ഒരുദിവസം പോലും കടന്നുപോകുന്നില്ല. പീഡനത്തെ ചെറുക്കാൻ എന്തു ചെയ്താലാണ് മതിയാവുക? കുഞ്ഞിലേ തൊട്ട് നമ്മുടെ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെയും സഹജീവിയെന്ന നിലയ്ക്ക് അവളെ സ്നേഹിക്കേണ്ടതിന്റെയും ബാലപാഠങ്ങൾ പകർന്നു കൊടുത്താൽ ഒരുപരിധി വരെ ഇത്തരം ആക്രമണങ്ങൾ ചെറുക്കാനായേക്കാം.

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ തടയാൻ ആദ്യം സമൂഹം മാറട്ടെ എന്നു കാത്തിരിക്കുകയല്ല വേണ്ടത്, അവനവനിൽ തുടങ്ങേണ്ടതാണ് മാറ്റം. താൻ മാറുമ്പോൾ ആ കുടുംബം തന്നെ മാറും അങ്ങനെ സമൂഹവും. അനുഭവത്തിലൂടെ ഈ ആശയത്തെ വ്യക്തമാക്കുന്ന ജോസഫ് അന്നംകുട്ടി ജോസ് എന്ന യുവാവിന്റെ വിഡിയോ ആണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ ൈവറലാകുന്നത്. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ് സ്ത്രീകളെക്കുറിച്ചുള്ള ചിന്തകളിൽ മാറ്റം വരാൻ സഹായിച്ചതെന്ന് ജോസഫ് പറയുന്നു, അതിനു കാരണമായതോ തന്റെ അമ്മയും. ജോസഫിന്റെ വാക്കുകളിലേക്ക്.

Joseph Annamkutty Jose ജോസഫ് അമ്മയ്ക്കൊപ്പം

''അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ഒരു കൂട്ടുകാരനാണ് എഫ്ടിവിയെക്കുറിച്ചു പറഞ്ഞത്. അവൻ വഴിയാണ് ആദ്യമായി ആ ചാനലിനെക്കുറിച്ചു കേൾക്കുന്നത്. ഒരു പെൺകുട്ടിയുടെ നഗ്നത കാണാൻ അന്ന് ആഗ്രഹം തോന്നി. ഒരുദിവസം വീട്ടിൽ ആരുമില്ലാത്ത സമയത്ത് എഫ്ടിവി എവിടെയാണെന്നു കണ്ടെത്തി. അങ്ങനെയിരിക്കെ അപ്പച്ചൻ വീട്ടിലില്ലാത്ത അമ്മച്ചി അടുക്കളയിൽ തിരക്കിലായ ഒരുദിവസം എ​ഫ്ടിവി കണ്ടെത്തി. അമ്മ വന്നു പിടിക്കപ്പെടേണ്ടെന്നു കരുതി എഫ്ടിവിയും സൂര്യ ടിവിയും കണക്ട് ചെയ്തായിരുന്നു കാണുന്നത്. അമ്മ പെട്ടെന്ന് വരുമ്പോൾ സൂര്യ ടിവിയിലെ കടലുണ്ടി അപകട വാർത്ത വെക്കും അല്ലാത്ത സമയത്ത് എഫ്ടിവിയും. ഇതു തുടരുന്നതിനിടയിൽ അമ്മ കയറിവന്ന് താൻ എന്താണു കാണുന്നതെന്നു ചോദിച്ചു, അപ്പോൾ താൻ ക‌ടലുണ്ടി ട്രെയിൻ അപകടം ആണു കാണുന്നതെന്നു പറഞ്ഞു. അതിനിടയിലെവിടെയാ ഇംഗ്ലീഷിൽ മ്യൂസിക് കേൾക്കുന്നതെന്നു ചോദിച്ച് അമ്മ റിമോട്ട് തട്ടിപ്പറിച്ച് എഫ്ടിവി ഇട്ടു. അയ്യേ എന്നു പറഞ്ഞ് കണ്ണുപൊത്തിപ്പിടിച്ച തന്നോട് ചമ്മാതെ ടിവിയിലോട്ട് നോക്കാൻ പറഞ്ഞ് അമ്മ ചില കാര്യങ്ങൾ പറഞ്ഞു. നിന്റെ അമ്മയ്ക്കുള്ളതേ അവർക്കുമുള്ളു, എന്നിട്ട് അമ്മ അന്നത്തെ അഞ്ചാംക്ലാസുകാരന് മനസിലാകുന്നതിനേക്കാൾ പക്വതയുള്ള ചില കാര്യങ്ങൾ പറഞ്ഞു.

നീ ഒരു ആൺകുട്ടിയാണ്, പെൺകുട്ടികളെ കാണണമെന്നും അത്തരത്തിലുള്ള ആഗ്രഹങ്ങളും നിനക്കുണ്ടാകും, അതു പ്രകൃതി നൽകിയതാണ്. പക്ഷേ അത്തരം ആഗ്രഹങ്ങളെ ഏറ്റവും കുലീനമായി നിയത്രിക്കുന്നിടത്താണ് നീ ശരിക്കുമൊരു ആൺകുട്ടിയായി മാറുന്നത്. അന്ന് മനസിൽ ആഴത്തിൽ പതിഞ്ഞതാണ് ഇത്തരം ആഗ്രഹങ്ങൾ സ്വാഭാവികമാണെന്നും അതു നിയന്ത്രിക്കുന്നിടത്താണ് ഞാൻ ജെന്റിൽമാൻ ആകുന്നതെന്നും.

പ്രതികളെ തൂക്കിക്കൊല്ലണം ജയിലിൽ കയറ്റണം എന്നൊക്കെ പറയും മുമ്പ് ആദ്യത്തെ മാറ്റം കുടുംബത്തിൽ വരുത്താം. നമ്മുടെ കുടുംബത്തിലെ ആൺകുട്ടികളെ ചെറുപ്പത്തിലേ ഒരു പെൺകുട്ടിയെ ബഹുമാനിക്കണമെന്നും അവളെ സംരക്ഷിക്കണമെന്നും പഠിപ്പിച്ചാൽ അവൻ അത്ര എളുപ്പത്തിലൊന്നും വഴിതെറ്റിപ്പോവില്ല. മാറ്റം വരേണ്ടത് നമ്മുടെ ഉള്ളിലാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും കുടുംബത്തിലുമാണ്. അടുത്ത തലമുറയ്ക്കു ജന്മം കൊടുക്കേണ്ട നാം തന്നെ ആദ്യം മാറാം, നമ്മളെ കണ്ടാണ് നമ്മുടെ അനിയന്മാരും അനിയത്തിമാരും മാറേണ്ടത്, അതുകൊണ്ട് ആദ്യത്തെ മാറ്റം നമ്മളിൽ തന്നെയാകട്ടെ. എല്ലാ സ്ത്രീകളും നമ്മുടെ ഉത്തരവാദിത്തമാണ്, അവസരമല്ലെന്നും പറഞ്ഞാണ് ജോസഫ് വിഡിയോ അവസാനിപ്പിക്കുന്നത്.''