Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃഗസ്നേഹികളുടെ പ്രാർഥന ഫലിച്ചു; കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ ആ നായയ്ക്കു ജീവനുണ്ട് !

Dog Alive നായയെ താഴേയ്ക്കു വലിച്ചെറിയുന്ന എംബിബിഎസ് വിദ്യാർഥി ഗൗതം എസ്, നായയെ രക്ഷിച്ച മൃഗസംരക്ഷണ പ്രവർത്തകൻ ശ്രാവൺ കൃഷ്ണൻ

കഴിഞ്ഞ ദിവസമാണ് മനുഷ്യമനസുകളെ ഞെട്ടിക്കുന്നൊരു കാഴ്ച്ച സോഷ്യൽ മീഡിയയിൽ പരന്നത്. കെട്ടിടത്തിനു മുകളിൽ നിന്നും ഒരു യുവാവ് നായയെ താഴേയ്ക്കു വലിച്ചെറിയുന്നതായിരുന്നു അത്. വിഡിയോ സോഷ്യൽ മീഡിയയിലൂടെ കത്തിപ്പടരുന്നതിനൊപ്പം ക്രൂരകൃത്യം ചെയ്ത യുവാവിനെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. മിണ്ടാപ്രാണിയ്ക്കു വേണ്ടി ഒറ്റക്കെട്ടായി നിന്നു പരിശ്രമിച്ച സമൂഹമാധ്യമങ്ങളിലെ മൃഗസ്നേഹികളുടെ പരിശ്രമത്തിനു ഫലമെന്നോണം ഇന്നലെ യുവാവിനെ കണ്ടെത്തിയിരുന്നു.

അപ്പോഴും ആ നായയ്ക്കു വല്ലതും സംഭവിച്ചിരിക്കുമോ അതോ ജീവനോടെയിരിപ്പുണ്ടോ എന്നെല്ലാമായിരുന്നു സംശയം. ഇപ്പോഴിതാ ആ കാഴ്ച്ച കണ്ടു കരളലിഞ്ഞവർക്കു മറ്റൊരു സന്തോഷവാർത്ത കൂടി ആ നായ ജീവനോടെയിരിപ്പുണ്ടെന്നതാണത്. മൃഗസംരക്ഷണ പ്രവർത്തകൻ കൂടിയായ ശ്രാവൺകൃഷ്ണൻ ആണ് തനിക്കൊപ്പം നായ ജീവനോടെയുണ്ടെന്ന വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. ശ്രാവൺ നായയെ എടുത്തു കൊണ്ടു നിൽക്കുന്ന ചിത്രവും പങ്കുവച്ചിരുന്നു. ആ നായയെ ജീവനോടെ ലഭിച്ചിരിക്കുന്നു, അവൾക്കു നന്നായി നടക്കാൻ കഴിയുന്നില്ല. ഇപ്പോൾ ചികിത്സയിലാണെന്നും ശ്രാവൺ വ്യക്തമാക്കി.

അതിനിടെ വിഡിയോ ചിത്രീകരിച്ചതു മെഡിക്കൽ വിദ്യാർഥിയായ ആശിഷ് പോൾ എന്ന യുവാവാണെന്നും പോലീസ് കണ്ടെത്തി. നായയെ താഴേയ്ക്കു വലിച്ചെറിഞ്ഞത് ചെന്നൈ സ്വദേശിയും മാതാ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയുമായ ഗൗതം എസ് ആണെന്നു കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ടെറസിനു മുകളില്‍ നായയെ പിടിച്ചു നിൽക്കുന്ന യുവാവിൽ നിന്നാണു വിഡിയോ ആരംഭിക്കുന്നത്. ക്യാമറയിലേക്കു തന്നെ നോക്കി എന്തോ മഹത്തരമായ കർമ്മം ചെയ്യാന്‍ പോകുംവിധത്തിലാണ് യുവാവിന്റെ നിൽപ്. ശേഷം യാതൊരു കരുണയുമില്ലാതെ അയാൾ ആ നായയെ താഴേയ്ക്കു വലിച്ച‌െറിയുകയാണ്. താഴേയ്ക്കു വീണ ആഘാതത്തിൽ വേദനയാൽ പുളഞ്ഞ് നായ കരയുന്നതും വിഡിയോയിൽ കേൾക്കാം.