Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രോഗിയായ സഹപാഠിയെ കളിയാക്കിയ മകൾക്ക് അമ്മ കൊടുത്ത ശിക്ഷ !

Mom's Punishment

കാന്‍സർ രോഗിയായ സഹപാഠിയെ കളിയാക്കിയ മകൾക്ക് ഒരമ്മ കൊടുത്ത ശിക്ഷയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കാൻസർ ബാധിച്ചു മുടി പാടേകൊഴിഞ്ഞ സഹപാഠിയെ കളിയാക്കിയ മകളുടെ മുടിയും അമ്മ വെട്ടിമാറ്റുകയാണുണ്ടായത്. കരഞ്ഞുനിലവിളിക്കുന്ന പെണ്‍കുട്ടിയുടെ മുടി യാതൊരു ദയയുമില്ലാതെ അമ്മ വെട്ടിമാറ്റുന്നത് വിഡിയോയിൽ കാണാം. കാൻസർ രോഗിയായ സഹപാഠിയെ കളിയാക്കിയതിന് അമ്മയുടെ ശിക്ഷ എന്ന ക്യാപ്ഷനോടെയാണു വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.‌

ഇലക്ട്രിക് റേസർ ഉപയോഗിച്ചാണ് അമ്മ മുടി വെട്ടുന്നത്. ഇതിനിടയിൽ മകൾ കൈകൾ കൊണ്ടു മുഖം മറയ്ക്കുകയും അമ്മയെ തടസ്സപ്പെടുത്താനും നോക്കുന്നുണ്ടെങ്കിലും യാതൊരു കൂസലുമില്ലാതെ അമ്മ ഒരു ജോലി ചെയ്തുതീർക്കുന്നതുപോലെ മുടിവെട്ടി മാറ്റുന്നതു വിഡിയോയിൽ കാണാം. കഴിഞ്ഞ വർഷം എടുത്തതെന്ന കരുതപ്പെടുന്ന വിഡിയോ ഇപ്പോഴാണ് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്യപ്പെട്ടത്. അതിനിടെ ഓൺലൈനിൽ നഗ്നഫോട്ടോകൾ പോസ്റ്റു ചെയ്ത മകളോട് അമ്മ ദേഷ്യം തീർത്തതിന്റെ ദൃശ്യങ്ങളാണ് അതെന്നും വാദമുയർന്നിട്ടുണ്ട്.

എന്തുതന്നെയായാലും അമ്മയുടെ കൃത്യത്തെ എതിർത്തും അനുകൂലിച്ചും നിരവധിപേർ മുന്നോട്ടു വന്നിട്ടുണ്ട്. മകൾ ചെയ്ത കുറ്റം എന്തായാലും അതിനോട് ഒരമ്മ പ്രതികരിക്കേണ്ട രീതി ഒരിക്കലും ഇതായിരുന്നില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം ഇത്തരത്തിലുള്ള ശിക്ഷ നൽകിയതുകൊണ്ട് ഇനി അവൾ ആ തെറ്റ് ആവർത്തിക്കില്ലെന്നും മുടി വീണ്ടും വളരുന്നതാണെന്നും പറഞ്ഞവരും കുറവല്ല.