Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടം വീട്ടാൻ കാശില്ല, പകരം റം മതിയോ?

rum Representative Image

നോട്ട് അസാധുവാക്കൽ നിലവിൽ വന്നതോടെ സാധനങ്ങൾക്കു പകരം സാധനം നൽകുന്ന പഴയ ബാർട്ടർ വ്യവസ്ഥ ഇന്ത്യയിൽ പലഭാഗത്തും തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യൻ നോട്ടുകൾക്ക് ഒരു റോളുമില്ലാത്ത ക്യൂബ ചോദിക്കുകയാണ്, കാശില്ല, റമ്മ് മതിയോ.. ചോദ്യം ചെക്ക് റിപ്പബ്ലിക്കിനോടാണ്. പണ്ട് വാങ്ങിയ കടം വീട്ടാൻ ഗതിയില്ലാതെയാണ് ഈ ചോദ്യം. അസ്സൽ റം പകരം നൽകാമെന്നാണു വാഗ്ദാനം. ചെക്ക് റിപ്പബ്ലിക്കൻ ധനകാര്യമന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്.

ഡപ്യൂട്ടി ലെൻക ഡ്യുപക്കോവ, ഓഫറിനോട് താൽപര്യമുളവാക്കുന്ന വ്യവസ്ഥ എന്നാണ് പ്രതികരിച്ചത്. 276 മില്യൻ ഡോളറാണ് ക്യൂബ ചെക്കിന് കൊടുക്കാനുള്ളത്. ക്യൂബയിൽനിന്നു റം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചെക്. കഴിഞ്ഞ വർഷം ക്യൂബയിൽ നിന്ന് രണ്ട് മില്യൻ ഡോളറിന്റെ റമ്മാണ് ചെക്ക് റിപ്പബ്ലിക് ഇറക്കുമതി ചെയ്തത്. ഇനി ക്യൂബ കടം മുഴുവൻ റമ്മായി നൽകുകയാണെങ്കിൽ ചെക്കുകാർ ഇതു കുടിച്ചു തീർക്കാൻ 130 വർഷം വേണ്ടിവരും!.

ഡപ്യൂട്ടി മന്ത്രി താൽപര്യമുള്ള എടപാട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും കടത്തിന്റെ ഒരു ഭാഗമെങ്കിലും കാശായി കിട്ടണമെന്നു തന്നെയാണ് ചെക്ക് റിപ്പബ്ലിക് ധനകാര്യമന്ത്രാലയത്തിന്റെ നിലപാട്. ശീതയുദ്ധകാലത്തെ കടബാധ്യതയാണ് ക്യൂബയ്ക്ക് ചെക്ക് റിപ്പബ്ലിക്കിനോട്. റമ്മുകളിൽ കേമനെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ക്യൂബൻ കമ്പനികൾ ഉൽപാദിപ്പിക്കുന്നത്. 24.7 ബില്യൺ ഡോളറാണ് ക്യൂബയുടെ ആകെ കടം.

റമ്മിനു പുറമെ മരുന്നുകൾ നൽകിയും കടം വീടട്ടേയെന്നു ക്യൂബ ചെക്കിനോട് ചോദിക്കുന്നുണ്ട്. ക്യൂബയുടെ റം ഓഫറിനു മുൻപ് ഉത്തര കൊറിയ 10 മില്യൻ ഡോളർ കടം വീട്ടാൻ ചെക് റിപ്പബ്ലിക്കിനോട് ജിൻസെങ് ഉൽപന്നങ്ങൾ നൽകാമെന്ന ഓഫർ വച്ചിരുന്നത് ചരിത്രം. കാര്യമറിഞ്ഞു കഴിഞ്ഞാൽ കേരളത്തോട് ക്യൂബയ്ക്ക് കടം വാങ്ങിക്കൂടായിരുന്നോ എന്നു ചിന്തിക്കുന്നവരും ഉണ്ടാകും!