Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തിന് എട്ടിന്റെ പണി, മൊത്തം സീൻ കോൺട്ര

onam_02

ഒാണത്തിന് ഒരാഴ്ച മുമ്പേ കോഴിക്കോട് ആർ‌ട്സ് കോളേജിൽ ശ്രീധരേട്ടന്റെ കാന്റീനു മുമ്പിൽ ഒരു ബോർഡ് തൂങ്ങും. ഇന്നത്തെ സ്പെഷൽ: പൂവപ്പം 5 രൂപ, മല്ലിപ്പൂവട 5 രൂപ, തെച്ചി പഴംപൊരി 6 രൂപ... അന്നു മുതൽ കാന്റീനിൽ പതിവുകട്ടനും അടിച്ച് കൺവീനർമാർ‌ ഒാണാഘോഷം പൊടിപൊടിക്കാനുള്ള ചർച്ചയിലാണ്. മുന്നിലെ പ്ലേറ്റിൽ നിന്നും മല്ലിപ്പൂവടയും പൂവപ്പവും അപ്രതൃക്ഷമായി കൊണ്ടേയിരിക്കും. ‘‘പണ്ടൊക്കെ നല്ല തടിയുള്ള ഒരു കുടവയറനെ മാവേലി ആക്കിയാൽ മതിയായിരുന്നു. രണ്ടു മൂന്നു വർഷമായി ഞങ്ങൾ ന്യൂ ജെന്‍ മാവേലിയെ ആണ് അവതരിപ്പിക്കുന്നത്. വരുണും വിനുവും ലക്ഷ്മിയും പറയുന്നു. എല്ലം കേട്ടു സ്മൈലിയുടെ ഭാവത്തിൽ പുഞ്ചിരിയുമായിരുന്ന കൺവീനർ സജീവ് മാഷിന്റെ തോളിൽത്തട്ടി അജ്മലും കൂട്ടുകാരും പറഞ്ഞു.‘‘ബ്രോ... ഒാണം ഞമ്മക്ക് കലക്കണം... ’’.

onam_08

ലെഗിങ്സിനും ജീൻസിനും ഒക്കെ ഒാണത്തിന്റന്നു ക്യാംപസിൽ വിലക്കാണ്. കസവുസാരി, കസവു ചുരിദാർ, മുല്ലപ്പൂ ഒക്കെയാണ് ഒൗദ്യോഗിക വേഷം. ഉൗഞ്ഞാലും പലയിടത്തും കെട്ടിത്തൂക്കിയ ഉറികളും സദ്യവട്ടവുമൊക്കെ കോളജിലെ മാവേലിനാടാക്കി മാറ്റും ആ സമയത്ത്. ‘ ആർപ്പോ...ർറോാാാാ, ആർപ്പോ...ർറോാാാാ..... ’ മൂന്നാം നിലയിലെ വരാന്തയിൽ നിന്നൊരു ആവേശത്തിര ഉയർന്നു. ‘‘ റിഹേഴ്സലൊക്കെ തുടങ്ങിക്കഴിഞ്ഞു. ഒാരോ വർഷവും കൂടുതൽ പൊടിപൂരമാക്കാൻ നല്ല വാശിയോടെയാണു കുട്ടികള്‍ എത്തുന്നത് . ’ വരുൺ പറയുന്നു.

onam_07

ആർ‌ട്സ് കോളേജിൽ ‘ തോണി പോയിന്റ്’ എന്നൊരു പ്രത്യേക ഭാഗമുണ്ട്. ഒാണദിവസം ഇൗ തോണി കൂടുതൽ സുന്ദരിയാകും . പൊൻവെയിലിൽ തിളങ്ങുന്ന കസവു കുമാരിമാർ ഒാണസദ്യയും കഴിഞ്ഞ് കളി പറയാൻ ഒത്തുകൂടും. ക്യാംപസിനു മുന്നിലെ ഉൗഞ്ഞാലിനു ചുറ്റുമായിരിക്കും മറ്റൊരു ബഹളം. ‘‘പരിപാടികൾ സംഘടിപ്പിക്കുന്നതിലും ആവേശമാണ് സെൽ‌ഫിയെടുത്ത് വാട്സ് ആപ്പിസും ഫേസ്ബുക്കിലും ഇടാൻ... ’’ വിനീഷ ഒാണാഘോഷത്തിന്റെ മാറ്റം നിരീക്ഷിച്ചു.‌ നോട്ടീസിൽ ഇല്ലാത്ത ഒാണത്തല്ലും കൂടി.... പൂക്കളവും ഒാണസദ്യയും ഉൗഞ്ഞാലും പുലികളിയും എല്ലാം ഉണ്ടായിരുന്നു. പക്ഷേ, കാര്യപരിപാടിയിൽ ഇല്ലാതിരുന്ന ഒരിനും കൂടി കഴിഞ്ഞ വർഷം ഒാണാഘോഷത്തിനു തലശ്ശേരി ബ്രണ്ണൻ കോളേജിൽ നടന്നു, ഒാണത്തല്ല്. അതിന്റെ കഥ പറയുകയാണ് നിജീഷ്. ഹോസ്റ്റൽ മുറിയിലെ ഡസ്ക്കിൽ താളമടിച്ച്, അടിപൊളി ബഹളത്തോടെയാണ് നിജീഷിന്റെ സംസാരം.

onam_04

‘‘ ഞങ്ങളുടെ കൂട്ടത്തിൽ എല്ലാവരും നാരോന്തുകളാണ്. അതുകൊണ്ട് ആവശ്യത്തിലധികം തടി സൗന്ദര്യമാക്കി വച്ച സീനിയർ ചേട്ടൻ കിരൺ ആണു സാധാരണ മാവേലിയുടെ വേഷം കെട്ടുന്നത്. പിന്നെ കാട്ടിലുള്ളതും ഇല്ലാത്തതുമായ പലതരം പുലികള്‍... അഖിലേഷ് പുള്ളിപ്പുലി, സതീഷ് കരിംപുലി, ലജീഷ് കരടി, ഉസ്മാൻ മഞ്ഞപ്പുലി.. ഞാനും ജിതിനും വേട്ടക്കാരൻ...

ഒരു കണ്ണിന്റെ പരിസരം മുഴുവൻ കൺമഷി കൊണ്ടു വരച്ച്, മുഖത്ത് ഒരു ഉഗ്രൻ പൊട്ടും തൊട്ട് മുക്കുവരുടെ തൊപ്പിയും വച്ചാണ് വേട്ടക്കാരനായി ഒരുങ്ങുന്നത്. കാണേണ്ട വേഷമാണ്. പെൺകുട്ടികളു‍ മാത്രമല്ല, സാറുമ്മാരു വരെ എന്റെ കൂടെനിന്നു സെൽഫി എടുക്കാൻ അന്നു മത്സരിക്കും. ’’

onam_05

രാവിലെ മുതൽ പുലികളും മാവേലിയും വേട്ടക്കാരും ആര്‍പ്പുവിളികളോടെ ക്യാംപസ് ചുറ്റി നടന്നു. പുലിയുടെയും കരടിയുടെയും ഒപ്പം നിന്നു സെൽഫിയെടുത്ത് പെൺകുട്ടികളുടെ കസവുസാരിയൊക്കെ ഇൗസ്റ്റ്മാൻ കളറായി. സീൻ പൊലിപ്പിക്കാൻ പുലിപ്പടയ്ക്കൊപ്പം തെയ്യം കൂടി വന്നതാണ് സീൻ കോൺട്ര ആക്കിയത്. കോളജിലെ വെള്ള വസ്ത്രധാരികളെ തിരഞ്ഞുപിടിച്ച് ഒരു തോറ്റം പ്പാട്ടോടെ ലിവിങ് സ്റ്റോൺ തെയ്യം ചായം പൂശി തുടങ്ങി.

‘‘ പൂക്കളമത്സരം ചൂട് പിടിച്ച് വരുന്ന സമയമായിരുന്നു... ’’ നിജീഷ് ഒാർക്കുന്നു. ‘‘ മാവേലിയും പുലികളും തെയ്യവുമൊക്കെ നടന്നു നടന്ന് ഇക്കണോമിക്സ് ബ്ലോക്കിലെത്തി. പെട്ടെന്നാണു സംഭവിച്ചത്. ഒരു പെൺകുട്ടിയുടെ സെറ്റ് സാരിയിൽ പുലി ചായം തേച്ചെന്നും പറഞ്ഞ് ആകെ ബഹളം. അതു ചോദിക്കാൻ വന്ന പയ്യനുമായി ലിവിങ്സ്റ്റോൺ തെയ്യം തോറ്റം പാട്ട് പാടി. പിന്നെ നടന്നതു കാര്യപരിപാടിയിൽ ഇല്ലാത്ത ഒാണത്തല്ലാണ്. സീൻ കോണ്‍ട്ര. പൂക്കള മത്സരത്തിനും സദ്യയ്ക്കും ശേഷം വടംവലി നടത്താനൊരുങ്ങുമ്പോൾ നേരത്തേ റിലീസായ പടത്തിന്റെ രണ്ടാംഭാഗം പോലെ വീണ്ടു അടി, അടിയോടടി. പിള്ളാരെല്ലാം ഒാടെടാ ഒാട്ടം. പുലികളും മഹാരാജാവ് മാവേലിയും പാവം വാമനനും ഒാടി. ഒാണം കുളമായെങ്കിലും ജീവിതത്തിൽ മറക്കൂല്ല ആ സംഭവങ്ങള്‍.

ചെളിവെള്ളത്തിൽ കുളിച്ച ഒാണം...

തൃശൂർ എൻജിനീയറിങ് കോളജില്‍ ഒാണച്ചർച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ‘‘ ശ്ശൊ... പുലിവേഷം കെട്ടാൻ പിേള്ളരെ കിട്ടാനാണ് എറ്റവും ബുദ്ധിമുട്ട്. ലവന്മാർക്കൊക്കെ ഒടുക്കത്തെ ഡിമാൻഡല്ലേ... റോയൽ മെക്കിന്റെ മാനം കാക്കണേ എന്റെ വടക്കും നാഥാ.. ’’ അശ്വതി മനമുരുകി ദൈവത്തെ വിളിച്ചു. ബാൻറും സ്റ്റൈലും ഒക്കെ ഒന്ന് മാറ്റിപിടിക്കണം, പുതുമകൾ എന്തെങ്കിലും കൊണ്ടുവരണം, എല്ലാവരേം ഒന്നു ഞെട്ടിക്കണം... ഇതൊക്കെയാണ് ഇത്തവണത്തെ പ്ലാനുകൾ.

‘പിരിവെപ്പോൾ തുടങ്ങാം ? ’ എന്ന ചോദ്യവുമായി നിതിൻ ചർച്ചക്കിടയിലേക്കു കടന്നു വന്നു. ‘ നീ എന്താ .. ? മുരളിമാഷ് സംശയത്തിന്റെ സ്മൈലി ഇട്ട് നിതിന്റെ നേരെ തുറിച്ചു നോക്കി. കുട്ടികളുടെ മുഖത്തു സംശയത്തിന്റെ സ്മൈലി. അപ്പോ മുരളിമാഷ് തന്നെ പറഞ്ഞു. ‘‘ അല്ല ക്ലാസിലൊന്നും കാണാറേയില്ല. അതുകൊണ്ട് ചോദിച്ചതാ.... ’’

onam_06

‘‘ ഒാണപ്പരിപാടിയുടെ കാര്യം ഇപ്പഴാ അറിഞ്ഞതു മാഷേ...’ എന്ന് വിനീതനായി പറഞ്ഞ് നിതിൻ സ്കൂട്ടായി..അന്നേരം ബെഞ്ചിന്റെ മുകളിൽ കയറി നിന്ന് അശ്വതിയും കൂട്ടുകാരും സെല്‍ഫി പൂരത്തിന് തുടക്കമിട്ടു.

ഒാണത്തിന്റെയന്നു പഞ്ചാരമുക്കിലാണ് സെൽഫി പ്രളയം. പഞ്ചാര കുപ്പിൾസ് എല്ലാം അന്ന് അവിടെ വരും ഫോട്ടോയെടുക്കാൻ. ‘‘ ഇൗ സെല്‍ഫിയും മൊബൈൽക്യമാറയുമാണ് എന്റെ ജീവിതം കോഞ്ഞാട്ട ആക്കിയത്... ’’ എന്നു പറഞ്ഞ് മിഥുൻ ഭായ് തലയ്ക്ക് കൈ കൊടുത്തു. ‘ അതെന്താ ’ണെന്നു തിരക്കിയപ്പോഴേക്കും മിഥുന്‍ മുങ്ങി. കഥ പറഞ്ഞത് ഒാണാഘോഷ കമ്മറ്റി കൺവീനർ രഞ്ജിത്താണ്.

ഒരു ഭൂതകാല ഒാണം. ചാക്കിലോട്ടം നടക്കുകയാണ്. അന്ന് എതിരാളികളെതോപ്പിച്ച് ഗപ്പടിക്കുന്നതിനായി ഒാടുന്നതിനിടയ്ക്ക് പാവം മിഥുന്‍ തലകുത്തി ചെളിവെള്ളത്തിലേക്കൊരു വീഴ്ച. നനഞ്ഞു കുളിച്ച് എഴുന്നേറ്റു നിന്ന മിഥുന്‍ ആദ്യം നോക്കിയത് കൂടി നിന്നു ചിരിക്കുന്നവരുടെ കൂട്ടത്തിൽ തന്റെ ഗേൾഫ്രണ്ട് ഉണ്ടോ എന്നാണ്. അവള്‍ കൈ കൊട്ടിച്ചിരിക്കുന്നതു കണ്ട് വീണ്ടും ചെളിവെള്ളത്തിലേക്കു തന്നെ മിഥുന്‍ വീണു. പിന്നീടു കിട്ടിയതാണ് പതിനാറിന്റെ പണി. ചുറ്റും നിന്നവർ മൊബൈലിൽ പകർത്തിയ ‘ചെളിവീഴ്ച ’യുടെ മനോഹര ദൃശ്യങ്ങളും വീഡിയോയും ഫേസ്ബുക്കില്‍ വൈറലായി. കോളേജിലെ സകലമാനപേരും ആ പടങ്ങൾക്കു കമന്റെഴുതി പൊങ്കാലയിട്ടു. ആ ഒറ്റ ദിവസം കൊണ്ടു മിഥുൻ തൃശൂർ ജില്ല മുഴുവൻ പ്രശസ്തനായതാണ് ചരിത്രം.

ഒാണത്തിനിടയ്ക്ക് ഉപ്പേരി കച്ചവടം...

രാഷ്ട്രീയം, സാഹിത്യം, സിനിമ, പഠനം, പരദൂഷണം, ഒാണാഘോഷം... ചർച്ച എന്തുമാവട്ടെ, എന്നും വേദി കാന്റീൻ തന്നെ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ കാന്‍റീനിൽ ചായയും കടിയും നാടൻപാട്ടും അകമ്പടിയായി മേശപ്പുറത്തെ താളവുമെല്ലാം ചേർന്ന് ചർച്ച കൊഴുക്കുമ്പോഴാണ് ജോസ്ഫ് മാഷ് ഒാർമ്മിപ്പിച്ചത്. ‘‘ ഒാണത്തിനിടയ്ക്ക് ആരും ഉപ്പേരി കച്ചവടം നടത്തരുത്...’’. കേട്ടപാതി ഗ്യാങ്ങിൽ നിന്നു രണ്ടുപേർ പെട്ടെന്നു സ്കൂട്ടായി. ജോസഫ് മാഷ് തന്നെ കഥ പറഞ്ഞു. പൊടിപൂരമായിരുന്നു ഒാണാഘോഷം. വടംവലി കഴിഞ്ഞാണ് ഒാണ സദ്യ. കുട്ടികളും അധ്യാപകരും ഇരുന്ന് ഇലയിട്ട് വിളമ്പാന്‍ തുടങ്ങിയപ്പോഴാണു ശ്രദ്ധിച്ചത്. ഉപ്പേരിയില്ല. ശ്ശേ, മോശം... ഉപ്പേരിയില്ലാതെ എന്ത് ഒാണം. കൺവീനർമാരും സാറുമ്മാരും വട്ടം കൂടി പോക്കറ്റിൽ നിന്നു പൈസകൊടുത്തു രണ്ടു പേരെ ഉപ്പേരി വാങ്ങാൻ വിട്ടു.

പപ്പടം വിളമ്പി, പഴം വിളമ്പി, കറികളെല്ലാം വിളമ്പി.... ഉപ്പേരി മാത്രം എത്തുന്നില്ല. പോയവരെ വിളിച്ചു നോക്കിയപ്പോ ഫോൺ സ്വിച്ച്ഡ്ഒാഫ്. എല്ലാവരും സദ്യ കഴിച്ചു കഴിഞ്ഞ​ു. പായസം കുടിച്ച് ഇല മടക്കിട്ടും ഉപ്പേരി വാങ്ങാൻ പോയവർ വന്നില്ല. പിന്നീടാണറിഞ്ഞത് ഉപ്പേരി വാങ്ങാൻ പോയ മിടുക്കന്മാർ ആ കാശു കൊണ്ടു നേരെ ഒാടിയത് സിനിമ കാണാനാണ്. അങ്ങനെയാണ് ‘ ഒാണത്തിനിടയ്ക്ക് ഉപ്പേരി കച്ചവടം ’ എന്ന പുതിയ പഴമൊഴി പിറന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.