Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹസികർക്കു വേണ്ടിയൊരു 'മരണക്കുളം', ശ്വാസമടക്കി പിടിച്ചു കാണണം ഈ വിഡിയോ

Pool Of Death

വിശ്രമവേളകൾ ആന്ദകരമാക്കാനാണ് ഏവർക്കുമിഷ്ടം. എന്നാൽ ആ ഒഴിവു വേളകൾ കുറച്ചു സാഹസികവുമാക്കിയാലോ? പറഞ്ഞു വരുന്നത് സാഹസികമായ ഒരു വിനോദത്തെക്കുറിച്ചാണ്. നിങ്ങള്‍ നീന്തൽ അറിയാവുന്നരും ഒപ്പം അതിസാഹസികത ഇഷ്ടപ്പെടുന്നവരുമാണെങ്കിൽ നിങ്ങൾക്കു യാത്ര ചെയ്യാനൊരുഗ്രൻ ഇടമുണ്ട്, മരണക്കുളം( പൂൾ ഓഫ് ഡെത്ത്) ആണത്. ആദ്യമേ പറയട്ടെ നിങ്ങൾ വെറുമൊരു ആവറേജ് നീന്തൽക്കാരൻ ആണെങ്കിൽ ഉറപ്പു തരുന്നു പിന്നീടൊരു തിരിച്ചു വരവുണ്ടാകില്ല. മറിച്ച് നീന്തലിൽ പ്രഗത്ഭനാണെങ്കിൽ ഈ മരണക്കുളത്തെ നിങ്ങൾക്കു തോൽപിക്കാം.

അമേരിക്കയിലെ ഹവായിയിൽ കിപു വെള്ളച്ചാട്ടത്തിനടുത്തായാണ് ഈ പൂൾ ഓഫ് ഡെത്ത് ഉള്ളത്. ഹുലിയാ നീർച്ചാലിനു സമീപത്തായുള്ള മരണക്കുളത്തിലേക്കു പോകാൻ തയ്യാറെടുക്കുന്നവർ മരണത്തെ മുൻകൂട്ടി കണ്ടിരിക്കണം. കാരണം നാട്ടിലെ പുഴയിലും തോട്ടിലും വല്ലപ്പോഴും മാത്രം നീന്തി പരിചയമുള്ളവർക്ക് മരണക്കുളത്തിലെ തിരമാലകൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനവും പതഞ്ഞു പൊങ്ങുന്ന തിരകളും ഒരുപക്ഷേ നിങ്ങളെ അടിത്തട്ടിലേക്കു കൊണ്ടുപോയേക്കാം. പക്ഷേ പ്രദേശവാസികളിലാരും ഇതുവരേയും മരണക്കുളത്തിൽ പെട്ടു മരിച്ചിട്ടില്ലത്രേ. സ്ഥലത്തെക്കുറിച്ചും പൂൾ ഓഫ് ഡെത്തിനെക്കുറിച്ചും കാര്യമായ പരിചയമില്ലാതെ വരുന്ന വിനോദ സഞ്ചാരികളാണ് മരിക്കുന്നവരിലേറെയും.

ഒരു കൂട്ടം നീന്തല്‍ വിദഗ്ധർ മരണക്കുളത്തിൽ വച്ചെ‌ടുത്ത വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാതൊരു സൂചനകളുമില്ലാതെ മരണക്കുളത്തിലേക്കു വെള്ളം ഇരച്ചു കയറുന്നതും നാനാ വശങ്ങളിലേക്കും തിരയടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നതു കാണാം. കുളത്തിലിറങ്ങിയ മൂന്നുപേരും തങ്ങളുടെ നീന്തൽ പ്രാഗത്ഭ്യം കൊണ്ടു മാത്രമാണു ജീവനോടെ തിരികെ വരുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല. മരണക്കുളം നിങ്ങളിലെ സഞ്ചാരിയെയും സാഹസികനെയും തൊട്ടുണർത്തുമെങ്കിലും ധീരതയും ഒപ്പം നീന്തൽ മികവുമുള്ളർ മാത്രം മരണക്കുളത്തിലേക്കുള്ള സന്ദര്‍ശനത്തെക്കുറിച്ചു ചിന്തിക്കുന്നതാണു നല്ലത്. അല്ലാത്തവർക്ക് മരണം സുനിശ്ചിതമാണ്.