Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശന്നിരിക്കുന്ന മുതലയ്ക്കു മുമ്പിൽ വച്ചൊരു വിവാഹാഭ്യർഥന , വൈറൽ വിഡിയോ

Proposal

ചുമ്മാ അങ്ങു കേറിച്ചെന്ന് വിൽ യൂ മാരി മീ എന്നു ചോദിക്കാനൊന്നും ഇന്നത്തെ തലമുറയ്ക്കു താൽപര്യമില്ല. ജീവനു തുല്യം സ്നേഹിക്കുന്ന പെൺകുട്ടിയുടെ മനസിൽ കയറിപ്പറ്റണമെങ്കിൽ ആ പ്രൊപോസൽ ഒരൽപം വ്യത്യസ്തമായിരിക്കണം. ഒരിത്തിരി സാഹസികത കൂടി കലർത്തിയാണ് പ്രൊപോസ് ചെയ്യുന്നതെങ്കിലോ പെൺകുട്ടി എപ്പോൾ സമ്മതം മൂളിയെന്നു ചോദിച്ചാൽ മതിയല്ലേ.? അത്തരത്തിലൊരു വ്യത്യസ്തമായ പ്രൊപോസൽ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. എന്തെന്നാൽ ഇവി‌ടെ വിവാഹ അഭ്യർഥന നടത്തുന്നത് പാർക്കിലോ ബീച്ചിലോ ഒന്നുമല്ല മറിച്ച് വിശന്നിരിക്കുന്ന ഒരു ഭീമാകാരനായ മുതലയ്ക്കു മുന്നിലാണ്.

ഓസ്ട്രേലിയൻ റെപ്റ്റൈൽ പാർക്കിൽ ജോലി ചെയ്യുന്ന ബില്ലി കോലെറ്റ് ആണ് സാഹസികമായി വിവാഹ അഭ്യർഥന നടത്തിയത്. മുതലയ്ക്കു തീറ്റ കൊടുക്കുന്നതിൽ ഭാഗമാകുവാനാണ് ബില്ലി തന്റെ പ്രിയതമ സിയോബാൻ ഓക്സ്‍ലിയെ മുതലക്കുളത്തിന്റെ പരിധിയിലേക്കു ക്ഷണിക്കുന്നത്. ഭക്ഷണം കാണിച്ച് 4.5 മീറ്റർ നീളമുള്ള എൽവിസ് എന്ന മുതലയെയും കരയിലേക്ക് എത്തിക്കുന്നു. ശേഷം അതിന്റെ തീറ്റ മറ്റൊരു വശത്തേക്കു വലിച്ചെറിയുന്ന ബില്ലി ഒട്ടും വൈകാതെ മുട്ടുകാലിലിരുന്ന് പരമ്പരാഗത രീതിയിൽ വിവാഹ അഭ്യർഥന നടത്തുകയാണ്.

തീറ്റ കാണിച്ചു കരയിലേക്കെത്തിച്ച മുതലയുടെ നിയന്ത്രണം വിടുംമുമ്പ് സ്ഥലം കാലിയാക്കാനോ എന്തോ ഓക്സ്‍ലി അപ്പോൾ തന്നെ സമ്മതം മൂളി. അപ്പോൾ തന്നെ ബില്ലി ഓക്സ്‍ലിയുടെ വിരലിൽ മോതിരം അണിയിക്കുകയും ചേർത്തുപിടിച്ച് ചുംബിക്കുകയും ചെയ്യുന്നുണ്ട്. ബില്ലിയുടെ ധൈര്യത്തെ സമൂഹമാധ്യമമാകെ വാഴ്ത്തിപ്പാ‌ടുകയാണിപ്പോൾ. ഇതുംകണ്ട് വല്ല മൃഗശാലയിലും പോയി ഇതിലും സാഹസികമായി പ്രൊപോസൽ നടത്തിയാലോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ബില്ലി വളരെ തയ്യാറെടുപ്പുകൾ നടത്തിയതിനു ശേഷം മാത്രമാണ് ഈ സാഹസത്തിനു മുതിർന്നത്, മാത്രമല്ല ആ മുതലയെ സ്ഥിരം തീറ്റുന്ന ആളെന്ന നിലയ്ക്ക് ബില്ലിക്ക് അതിന്റെ സ്വഭാവ സവിശേഷതകളും നേരത്തെ അറിയാം.

Your Rating: