Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയറുത്തു കൊന്ന രാജ്ഞിയുടെ പ്രേതം ക്യാമറയിൽ!!!

ghost-2 പ്രേതദൃശ്യം

ലണ്ടനിലെ ഒരു സ്വകാര്യ ട്രാവൽസിൽ ബസ് ഡ്രൈവറാണ് ട്രെവർ ടൈ. പതിവു പോലെ കഴിഞ്ഞ ദിവസം ഒരു കൂട്ടം ടൂറിസ്റ്റുകളുമായി ഇദ്ദേഹം പ്രശസ്തമായ ഹാംപ്ടൺ കോർട്ട് പാലസിലെത്തി. സഞ്ചാരികളെല്ലാം കാഴ്ച കാണാൻ പോയി. ട്രെവറും അതിനിടെ ക്യാമറയുമെടുത്ത് കൊട്ടാരമാകെ കറങ്ങി. അഞ്ഞൂറു വർഷം പഴക്കമുള്ള കൊട്ടാരമാണ്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമെന്നതിനൊപ്പം കുപ്രസിദ്ധവുമാണ് ഹെൻറി എട്ടാമന്റെ ഈ പടുകൂറ്റൻ പാലസ്. ഇവിടെയാണ് അവിഹിത ബന്ധം ആരോപിച്ച് ഹെൻറി തന്റെ അഞ്ചാം ഭാര്യ കാതറിൻ ഹൊവാർഡിനെ തടങ്കലിൽ പാർപ്പിച്ചിരുന്നത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയിരുന്ന്, രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആ ഇരുപത്തിയൊന്നുകാരി കൊട്ടാരത്തിന്റെ ഇടനാഴികളിലൂടെ നിലവിളികളുമായി അലഞ്ഞ നാളുകൾ. കനത്ത കാവൽ. ഒരാൾ പോലും ദയ തോന്നി കാതറിനെ പുറത്തേക്കു വിട്ടില്ല. ഒടുവിൽ കുറ്റക്കാരിയാണെന്നു വിധിച്ച് രാജ്ഞിയെ തല വെട്ടി ശിക്ഷിച്ചു. 1542ലായിരുന്നു സംഭവം.

ghost-3 പ്രേതദൃശ്യം

അതിനും അഞ്ചു വർഷം മുൻപ് ഹെൻറിയുടെ മൂന്നാം ഭാര്യ ജെയ്ന്റെയും അസ്വാഭാവിക മരണം ഇതേ കൊട്ടാരത്തിൽ വച്ചായിരുന്നു. കാതറിന്റെ മരണത്തിനു ശേഷം പലകൈകൾ മറിഞ്ഞ് ഒടുവിൽ കൊട്ടാരം സർക്കാരിന്റെ കീഴിലായി. പ്രശസ്ത ടൂറിസം കേന്ദ്രമായി. പക്ഷേ ഇക്കാലത്തിനിടെ അവിടെ താമസിച്ചിരുന്നവരെയും സന്ദർശകരെയും ജോലിക്കാരെയും കാവൽക്കാരെയുമെല്ലാം രാത്രികളിൽ എവിടെ നിന്നെന്നറിയാത്ത വിധമുള്ള നിലവിളികൾ ഞെട്ടിയെണീപ്പിച്ചു കൊണ്ടേയിരുന്നു. പലരും കൊട്ടാരത്തിന്റെ പല ഭാഗങ്ങളിലായി അസാധാരണമായ നിഴൽരൂപങ്ങളെ കണ്ടു. ഇടയ്ക്ക് തോന്നും കണ്മുന്നിലൂടെ ആരോ സഞ്ചരിക്കുന്നുണ്ടെന്ന്, നിലത്ത് കാൽ തൊടാതെ, നിഴലില്ലാതെ...എന്തായാലും പ്രേതബാധ കൊട്ടാരത്തിന്റെ ടൂറിസം മൂല്യവും കൂട്ടി. ഒരിക്കൽ സിസിടിവി ക്യാമറയിൽ പതിഞ്ഞ പ്രേതദൃശ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ കൊട്ടാരത്തിന്റെ വെബ്സൈറ്റിലും ഉൾപ്പെടുത്തി.

ട്രെവർ ടൈ ട്രെവർ ടൈ

വെള്ള ഗൗൺ അണിഞ്ഞ ഒരു സ്ത്രീരൂപത്തെ കൊട്ടാരത്തിലെ മുറികളിലൊന്നിൽ കണ്ടവരേറെ. ആ മുറിക്ക് ഹോണ്ടഡ് ഗാലറി എന്നാണു പേരുതന്നെ. ഇനി ട്രെവറിലേക്ക് തിരിച്ചെത്താം: കൊട്ടാരം മുഴുവൻ കറങ്ങുന്നതിനിടെ ആ നാൽപത്തിയഞ്ചുകാരൻ നിറയെ ചിത്രങ്ങളെടുത്തിരുന്നു. ഒറ്റനോട്ടത്തിൽ സാധാരണ ചിത്രങ്ങൾ. എന്നാൽ അതു കണ്ടുകൊണ്ടിരിക്കെ ഒരു സുഹൃത്താണ് ചോദിച്ചത്: ഏതാണീ ഫോട്ടോയിലെ പെൺകുട്ടി? ചോദ്യം കേട്ട് ട്രെവറിനും ആശയക്കുഴപ്പം. ഫോട്ടോ നോക്കി–കൊട്ടാരത്തിലെ ഒരു കോണിപ്പടിക്കു മുകളിലെ കാഴ്ചയാണ്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കണ്ടത്. കോണിപ്പടിയേറി എത്തുന്നയിടത്ത് ഒരു വെളുത്ത സ്ത്രീ രൂപം. പതിനാറോ പതിനേഴോ വയസ്സുള്ള ഒരു പെൺകുട്ടി. അല്ലെങ്കിലൊരു യുവതി. പഴയകാല വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അവളവിടെ മുട്ടുകുത്തിയിരുന്ന് മുന്നിലെ സ്റ്റാന്റിൽ നോക്കി എന്തോ വായിക്കുകയാണ്. ട്രെവറിന് ഉറപ്പായിരുന്നു താൻ ഫോട്ടോയെടുക്കുമ്പോൾ അവിടെ മറ്റൊരാളു പോലുമുണ്ടായിരുന്നില്ല. അതോടെ കക്ഷി ഫോട്ടോയിൽ കൃത്രിമം എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നന്വേഷിച്ചു. ഫോട്ടോ കൊട്ടാരത്തിലേക്കും അയച്ചു. പരിശോധനയിൽ ഫോട്ടോയിൽ കൃത്രിമമൊന്നുമില്ലെന്നു തെളിഞ്ഞു. പിറകെ കൊട്ടാരത്തിൽ നിന്നു സന്ദേശമെത്തി–ഇതേയിടത്തു വച്ചു തന്നെ കൊട്ടാരത്തിലെ ഒരു കാവൽക്കാരൻ സമാനമായ രൂപത്തെ മുൻപും പല തവണ കണ്ടിട്ടുണ്ട്. പക്ഷേ ഇതാദ്യമായിട്ടാണ് ഇത്രയും കൃത്യമായൊരു തെളിവ് ലഭിക്കുന്നത്. സംഗതി എന്തായാലും പാശ്ചാത്യമാധ്യമങ്ങളിൽ ചിത്രം സഹിതം വലിയ വാർത്തയായി. പക്ഷേ പ്രേതമുണ്ടെന്നു കേട്ടു പേടിച്ച് ആരും കൊട്ടാരത്തിലേക്ക് വരാതിരിക്കുന്നൊന്നുമില്ല. ഇപ്പോഴും സന്ദർശക പ്രവാഹമാണിങ്ങോട്ട്. തിരക്കൽപം കൂടിയിട്ടുണ്ടെങ്കിലേയുള്ളൂ...

കാതറിൻ ഹൊവാർഡ് കാതറിൻ ഹൊവാർഡ്
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.