Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയ്ഹാനെ തോൽപിക്കാനാവില്ല ടീച്ചറേ.... വൈറലായി രണ്ടാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

raihaan റെയ്ഹാൻ പരീക്ഷയ്ക്കെഴുതിയ ഉത്തരം

ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ.. മലയാളം കേട്ടുതഴമ്പിച്ചൊരു ഡയലോഗാണിത്. വടക്കൻ വീരഗാഥ എന്ന ക്ലാസിക് സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ചു തകർത്ത ആ രംഗവും സംഭാഷണവുമൊക്കെ ഓരോരുത്തർക്കും മന:പാഠമാണ്. അതാണിപ്പോൾ ആറുവയസുകാരൻ റെയ്ഹാനും പറയാനുള്ളത്. കോട്ടയം സ്വദേശിയായ റെയ്ഹാന്‍ സ്കൂളിലെ പരീക്ഷയ്ക്കു മുന്നോടിയായി വീട്ടിൽ അമ്മയിട്ട കുട്ടിപ്പരീക്ഷയിലെ ഒരു ചോദ്യത്തിനു മുന്നില്‍ പകച്ചു നിൽക്കാതെ നൽകിയ ഉത്തരമാണു ഇന്റർനെറ്റിൽ വൈറലാകുന്നത്.

രണ്ടാംക്ലാസുകാരനായ റെയ്ഹാൻ ചോദ്യപേപ്പർ വായിച്ചു തുടങ്ങിയപ്പോഴാണ് ഒരു വളർത്തുമീനിനെ കിട്ടിയാൽ എന്തു ചെയ്യും എന്ന ചോദ്യം കണ്ടത്. ആലോചിച്ചു തലപുകയ്ക്കും മുമ്പേ റെയ്ഹാന് ഉത്തരം കിട്ടി, ഒരു കിടിലൻ അക്വേറിയം വാങ്ങി അതിനുള്ളിലിടും. എന്നോടാണോ കളിയെന്നോർത്ത് ഉത്തരം എഴുതാൻ തുടങ്ങിയപ്പോഴാണു പ്രശ്നം. അക്വേറിയം എന്നതിത്തിരി കടുപ്പമുള്ള വാക്കാണല്ലോ സ്പെല്ലിങ്ങാണെങ്കിൽ ഓർമ കിട്ടുന്നുമില്ല. എന്നുകരുതി ആ ഉത്തരം വിട്ടുകളയാം എന്നൊന്നും റെയ്ഹാൻ ചിന്തിച്ചില്ല കേട്ടോ പകരം തനിക്കറിയുന്നതുപോലെ തന്ന‌െ ഉത്തരം കൂളായി എഴുതിവച്ചു.

എങ്ങനെയെന്നല്ലേ? എയും ക്യുവും എഴുതിയതിനു ശേഷം ബാക്കി സ്പെല്ലിങ് മറന്നുപോയ റെയ്ഹാൻ അവിടം വിടുന്നതിനു പകരം 'റിയം' എന്നു മലയാളത്തിൽ അങ്ങെഴുതിവച്ചു. ഇവിഎസ് പരീക്ഷയ്ക്കു റെയ്ഹാൻ എഴുതിയ ഈ ഉത്തരം അമ്മ ഹന്ന അനീഷ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് വൈറലായത്.

കാര്യം റെയ്ഹാന്റെ ഉത്തരം കാഴ്ച്ചക്കാരിൽ ചിരിയുണർത്തുന്നതാണെങ്കിലും ആ കുരുന്നുമനസിന്റെ ആത്മവിശ്വാസം ആണ് ഉത്തരത്തിൽ പ്രതിഫലിക്കുന്നത്. തന്റെ ഉത്തരം ശരിയാണ് അത് അറിയിക്കുക തന്നെ വേണം എന്നുറപ്പിച്ച റെയ്ഹാൻ തനിക്കറിയുന്നതുപോലെ അതു പ്രതിഫലിപ്പിക്കുകയും ചെയ്തു. അതായതു റെയ്ഹാനു മുന്നിൽ മാർഗമല്ല, ലക്ഷ്യമാണു പ്രധാനം... !