Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീരോടെ സങ്കടങ്ങൾ പറഞ്ഞ ആ പ്രവാസി ഇന്നു ജയിലിലാണ് !

gulf

ദുരിതക്കയത്തിൽ നിന്നും കരകയറാനാണ് പലരും പ്രവാസ മോഹവുമായി കടൽ കടക്കുന്നത്. ആരോരുമറിയാത്ത നാട്ടിൽ ഒറ്റയ്ക്കു കഴിയുമ്പോഴും തന്റെ കുടുംബത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി കഷ്ടപ്പാടുകളെല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുകയാണ് അവർ. അതിലൊരുവനാണ് കർണാടക സ്വദേശിയായ അബ്ദുൾ സത്താർ മാകാന്ദർ. തൊഴിലുടമയുടെ പീഢനങ്ങൾ സഹിക്കവയ്യാതെ തന്റെ വിഷമം പുറംലോകത്തെ അറിയിച്ചതിന്റെ പേരിൽ ഇന്നു സൗദി ജയിലിൽ കഴിയുകയാണ് ഇദ്ദേഹം.

തൊഴിലുടമയുടെ പീഡനങ്ങൾ അതിരു കടന്നപ്പോഴാണ് സത്താർ തന്റെ സങ്കടങ്ങൾ ഒരു വിഡിയോ ആക്കി പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച്ചയാണ് സത്താറിന്റെ വിഡിയോ സുഷമ സ്വരാജിനെയടക്കം ടാഗ് ചെയ്ത് സാമൂഹിക പ്രവർത്തകനായ കുന്ദൻ ശ്രീവാസ്തവ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പക്ഷേ അതു സത്താറിന്റെ ജീവനു തന്നെ ഭീഷണിയായിരിക്കുകയാണ് ഇപ്പോൾ. സൗദി ജയിലിൽ കഴിയുന്ന സത്താറിന്റെ ജീവന്‍ അപകടത്തിലാണെന്ന് സാമൂഹിക പ്രവർത്തകനായ കുന്ദൻ ശ്രീവാസ്തവ പറയുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്ന പേരിൽ സത്താറിനെ അധികൃതർ ജയിലിൽ അടച്ചിരിക്കുകയാണത്രേ.

അതിനിടെ വിഡിയോ ഫേസ്ബുക്കിൽ നിന്നും പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സത്താറിന്റെ തൊഴിലുടമ കുന്ദനെ സമീപിച്ചിരുന്നു. തുടർന്ന് കുന്ദൻ വിഡിയോ പിൻവലിച്ചതോടെ സത്താറിനെ മോചിപ്പിച്ചുവെങ്കിലും വീണ്ടും ജയിലിൽ അടച്ചുവെന്നാണ് വിവരം. താൻ വഞ്ചിക്കപ്പെട്ടുവെന്നും സത്താറിന്റെ മോചനത്തിനായി സർക്കാരും മാധ്യമങ്ങളും അടക്കമുള്ളവർ മുന്നോട്ടു വരണമെന്നും കുന്ദൻ പറയുന്നു.

ട്രക്ക് ഡ്രൈവർ ജോലിയ്ക്കായാണ് സത്താർ ഗള്‍ഫിലേക്കു പോയത്. കഴിഞ്ഞ 23 മാസമായി താൻ ഗൾഫിലാണെന്നും അഞ്ചു മാസം മുമ്പു അവധിയ്ക്കായുള്ള അപേക്ഷ നൽകിയിട്ടും അനുമതി നൽകുകയോ മതിയായ ശമ്പളമോ ഭക്ഷണമോ നൽകുന്നില്ലെന്നുമാണ് കണ്ണുനീരോടെ സത്താർ വിഡിയോയില്‍ പറഞ്ഞത്.

Your Rating: