Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 വർഷം പഴക്കമുള്ള മൃതശരീരത്തെ ആരാധിച്ച് ഒരു ഇന്ത്യൻ ഗ്രാമം !

Mummy ഹിമാചല്‍ ‌പ്രദേശിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങൾ ആരാധിക്കുന്ന 500 വര്‍ഷം പഴക്കമുള്ള മൃത ശരീരം

മൃതശരീരങ്ങളെ സൂക്ഷിച്ചു വയ്ക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് ഈജിപ്റ്റുകാർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ് എന്നു കരുതിയെങ്കിൽ തെറ്റി. ഇന്ത്യയിലും അത്തരത്തിൽ മമ്മികളെ ആരാധിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. ഹിമാചല്‍ ‌പ്രദേശിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങൾ ആരാധിക്കുന്നത് 500 വര്‍ഷം പഴക്കമുള്ള ഒരു മൃത ശരീരത്തെയാണ്. ഗ്രാമവാസികളെ  എല്ലാ ആപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നത് ഈ മൃത ശരീരമാണെന്നാണ് അവരുടെ വിശ്വാ‌സം.

1975ല്‍ ഒരു ഭൂമി കുലുക്കം ഉണ്ടായതിനെ തുടർന്നാണ്  ട്രാന്‍സ് ഹിമാലയന്‍ ഗ്രാമങ്ങളില്‍  ഗ്യൂ ഗ്രാമം വേറിട്ടു വന്നത്. ശക്തമായ ഭൂമികുലുക്കത്തെ തുടര്‍ന്ന് ഗ്രാമത്തിലെ മണ്ണ് പിളർന്നപ്പോഴാണ് 500 വർഷത്തോളം  പഴക്കം ചെന്ന ഒരു മൃതദേഹം കണ്ടുകി‌ട്ടിയത്. ആ ഭൂമികുലുക്കത്തിൽ നിന്നും ഗ്രാമത്തെ രക്ഷിച്ചത് ആ മമ്മിയുടെ ശക്തിയാണ് എന്ന് ഗ്രാമവാസികൾ വിശ്വസിച്ചു. അവർ മൃതദേഹത്തെ ആരാധനാലയം തീർത്തു പൂജിക്കാനും തുടങ്ങി. 

സാധാരണയായി ഈ നാട്ടിൽ  ഒരാള്‍ മരണമടഞ്ഞാല്‍ ദഹിപ്പിക്കുകയോ മണ്ണില്‍ മറവ് ചെയ്യുകയോ ആണ് പതിവ്, മമ്മീഫൈ ചെയ്തു സൂക്ഷിക്കാറില്ല . അതിനാലാണ് ഹിമാലയത്തിലെ സ്പിറ്റി താഴ്‌വരയിലെ ഗ്യൂ ഗ്രാമത്തില്‍ നിന്നു  കണ്ടെടുത്ത മമ്മിക്കു വളരെയേറേ പ്രാധാന്യം ലഭിച്ചത്. കുത്തിയിരിക്കുന്ന രൂപത്തില്‍ കണ്ടെടുത്ത മമ്മി എങ്ങനെ ഇവിടെ വന്നു എന്നത് ഏറെ ചർച്ചയായിരുന്നു. അതിനുശേഷം ഏറെ നാളായി ഈ മമ്മി മലമുകളിലായി  സംരക്ഷിച്ച് വരുന്നു. 

Mummy ഹിമാചല്‍ ‌പ്രദേശിലെ ഗ്യൂ എന്ന ഗ്രാമത്തിലെ ജനങ്ങൾ ആരാധിക്കുന്ന 500 വര്‍ഷം പഴക്കമുള്ള മൃത ശരീരം

ബുദ്ധ സന്യാസിയുടെ മമ്മി ?

സങാ ടെന്‍സിന്‍ എന്ന ബുദ്ധ സന്യാസിയുടെ മൃതദേ‌ഹമാണ് ഈ മമ്മി എന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ ഗ്രാമീണരെ പ്ലേഗില്‍ നിന്നു രക്ഷിച്ചത് ഈ സന്യാസിയാണെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്. അദ്ദേഹം മരണപ്പെട്ടപ്പോൾ ആകാശത്ത് ഒരു മഴവില്ല് ഉണ്ടായെന്നും അതിന്റെ ശക്തിയാല്‍ പ്ലേഗ് ഇല്ലാതായെന്നും പറയപ്പെടുന്നു. മരണശേഷവും സന്യാസിയുടെ ദിവ്യ ചൈതന്യം ഗ്രാമത്തെ സംരക്ഷിച്ചു വരുന്നതായി ഇവിടുത്തുകാർ വിശ്വസിക്കുന്നു. 

ഈ മൃതദേഹം സംരക്ഷിക്കാന്‍  രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. എന്നിട്ടും ഈ മൃത‌ദേഹം എങ്ങനെ ഇത്രകാലം അഴുകാതെ നില നിന്നു എന്നത് ഏവരിലും അത്ഭുതമുണർത്തുന്നു.  എന്നാൽ ഹിമാലയത്തോടു ചേർന്നു നിൽക്കുന്ന ഈ ഗ്രാമത്തിലെ തണുത്ത കാലവസ്ഥ ആയിരി‌ക്കും  മൃതദേഹം അഴുകാതെ നിലനിർത്തിയതെന്നു പറയുന്നു  ഗവേഷകര്‍.

മലമുകളിലായുള്ള ഗ്യൂ ഗ്രാമത്തിലെ ബുദ്ധ വിഹാരത്തിലാണ്  മമ്മി ഇപ്പോള്‍ സൂക്ഷിച്ച് വച്ചിരിക്കുന്നത്. ജീവിക്കുന്ന ദൈവമായാണ് ഇവിടുത്തെ ഗ്രാമീണര്‍ ഈ മമ്മിയെ കണക്കാക്കുന്നത്.ഇന്ത്യ - ചൈന അതിര്‍ത്തിയിലാണ് ഗ്യൂ ഗ്രാമം സ്ഥിതി ‌ചെയ്യുന്നത്.അതിനാൽ തന്നെ മുൻകൂട്ടി അനുവാദം വാങ്ങി ഈ മമ്മി കാണുന്നതിന്  മാത്രമായി ധാരാളം സഞ്ചാരികൾ ഇവിടെയെത്തുന്നു.