Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണികളെ ഞെട്ടിക്കുന്ന കിടിലൻ പ്രകടനവുമായി മൂന്നുവയസുകാരൻ ഡിജെ

arch-junior

കൊച്ചരിപ്പല്ലുകൾ മുളയ്ക്കുന്നതിനും അടിതെറ്റാതെ നടക്കാൻ പഠിക്കുന്നതിനും മുമ്പു തുടങ്ങിയതാണ് ആർക്ക് ജൂനിയർ എന്ന കൊച്ചുകുറുമ്പന്റെ ഡിജെപ്രേമം. ഒന്നാം വയസുമുതൽ ഡിജെയോടുള്ള കൊച്ചു ആർക്കിന്റെ ഇഷ്ടം മാതാപിതാക്കൾ മനസിലാക്കിയെങ്കിലും അന്നവർ അതത്ര കാര്യമാക്കിയിരുന്നില്ല. ഇപ്പോൾ വെറും മൂന്നാംവയസില്‍ സൗത്ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ടിവി ഷോ ആയ സൗത്ആഫ്രിക്കാസ് ഗോട്ട് ടാലന്റ് പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാവുക കൂടി ചെയ്തപ്പോൾ ആർക്ക് ജൂനിയർ തെളിയിച്ചിരിക്കുന്നു ഡിജെ തനിക്കു തമാശയല്ലെന്ന്. മാത്രമോ ഗോൾഡൻ ബസർ സ്വന്തമാക്കി സെമി ഫൈനലിൽ നേരിട്ടു പ്രവേശിക്കാനുള്ള യോഗ്യതയും നേടിയിരിക്കുകയാണ് ആർക്ക്.

അച്ഛനൊപ്പം ആര്‍ക്ക് സ്റ്റേജിൽ കടന്നു വന്നപ്പോൾ ജഡ്ജസ് ശരിക്കുമൊന്ന് അന്തിച്ചു. ഈ മൂന്നു വയസുകാരൻ ഇത്തരമൊരു ഷോയില്‍ എന്തു ചെയ്യാൻ. പക്ഷേ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഡിജെ അക്ഷരാര്‍ഥത്തിൽ ജഡ്ജസിനെയും കാണികളെയും അമ്പരപ്പിക്കുകയായിരുന്നു. അച്ഛന്റെ ഒക്കത്തിരുന്നു വന്നു തെല്ലുനാണത്തോടെ കാണികളോട് ഹായ് പറഞ്ഞ കുട്ടിക്കുറുമ്പൻ ഡിജെ പാർട്ടി തുടങ്ങിയതോടെ സദസും ജഡ്ജസും ആഹ്ലാദാരവങ്ങൾ തുടങ്ങി. പ്രായത്തെക്കാൾ കവിഞ്ഞ ഗൗരവത്തോടെ ഓരോ ട്യൂണും സൗണ്ടും മാറ്റിയും മറിച്ചും അവൻ സദസിനെ ആസ്വദിപ്പിക്കുകയും ഒപ്പം സ്വയം ആസ്വദിക്കുകയും ചെയ്തു.

മകന് ഡിജെയോടുള്ള പ്രിയം മനസിലായതോടെ അവനു ഒരു വയസു മാത്രം പ്രായമുള്ളപ്പോൾ ചില ഡിജെ സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്തു നൽകുകയായിരുന്നുവെന്ന് അച്ഛൻ ഗ്ലെൻ ഹ്ലോങ്വേൻ പറഞ്ഞു. വെറും മൂന്നു വയസിൽ ഇത്രയും കഴിവുണ്ടെങ്കിൽ കുറച്ചു കഴിഞ്ഞാൽ ആർക്കിനെ പിടിച്ചാൽ കിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ആർക്ക് ജൂനിയറിന്റെ ഡിജെ മികവു തെളിയിക്കുന്ന വിഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്.