Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേശയ്ക്കടിയിൽ കുടുങ്ങിയ ഇരട്ട സഹോദരനെ രക്ഷിച്ച് 2 വയസുകാരൻ, വിഡിയോ വൈറൽ

twin-saving

കുട്ടികള്‍ ഒരിക്കലും ഒരിടത്ത് അടങ്ങിയിരിക്കാറില്ല. ചുമരിലും മേശയിലുമൊക്കെ എത്തിപ്പിടിച്ചു കയറാൻ നോക്കിയും പല സാധനങ്ങളും വലിച്ചു താഴെയിട്ടുമൊക്കെ പരമാവധി കുരുത്തക്കേടുകൾ കാണിച്ചാണ് അവർ വളർന്നു വരുന്നത്. ഇതിനിടയില്‍ ചിലപ്പോഴൊക്കെ അപകടങ്ങൾ സംഭവിച്ചേക്കാനും സാധ്യതയുണ്ട്. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന ഒരു വിഡിയോ ഒരു രക്ഷപ്പെടുത്തലിന്റേതാണ്. ഡ്രസിങ് ടേബിളിനടിയിൽപ്പെട്ട ഇരട്ട സഹോദരനെ സാഹസികമായി രക്ഷിക്കുന്ന രണ്ടു വയസുകാരനാണ് വി‍ഡിയോയിലെ താരം.

ഡ്രസിങ് ടേബിളിലേക്ക് വലിഞ്ഞു കേറുന്ന ഇരട്ട സഹോദരന്മാരിലൂടെയാണ് വിഡിയോ തു‌ടങ്ങുന്നത്. എത്തിപ്പിടിച്ചു കയറാൻ ശ്രമിക്കുന്നതിനിടയിൽ ഡ്രസിങ് ടേബിൾ ഇരട്ടകളിലൊരാളുടെ ദേഹത്തേക്കു മറിഞ്ഞു വീഴുന്നു. ആർത്തു കരയുന്ന സഹോദരനെ നോക്കി നിൽക്കുകയല്ല മറിച്ച് സാഹസികമായി അവനെ രക്ഷപ്പെടുത്തുകയാണ് വെറും രണ്ടു വയസു മാത്രമുള്ള ആ കുരുന്നു ചെയ്തത്.

പാടുപെട്ട് ആ ഡ്രസിങ് ടേബിൾ തള്ളിനീക്കി വാവിട്ടു കരയുന്ന സഹോദരനെ വേദനയിൽ നിന്നും അവൻ രക്ഷിച്ചു. ഡ്രസിങ് ടേബിൾ താഴെ വീഴുന്ന ശബ്ദം കേട്ടിരുന്നില്ലെന്നാണ് കുട്ടികളുടെ അമ്മ കായ്‍ലി ഷോഫ് പറയുന്നത്, വിഡിയോ കണ്ടതിനു ശേഷം മാത്രമാണ് സംഭവിച്ചത് അറിഞ്ഞത്.

ഡ്രസിങ് ടേബിളുകൾ കൊച്ചുകുട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ വെക്കാതെ അവ ചുമരുകളിൽ പിടിപ്പിച്ചിരിക്കുന്ന രീതിയിൽ വെക്കുകയാണ് നല്ലതെന്നു പറഞ്ഞ് കുട്ടികളുടെ പിതാവ് റിക്കി ഷോഫ് ആണ് വിഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഈ വിഡിയോ പോസ്റ്റ് ചെയ്യാൻ തനിക്കു മടിയുണ്ടായിരുന്നുവെന്നും എന്നാൽ അവബോധം ഉണ്ടാക്കുന്നതിനൊപ്പം ഈ ഇരട്ടകൾ തമ്മിലുള്ള അവിശ്വസനീയമായ അടുപ്പം കൂടി വ്യക്തമാക്കാനാണ് താൻ അതു പങ്കുവച്ചതെന്നും റിക്കി പറയുന്നു.
 

Your Rating: