Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവളാണു ഹീറോ, കമന്റടിച്ചയാളെ പിൻതുടർന്ന് പണികൊടുത്ത് പെൺകുട്ടി, വിഡിയോ

Cyclist Woman

സ്ത്രീകൾ അതിക്രമിക്കപ്പെടുന്നതിന്റെ വാർത്തകളുമായാണ് മിക്ക പുലരികളും പിറക്കുന്നത്. ശാരീരികമായി മാത്രമല്ല വാക്കുകൊണ്ടും നോക്കു കൊണ്ടുമൊക്കെ അവൾ ഒരുപാട് അനുഭവിക്കുന്നുണ്ട്. ചില കമന്റടികൾ സഭ്യത ലംഘിക്കുമ്പോഴും പല പെൺകുട്ടികളും പ്രതികരിക്കാനാകാതെ മറുത്തൊന്നും മിണ്ടാതെ പോകാറുണ്ട്. വഴിയരികില്‍ ശല്യപ്പെടുത്തുന്നവർക്ക് അസൽ മറുപടി കൊടുത്താൽ തീരുന്ന പ്രശ്നങ്ങളാണ് പലതും എന്നറിയാമെങ്കിലും പലരും മിണ്ടില്ല. എന്നാൽ അത്തരക്കാർക്ക് ഒരു മാതൃകയാവുയാണ് സമൂഹമാധ്യമത്തിലെ താരമായിക്കൊണ്ടിരിക്കുന്ന ഒരു പെൺഹീറോ. തന്നെ കമന്റടിച്ചവരെ വിടാതെ പിൻതുടർന്ന് എട്ടിന്റെ പണി കൊടുക്കുന്ന പെൺകുട്ടിയുടെ വിഡിയോ ആണ് വൈറലാകുന്നത്.

ലണ്ടനിൽ നിന്നു പുറത്തു വന്നിരിക്കുന്ന വിഡിയോയിൽ റോഡ് ക്രോസ് ചെയ്യാനായി സൈക്കിളിൽ കാത്തു നിൽക്കുകയാണ് പെൺകുട്ടി. അപ്പോഴാണ് സമീപത്തെ വാനിലുള്ളയാൾ അവളെ ശല്യപ്പെടുത്തി തുടങ്ങിയത്. കമന്റടി സഹിക്ക വയ്യാതായതോടെ അവൾ വാനിൽ ഇടിക്കുന്നതും തിരികെ ചീത്തവിളിക്കുന്നതും കാണാം. യുവതിയെ തൊടാൻ ശ്രമിക്കുകയും അവളുടെ നമ്പർ ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് വാനിൽ ഇരിക്കുന്നയാൾ. വീണ്ടും അസഭ്യവർഷം നടത്തി കടന്നുകളഞ്ഞ വാൻ യാത്രക്കാരെ വെറുതെ വിടാൻ അവൾ ഒരുക്കമല്ലായിരുന്നു. തന്റെ സൈക്കിളിൽ കുതിച്ചു പിൻതുടർന്ന് വാനിനു വശത്തെ മിറർ പൊളിച്ചടുക്കിയാണ് അവൾ ദേഷ്യം തീർത്തത്.

ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ തന്നെ ലക്ഷങ്ങളാണ് വിഡിയോ കണ്ടതും പങ്കുവച്ചതും. സംഭവമെല്ലാം വിഡിയോയിൽ പകർത്തിയത് യുവതിക്കു പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനും. അതിനിടെ വിഡിയോ വ്യാജമാണെന്നു വാദിച്ചു പലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവം രണ്ടു മൂന്നു തവണ പരിശീലിച്ചതിനു ശേഷം കരുതിക്കൂട്ടി തയ്യാറാക്കിയതാണെന്നും താനതിന് സാക്ഷിയാണെന്നും പറഞ്ഞ് സ്കോട്ട് ഡീൻ എന്നയാൾ രംഗത്തെത്തുകയും ചെയ്തു. വിഡിയോ ഓൺലൈനിൽ വൈറലായതോടെ താൻ ഞെട്ടിപ്പോയെന്നും അയാൾ വ്യക്തമാക്കി.

വൈറൽ വിഡിയോ മീഡിയ കമ്പനി ജങ്കിൾ ക്രിയേഷൻസിന്റെ വൈറൽ ത്രെഡ് ഫേസ്ബുക് പേജിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നതും സംശയത്തിന്റെ ആക്കം കൂട്ടുകയാണ്. സംഗതി എന്തായാലും ശല്യപ്പെടുത്തുന്നവരെ വെറുതെവിടാതെ പിൻതുടർന്നു പണികൊടുത്ത പെൺപുലിക്ക് ആരാധകർ കൂടുകയാണ്.
 

Your Rating: