Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിമുറി പണിയൂ, കാലിൽ വീഴാം

Toilets Representative Image

നാട്ടുകാരെ വൃത്തിയുള്ളവരാക്കി മാറ്റാനുള്ള ഒരു ഗ്രാമത്തലവന്റെ ശ്രമങ്ങൾ അറിയുമ്പോൾ മൂക്കത്തു വിരൽവച്ചു പോകും. ശുചിമുറി പണിയാനുള്ള ആഹ്വാനം നിറവേറ്റാൻ ഉപദേശങ്ങൾക്കു കഴിയാതെ വന്നപ്പോൾ കാലിൽവീണ് അപേക്ഷിക്കുകയാണ് കർണാടകയിലെ ഒരു ഗ്രാമമുഖ്യൻ. കർണാടകയിലെ കോപ്പൽ ജില്ലയിലെ ശ്രീരാംനഗർ പഞ്ചായത്ത് തലവൻ ശ്രീനിവാസ് കർത്തുരിയാണ് പുതിയ വിദ്യയുമായി തന്റെ ജനത്തിനു മുന്നിൽ എത്തിയത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ കടുത്ത ആരാധകനാണ് ശ്രീനിവാസ്.

2019ഓടെ ഇന്ത്യയിൽ പരസ്യമായുള്ള മലമൂത്രവിസർജനം പൂർണമായി ഇല്ലായ്മ ചെയ്യുകയാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. തന്റെ പഞ്ചായത്തിൽ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിന്റെ വിഷമത്തിലാണ് ഇദ്ദേഹം. തന്റെ ഗ്രാമത്തിൽ 2017ഓടെതന്നെ ലക്ഷ്യം പൂർത്തീകരിക്കണമെന്നതാണ് ശ്രീനിവാസിന്റെ ആഗ്രഹം. 2100 കുടുംബങ്ങളാണ് ശ്രീരാംനഗർ പഞ്ചായത്തിലുള്ളത്. ഇവരിൽ 441 കുടുംബങ്ങൾക്കേ വീട്ടിൽ ശുചിമുറി സൗകര്യമുള്ളൂ. അതായത് പുറത്ത് കാര്യം സാധിക്കുന്നവരുടെ എണ്ണം അത്രയും അധികമാണ്. ഇതാണ് ഗ്രാമത്തലവനെ പതിനെട്ടാമത്തെ അടവിനു പ്രേരിപ്പിച്ചത്.

പ്രസിഡന്റിന്റെ പരസ്യമായ കാലുപിടിത്തം കണ്ടു പലരും പകച്ചുപോയി. ചിലർക്കത് ശല്യമായി. എന്നാൽ കുറച്ചുപേർക്കെങ്കിലും അതു ശുചിമുറി പണിയാനുള്ള പ്രചോദനവുമായി. സ്വന്തമായി ശുചിമുറി പണിയാൻ പണമില്ലാത്തവർക്കു സ്‌പോൺസർമാരെ കണ്ടെത്താൻ സഹായിക്കാനും ഗ്രാമമുഖ്യൻ തയാറാണ്. നോക്കണേ അദ്ദേഹത്തിന്റെ ഉൽസാഹം.. കോപ്പൽ ജില്ലയിലെതന്നെ മറ്റൊരു പഞ്ചായത്ത് നേതാവിന്റെ വിദ്യയെക്കാൾ കാലുപിടി വിദ്യ ഏറ്റതായിതന്നെയാണ് കാണുന്നത്. പരസ്യമലമൂത്ര വിസർജനം കാണുമ്പോൾ വിസിൽ അടിക്കുന്നതായിരുന്നു ആദ്യത്തെ നേതാവിന്റെ സൂത്രം. തല കുനിക്കാൻപോലും വയ്യാത്ത നേതാക്കളുള്ള കാലത്ത് നാടിന്റെ ശുചിത്വത്തിനായി കാലിൽ വീഴുന്ന ഗ്രാമത്തലവൻ കൗതുകകാഴ്ച തന്നെയാണ്.