Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെഗിങ്സ് നിരോധിക്കേണ്ടതു തന്നെയോ? പ്രമുഖർ പ്രതികരിക്കുന്നു!

leggings Representative Image

ലെഗിങ്സ് മലയാളി വനിതകളുടെ പ്രിയ വസ്ത്രമായിട്ട് കാലം കുറച്ചേ ആയുള്ളുവെങ്കിലും വിവാദങ്ങളിൽ ഇടം നേടുകയും ഇത്രയേറെ പഴി കേൾക്കുകയും ചെയ്ത മറ്റൊരു വസ്ത്രം ഉണ്ടാകില്ല. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ജീൻസും ലെഗിങ്സും ഇറക്കം കുറഞ്ഞ പാവാടയും ധരിച്ച് പ്രവേശിക്കാനാകില്ലെന്ന് ഉത്തരവു കൂടി പുറത്തു വന്നതോടെ ലെഗിങ്സ് ചർച്ച കത്തി പടരുകയാണ്. ഇങ്ങനെ പോയാൽ ലെഗ്ങ്സ് എന്ന വസ്ത്രത്തിന് മൊത്തത്തിൽ ഫുൾസ്റ്റോപ്പിടേണ്ടി വരുമോന്ന് വരെ പെൺകുട്ടികൾ ഭയന്നു തുടങ്ങിയിരിക്കുന്നു. ശരീരങ്ങളിലേക്ക് ഒളികണ്ണെറിയുന്നവരെയാണ് ലെഗിങ്സ് അസ്വസ്ഥരാക്കുന്നതെന്ന് ഒരു വിഭാഗം പറയുമ്പോൾ അഴകളവുകൾ അരോചകമാംവിധം പുറത്തു കാണിക്കുന്ന വസ്ത്രം എന്തിനണിയുന്നു എന്ന് മറ്റൊരു കൂട്ടർ.

പൂർണ്ണമായും എതിർക്കുന്നു - അരുന്ധതി ( അഭിനേത്രി, സോഷ്യൽ ആക്റ്റിവിസ്റ്റ്)

arundhathi-actress അരുന്ധതി

പൂർണമായും എതിർക്കുന്നു. വസ്ത്ര സ്വാതന്ത്രം എന്നത് ഒരാളുടെ അടിസ്ഥാന മൗലികാവകാശമാണ്. അതിനെ ഒരു മതസ്ഥാപനം നിഷേധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാവും? കേരളത്തിൽ തന്നെ ഇത്തരത്തിലുള്ള ധാരാളം അലിഖിത നിയമങ്ങളുണ്ട്. പല അമ്പലങ്ങളിലും ചുരിദാറിട്ടാൽ പുറത്തുകൂടി മുണ്ടു ചുറ്റിയാലേ പ്രവേശിക്കാനാകൂ. എല്ലാ മതത്തിലും പൗരോഹിത്യമാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത്തരം നിയമങ്ങളെ നിസാരമായി തള്ളിക്കളയാൻ പറ്റില്ല. ലെഗിങ്സ് ഇടുന്നവർ സാരിയുടുക്കുന്നവരേക്കാൾ മോശമാകുന്നത് എങ്ങനെയാണ്? ഈശ്വരനാണു സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്നവരോട് ഒന്നു ചോദിച്ചോ‌ട്ടെ, ദൈവത്തിനു അറിയാത്തതും കാണാത്തതും ഒന്നുമില്ല അപ്പോ ആ സൃഷ്ടിയെ ചോദ്യം ചെയ്യുന്നതിനു തുല്യമല്ലേ ഇത്തരം നിയമങ്ങൾ. സ്ത്രീകളുടെ സ്വാതന്ത്രം മതത്തെ അസ്വസ്ഥപ്പെടുത്തുന്നതു കൊണ്ടാണിത്. പൗരോഹിത്യത്തിൽ എവിടെയെങ്കിലും സ്ത്രീക്കു സ്ഥാനമുണ്ടോ? സ്ത്രീവിരുദ്ധമായ സ്ഥലമാണത്. നിയമപരമായി ചെറുത്തു നിൽക്കുക തന്നെയാണു വേണ്ടത്. അവിടങ്ങളിലെ സ്ത്രീകൾ പ്രതിഷേധവുമായി മുന്നോട്ടു വരികയാണ് ചെയ്യേണ്ടത്.

ദൈവത്തിനു വേണ്ടി കോംപ്രമൈസ് ചെയ്തൂടേ - പേളി മാണി ( അഭിനേത്രി)

pearly-new പേളി മാണി

ഈ ഉത്തരവ് ഒരു പരിധി വരെ ശരിയാണെങ്കിലും മുഴുവനായി അംഗീകരിക്കാൻ കഴിയില്ല. ഒരിക്കലും ഒരു നിയമമാക്കേണ്ട കാര്യമില്ല. നിങ്ങൾ ഇന്ന വസ്ത്രം ധരിച്ചേ വരാവൂ എന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല. പിന്നെ നൂറുപേരിൽ ഒരാൾ ലെഗിങ്സിനെ മിസ് യൂസ് ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഇങ്ങനെ നടപടി കൈക്കൊള്ളരുത്. വസ്ത്രധാരണത്തേക്കാൾ മനസാണു ശരിയാകേണ്ടത്. ഞാൻ പള്ളിയിൽ പോകാൻ മാത്രം കുറച്ചു വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്. ചില കാര്യങ്ങളെ നമ്മൾ ചോദ്യം ചെയ്യാറില്ല. ഇത്തരം കാര്യങ്ങൾക്ക് സമരം ചെയ്യുന്നതിനോടും എനിക്കു താൽപര്യമില്ല. ദൈവത്തിനു വേണ്ടി നമ്മൾ സ്ത്രീകൾക്ക് ചില കോംപ്രമൈസ് ചെയ്തുകൂടെ.

ഇന്നത്തെ കാലത്ത് എന്തിന് ഇങ്ങനൊരു നിയമം? - രണ്‍ജി പണിക്കർ ( നടൻ, തിരക്കഥാകൃത്ത്)

renji-panikar രണ്‍ജി പണിക്കർ

തമിഴ്നാട്ടിലെ തന്നെ പുരാതന ക്ഷേത്രങ്ങൾ ഇതിനുള്ള മറുപടി പറയും. ഇന്നത്തെ കാലത്ത് ഇതുപോലൊരു നിയമത്തിന്റെ യാതൊരു ആവശ്യവുമില്ല. സാരി ഒരു കാലത്ത് കേരളീയ വസ്ത്രമായിരുന്നില്ല. മാറു മറയ്ക്കാതെ തോർത്തുടുത്തു ന‌ടന്ന കാലമുണ്ടായിരുന്നു. ഒരു തരത്തിൽ പ്രാകൃതത്തിലേക്കുള്ള തിരിച്ചു പോക്കെന്നേ ഈ അവസ്ഥയെ വിശേഷിപ്പിക്കാനാവൂ.

ഇതൊരു പൊതുപ്രശ്നമാണോ? - സിന്ധു ജോയ്

sindhu-joy ഡോ.സിന്ധു ജോയ്

സത്യത്തിൽ ഇതൊരു പൊതുപ്രശ്നമായി കാണാൻ കഴിയില്ല. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ടുള്ള കാര്യമാണ്. ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അവിടുത്തെ പാരമ്പര്യവുമായി ബന്ധപ്പെട്ടു നിൽക്കുന്നവയാണ്. പിന്നെ പൊതുസമൂഹത്തിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എതിർക്കപ്പെടേണ്ടതാണ്. വസ്ത്രധാരണം തീർത്തും വ്യക്തി സ്വാതന്ത്രത്തിൽ അധിഷ്ഠിതമാണ്. അത്തരം നിയന്ത്രണങ്ങൾ സാമൂഹിക വളർച്ചയ്ക്ക് തടസമാണ്.

ഉത്തരവിൽ എന്താ തെറ്റ് ? - രാഹുൽ ഈശ്വർ( കേരള യൂത്ത് കമ്മീഷൻ േകാർഡിനേറ്റർ, പ്രഭാഷകൻ)

Rahul Easwar രാഹുൽ ഈശ്വർ

ഉത്തരവിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം ലോകത്തെല്ലാ പ്രഫഷനുകളും എടുത്തു നേക്കൂ. പോലീസിലായാലും ആശുപത്രിയിൽ ആയാലും കോടതിയിലായാലുമെല്ലാം ഡ്രസ് കോഡുണ്ട്. പിന്നെ അമ്പലത്തിൽ വരുമ്പോൾ മാത്രമെന്താണു പ്രശ്നം? അമ്പലങ്ങളിലെ ഡ്രസ് കോഡ് എന്താണെന്നു നിശ്ചയിക്കാനുള്ള അവകാശം അവിടങ്ങളിലെ അധികാര കേന്ദ്രങ്ങൾക്കു തന്നെയാണ്. ലെഗിങ്സ് ധരിക്കുമ്പോൾ അവ ശരീരങ്ങളുടെ ആകൃതി എടുത്തു കാണിക്കുകയാണ്. അമ്പലങ്ങളിൽ നമസ്കരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിലും മറ്റും അരോചകമായി തോന്നിയേക്കാം. അച്ഛനോ സഹോദരനോ ഉപദേശിക്കുന്ന പോലെ മാത്രം കണ്ടാൽ മതി ഇതും. വത്തിക്കാനിൽ പോലും സ്ലീവ്‍ലെസും സ്കര്‍ട്ടും അനുവദിക്കില്ല. അവിടെ അതു പ്രശ്നവുമല്ല. അതുെകാണ്ട് ആരാധനാലയങ്ങളിൽ പ്രകോപനപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്നു തന്നെയാണ് അഭിപ്രായം.

ആചാരങ്ങളെ മാനിക്കണം - വി.വി രാജേഷ് ( രാഷ്ട്രീയ പ്രവർത്തകൻ)

v-v-rajesh വി.വി രാജേഷ്

ആത്യന്തികമായും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ളവരാണ് അവിടങ്ങളിലെ കാര്യങ്ങൾ തീരുമാനിക്കുക. അതുകൊണ്ട് അവയെ മാനിക്കുക എന്നേ പറയാനുള്ളു. ആചാരങ്ങൾക്ക് ഭംഗം വരാത്ത രീതിയിൽ ആരാധനാലയങ്ങളിൽ പോകാം. പിന്നെ മാറ്റങ്ങൾ കാലാനുസൃതമാണ്. മുമ്പു ഗുരുവായൂരിൽ ചുരിദാരർ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതു മാറിയില്ലേ.

വ്യക്തി താത്പര്യങ്ങളും വിശ്വാസവും കൂടി കുഴപ്പിക്കണോ? - ആര്യൻ കൃഷ്ണമേനോൻ (നടൻ, സംവിധായകൻ)

aaryan-krishna-menon ആര്യൻ കൃഷ്ണമേനോൻ

നമ്മുടെ വ്യക്തി താൽപര്യങ്ങളും വിശ്വാസങ്ങളും കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. ബീഫ് വിഷയം പോലെതന്നെയാണിതും. എന്തു കഴിക്കണം, ധരിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്. പുരാണങ്ങളിലെ കാര്യങ്ങൾ പലതും ഇന്നത്തെ ഇടുങ്ങിയ ചിന്താഗതിയേക്കാൾ ലിബറൽ ആണ്. ആധുനിക സമൂഹം എന്നു വിശേഷിപ്പിക്കുന്ന ഇന്നത്തെ കാലത്തുള്ള പലർക്കും അംഗീകരിക്കാൻ കഴിയാത്തവ. ഓരോ ഭക്തനും അവന്റെ താൽപര്യത്തിലും സ്വാതന്ത്രത്തിലും തന്നെ വരണം എന്നായിരിക്കും ദൈവവും ഇഷ്ടപ്പെടുക എന്നാണ് എനിക്കു തോന്നുന്നത്. ആരാധനാലയങ്ങളിൽ പോകുന്നവരുടെ മനസിന്റെ ശുദ്ധിയാണ് ഏറ്റവും വലുത്. അല്ലാതെ വസ്ത്രവും വിശ്വാസവും കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

ഇതൊക്കെ എങ്ങനെ അംഗീകരിക്കും? - സജിത മഠത്തില്‍

celebrity-home-sajitha സജിത മഠത്തില്‍

കേരളത്തിൽ ആയാലും ആരാധനാലയങ്ങളിൽ ലെഗിങ്സ് അല്ലെങ്കിൽ മറ്റു വസ്ത്രങ്ങൾക്ക് ചില നിയന്ത്രണങ്ങളുണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമെന്നാണ് ലെഗിങ്സിനെ കുറ്റപ്പെടുത്തുന്നവർ പറയുന്നത്. ലെഗിങ്സ് ധരിച്ചു ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നത് മറ്റു ഭക്തരെ അസ്വസ്ഥരാക്കുമെന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. തമിഴ്നാട്ടിൽ നേരത്തെയൊന്നും ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഇല്ലായിരുന്നു. ഇനി മുതൽ സ്ത്രീകൾക്ക് ധരിക്കുന്ന വസ്ത്രത്തിനനുസരിച്ചു മാത്രമേ അമ്പലങ്ങളിൽ പ്രവേശിക്കാവൂ എന്നു പറയുന്നത് കഷ്ടമാണ്. ജോലിക്കിടയിലും മറ്റു യാത്രകളിലും അമ്പലങ്ങളിൽ പ്രവേശിക്കേണ്ടി വരുന്നവർ എന്തു ചെയ്യും? വീണ്ടും വസ്ത്രം മാറി വരുന്നതൊന്നും ഇന്നത്തെ ആധുനിക കാലത്ത് ചിന്തിക്കാനാവില്ല.

എന്നും കുറ്റം സ്ത്രീകൾക്ക് - അജിത കള്ളത്തുപറമ്പില്‍ ( മലയാളം വിഭാഗം അധ്യാപിക, വിക്ടോറിയ കോളേജ്, പാലക്കാട്)

ajitha അജിത കള്ളത്തുപറമ്പില്‍

ഇതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. ചുറ്റും നോക്കിയാൽ കാണാം സ്ത്രീകളുടെ വസ്ത്രത്തിനു മാത്രമാണ് എപ്പോഴും വിലക്ക്. പുരുഷന്റെ വസ്ത്രധാരണത്തിൽ ആർക്കും നിർബന്ധങ്ങളില്ല. അമ്പലങ്ങളുടെ ആത്മഹത്യാപരമായ നിലപാടാണിത്. സത്യത്തിൽ ഭക്തരിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കും. അങ്ങനെയുള്ള സ്ത്രീകൾക്കു തന്നെ വിലക്കുകൾ ഏർപ്പെടുത്തുന്നത് തീർത്തും തെറ്റാണ്. ഈ ഉത്തരവിനെതിരായി പ്രതിഷേധവുമായി മുന്നോട്ടു വരികയാണ് ചെയ്യേണ്ടത്. ഇത്തരം നിരോധനങ്ങളുള്ള അമ്പലങ്ങൾ സ്ത്രീകൾ ബഹിഷ്കരിക്കുകയും സ്വാതന്ത്രത്തിനു വേണ്ടി പോരാടുകയുമാണ് ചെയ്യേണ്ടത്.

പ്രാർഥനയ്ക്കാണ് പ്രാധാന്യം വസ്ത്രത്തിനല്ല - പ്രസാദ് ദളിതൻ (ഫ്രീലാൻസ് എഡിറ്റർ)

prasad പ്രസാദ് ദളിതൻ

വിശ്വാസികൾ അമ്പലത്തിൽ േപാകുന്നതും പ്രാർഥിക്കുന്നതും ശാന്തി കിട്ടാൻ വേണ്ടിയാണ്. അപ്പോള്‍ അത്തരം ഇടങ്ങളിൽ പ്രാർഥനയ്ക്കാണു പ്രാധാന്യം കൊടുക്കേണ്ടടത്. അല്ലാതെ വസ്ത്രധാരണത്തിനല്ല. ത‌ൊട്ടപ്പുറത്തു നിന്നു പ്രാർഥിക്കുന്നയാൾ എന്തു വസ്ത്രമാണു ധരിച്ചിരിക്കുന്നതെന്നു ഒളിഞ്ഞു നോക്കുന്നത് കപട വിശ്വാസികളാണ്. ആരാധനാലയങ്ങളിൽ അത്തരം വസ്ത്രങ്ങൾ കാണുമ്പോൾ നിയന്ത്രണം നഷ്ടപ്പെ‌ടുന്നവർ എങ്ങനെ യഥാർഥ വിശ്വാസികളാകും?

എന്തുകൊണ്ടും നന്നായി - ജില ശ്രീജിത്ത് ( ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കോട്ടയം മുനിസിപ്പാലിറ്റി)

jila-sreejith ജില ശ്രീജിത്ത്

ഉത്തരവിനോടു പൂർണമായും യോജിക്കുന്നു. കാരണം ആരാധനാലയം പോലുള്ള സ്ഥലങ്ങളിൽ വരുന്നത് പ്രാർഥിക്കാനാണ്. മനസമാധാനത്തിനും ശാന്തിക്കും വേണ്ടി പോകുമ്പോൾ വസ്ത്രങ്ങളിൽ ചില വിട്ടുവീഴ്ചകളാകാം. ഓരോരുത്തരും അവരവരുടെ ശരീരത്തിനു ചേരുന്നവിധത്തില്‍ ഒട്ടും അരോചകമല്ലാതെ വസ്ത്രം ധരിക്കണം. മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന വസ്ത്രങ്ങൾ ആരാധനാലയങ്ങളിലെങ്കിലും ഉപേക്ഷിക്കാം.

വസ്ത്രധാരണം ദൈവം നോക്കുമോ? - രാധിക ചന്ദ്രന്‍ ( റേഡിയോ ജോക്കി, റേഡിയോ മാക്ഫാസ്റ്റ്)

radhika രാധിക ചന്ദ്രന്‍

എന്നെ സാരി ധരിച്ചു മാത്രം വന്നേ ആരാധിക്കാവൂം എന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല. പ്രാർഥന മനസിന്റെ നിയന്ത്രണമാണ്. അതു പാലിക്കാന്‍ സാധിക്കാതെ ക്ഷേത്രങ്ങളിൽ ചെന്നു ദൈവത്തെ വണങ്ങിയിട്ടോ ഗംഗയിൽ മുങ്ങിയിട്ടോ ഒരു പുണ്യവും ലഭിക്കാന്‍ പോകുന്നില്ല. ഇത്തരം അവസ്ഥകൾ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.