Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഡീസ് ഹോസ്റ്റലിൽ ശരിക്കും നടക്കുന്നത്

hostel

ലേഡീസ് ഹോസ്റ്റൽ...പയ്യന്മാർ പലപ്പോഴും തലകുത്തിനിന്നാലോചിക്കാറുണ്ട് എങ്ങനെ ആ പെൺകോട്ടയ്ക്കുള്ളിൽ ഒന്നു മുഖം കാണിക്കാമെന്ന്. ഇത്രയധികം പെൺപട തിങ്ങിപ്പാർക്കുന്ന ലേഡീസ് ഹോസ്റ്റലിനുള്ളിൽ നടക്കുന്നതെന്തൊക്കെയാണെന്നറിയാൻ ചുമ്മാ ഒരു കൗതുകം. അതുതന്നെ മിക്കവരുടെയും കാരണം. ഹോസ്റ്റൽ മുറിയിലൊതുങ്ങിക്കൂടിയിരിക്കുന്ന ന്യൂജൻ പെൺകുട്ടികളുടെയും ഇഷ്ടവിനോദം ചുമ്മാ സെൽഫിയെടുക്കുന്നതു തന്നെ. ഒറ്റയ്ക്കും കൂട്ടമായും പല പോസിലുള്ള സെൽഫികളെടുക്കുക. സ്വന്തം മുഖസൗന്ദര്യം സെൽഫിയിൽ കണ്ട് ആസ്വദിക്കുക. പിന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു കിട്ടുന്ന ലൈക്കുകളുടെ എണ്ണം നോക്കി വെള്ളമിറക്കുക.

മറ്റൊരു പ്രിയവിനോദം ലാപ്ടോപ്പിനു മുന്നിൽ അടയിരുന്നു സിനിമകളും വീഡിയോയും കോമഡി ക്ലിപ്പുകളും വീണ്ടും വീണ്ടും കാണുന്നതാണ്. എത്രവട്ടം ഒരേ സിനിമ കണ്ടാലും മടുക്കില്ല എന്നതാണ് ഹോസ്റ്റൽ പെൺപിള്ളേരുടെ പ്രത്യേകത. അടച്ചുപൂട്ടിയ മുറിക്കുള്ളിൽ വേറെന്തു ചെയ്യാൻ? ഏറ്റവും എളുപ്പത്തിൽ എല്ലാവരും ചെയ്യുന്ന മറ്റൊരു കാര്യം വെറുതെ വാചകമടിച്ചു നേരം കൊല്ലുകയാണ്. ആകാശത്തിനു കീഴെയുള്ള എന്തിനെ കുറിച്ചും സംസാരിക്കും. ഒപ്പം പഠിക്കുന്ന മറ്റൊരു പെൺകുട്ടിയുടെ പ്രണയത്തകർച്ചയെ കുറിച്ചും ബസ് സ്റ്റോപ്പിലെ ജ്യൂസ് കടയിലെ ചുള്ളൻപയ്യന്റെ വായ്നോട്ടത്തെ കുറിച്ചുമൊക്കെ ഇവർ ആധികാരികമായി സംസാരിക്കുന്നതുകേൾക്കുമ്പോൾ ഈ മിടുക്ക് പഠിത്തത്തിൽ കാണിച്ചുകൂടെ എന്ന് ആരും അതിശയിക്കും.

സ്വന്തമായി ഒരു സ്മാർട്ട് ഫോൺ ഉള്ള പെൺപിള്ളേർ ഏതു നേരവും നെറ്റിൽ കുത്തിക്കൊണ്ടേയിരിക്കും. ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ്, മെസഞ്ചർ, ട്വിറ്റർ...അങ്ങനെ സമയം തള്ളിനീക്കാൻ പഴുതുകളേറെ. സ്വന്തം ജീവിതം കോഞ്ഞാട്ടയായാലും കൂടെ താമസിക്കുന്നവരെ ഉപദേശിച്ചു ‘ശരിപ്പെടുത്തുക എന്നതാണ് വലിയൊരു വിഭാഗം പെൺപിള്ളേരുടെ പ്രധാനപരിപാടി. ഉപദേശം കേട്ടാൽ തോന്നും വലിയ അനുഭവസമ്പത്തുള്ളവരാണെന്ന്. ചുമ്മാ! പിന്നെ വേറൊരു ഗൗരവമുള്ള സംഗതി ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിനു കുറ്റം കണ്ടുപിടിക്കുന്നതും വാർഡന് എങ്ങനെയെങ്കിലും ‘എട്ടിന്റ പണി കൊടുക്കുന്നതുമാണ്.

ഏതെങ്കിലും ബോയ്ഫ്രണ്ടിനെ ഒത്തുകിട്ടിയാൽ പിന്നെ കാതിൽ നിന്ന് മൊബൈൽ ഫോൺ മാറ്റുകയേയില്ല. ഏതുനേരവും എന്തെങ്കിലും കൊഞ്ചിക്കുണുങ്ങി പാവം ബോയ്ഫ്രണ്ടിന്റെ മൊബൈൽ ബാറ്ററി അടിച്ചു കളയും. കൂട്ടുകാരി വീട്ടിൽ പോയി വരുമ്പോൾ അമ്മയുണ്ടാക്കിക്കൊടുത്തുവിടുന്ന അച്ചപ്പവും നുറുക്കും എന്നുവേണ്ട, കാച്ചിയ വെളിച്ചെണ്ണയും രാസ്നാദിപ്പൊടിയും വരെ അടിച്ചുമാറ്റുന്നതാണ് മറ്റൊരു പ്രധാന സംഭവം. ഇക്കാര്യത്തിൽ ആരോടും ഒരു ഇളവും ഇക്കൂട്ടർ കാണിക്കില്ലെന്നു മാത്രം. മെസ്സിലെ ബോറൻ ഭക്ഷണത്തിൽ നിന്ന് അൽപമൊരാശ്വാസം കിട്ടാൻ പലരും വാർഡൻ കാണാതെ ഒരു കെറ്റിൽ മുറിയിൽ കരുതിയിട്ടുണ്ടാകും. ഇതുപയോഗിച്ചു മാഗി ഉണ്ടാക്കി കഴിക്കുന്നതാണ് പിന്നെയൊരു പരിപാടി.

അടുത്ത മുറിയിൽ താമസിക്കുന്ന കൂട്ടുകാരികളുടെ ബെർത്ത്ഡേ ആഘോഷങ്ങൾക്ക് എങ്ങനെ സർപ്രൈസ് നൽകാം എന്ന് ചിന്തിച്ചുകാടുകയറുന്നവരും കുറവല്ല. കുളിമുറിയിൽ കയറിയാൽ പാട്ടും കൂത്തുമായി പിന്നെ ഒന്നൊന്നരമണിക്കൂറാണ് പലരും ചെലവഴിക്കുന്നത്. പ്രത്യേകിച്ചു മറ്റു പണിയൊന്നും ഇല്ലാത്തവർ ഇങ്ങനെ കുളിച്ചു സമയം കളയുന്നതിൽ തെറ്റു പറയാനാകുമോ? രാവിലെ കോളേജിലേക്കോ ഓഫീസിലേക്കോ ഒരുങ്ങിപ്പുറപ്പെടാൻ നേരം അടുത്ത മുറികളിലേക്കു പരക്കം പാച്ചിലാണ്..‘എടിയേ നിന്റെ ഇളംനീല ഷോൾ ഒന്നു തരുമോ? എടിയേ നിന്റെ കടുംപച്ച ക്ലിപ്പൊന്നു തരുമോ? ഇങ്ങനെ എല്ലാ ദിവസവും കടം ചോദിക്കുന്നതിൽ യാതൊരു അഭിമാനക്ഷതവും ഇവർക്കു തോന്നില്ല കേട്ടോ. ഇങ്ങനെ പറഞ്ഞാൽ തീരില്ല ഈ പെൺകോട്ടയുടെ വിശേഷങ്ങൾ...