Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈവ് ഷൂട്ടിനിടെ സ്ക്രീനിലെ വനിത അപ്രത്യക്ഷയായി; വിഡിയോ വൈറൽ

Woman vanishes യൂട്യൂബിൽ നിന്നെടുത്ത ചിത്രം

കണ്ടുകണ്ടങ്ങിരിക്കെ കണ്മുന്നിൽ നിന്ന് അപ്രത്യക്ഷരായിപ്പോകുന്ന ഒട്ടേറെ മജീഷ്യന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. അവിശ്വസനീയമാം വിധം യാതൊരു സെറ്റിന്റെയും പിന്തുണയില്ലാതെ വഴിയോരത്തു പോലും അത്തരം അപ്രത്യക്ഷമാകൽ മാജിക്കുകൾ ഏറെ നടക്കുന്നു. എന്തിന് കേരളത്തിലെ മജീഷ്യർ ആനയെ വരെ നിന്നനിൽപിൽ അപ്രത്യക്ഷമാക്കിയിട്ടുണ്ട്! പക്ഷേ അതെല്ലാം മാജിക് ആണെന്നു പറഞ്ഞിട്ടു നടത്തുന്ന പരിപാടികളാണ്, യാഥാർഥ്യമല്ലെന്ന് കാണുന്നവർക്കും അറിയാം. അങ്ങനെയിരിക്കെ അടുത്തിടെ കോപ്പൻഹേഗൻ വിമാനത്താവളത്തിൽ ഒരു സംഭവം നടന്നു. ഡാനിഷ് ടിവി ചാനലായ ടിവി2 ഒരു കായിക താരത്തെ ഇന്റർവ്യൂ ചെയ്യാനെത്തിയതാണ്. വിമാനത്താവളത്തിൽ വച്ച് കായികതാരം കാര്യമായിത്തന്നെയങ്ങനെ സംസാരിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തായി രണ്ട് സ്ത്രീകളെ കാണാം. അവരിലൊരാൾ ലഗേജും തള്ളിക്കൊണ്ടു വരുന്നു. അതിനിടയിൽ പിറകിൽ നിൽക്കുന്ന വനിതയോട് എന്തോ പറയുന്നു. അവർ മുന്നോട്ടു നടക്കുന്നതിനിടെ പിറകിൽ നിന്നിരുന്ന രണ്ടാമത്തെ വനിതയെ മറച്ചിട്ടാണു നീങ്ങിയത്. പക്ഷേ അവർ പോയതോടെ രണ്ടാമത്തെ വനിതയെയും ഒപ്പം കാണാതായി. കൈകെട്ടി, ആരെയോ കാത്തെന്ന പോലെ നിന്ന ആ വനിത ശരിക്കും നിന്നനിൽപിൽ അപ്രത്യക്ഷയായ അവസ്ഥ. അല്ലെങ്കിൽ ലഗേജുമായി പോയ വനിതയ്ക്കൊപ്പം ചേർന്നതു പോലെ.

എന്തായാലും ചാനൽ വിഡിയോ പുറത്തുവിട്ടതോടെ കായികതാരത്തിന്റെ കമന്റിനെക്കാൾ ജനം കണ്ടത് ആ ‘ലൈവ്’ അപ്രത്യക്ഷമാകലായിരുന്നു. വെബ്സൈറ്റ് Imgurൽ വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം കണ്ടത് 30 ലക്ഷത്തിലേറെപ്പേർ. പലരുടെയും യൂട്യൂബ് ചാനലുകളിലും വിഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടു. എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ ടിവി2 ചാനൽ ആദ്യമേ കൈമലർത്തി. കാണാതായ വനിത ആരെന്നും ഒരു പിടിയുമില്ല. അതോടെ രാജ്യാന്തരതലത്തിൽ തന്നെ വിഡിയോയുടെ സത്യാവസ്ഥയറിയാനുള്ള ചർച്ചയും വാഗ്വോദങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കൊഴുക്കുകയും ചെയ്തു. ചിലർ പറഞ്ഞു ആ വനിത ഒരു ‘നവയുഗ മന്ത്രവാദിനി’യാണെന്ന്. മറ്റുചിലർ പറഞ്ഞു അത് ചാനലിന്റെ എഡിറ്റിങ് തന്ത്രമാണെന്ന്. എന്നാൽ ഭൂരിപക്ഷം പേരും പറഞ്ഞത് ആദ്യത്തെ വനിതയുടെ മറവിലൂടെ രണ്ടാമത്തെയാളും നടന്നു പോയതാകാമെന്നാണ്. അതിനുള്ള സൂചനകളും അവർ പറയുന്നു– കാണാതാകുന്നതിന് തൊട്ടുമുൻപ് ആ വനിതയുടെ കാലുകൾ നടക്കാനൊരുങ്ങിയെന്ന വണ്ണം നീങ്ങുന്നതായി വിഡിയോയിൽ കാണാമെന്നതാണ്. മാത്രവുമല്ല, ഇരുവനിതകൾക്കും പിറകിലൂടെ ലഗേജുമായി വരുന്നയാൾക്ക് കണ്മുൻപിൽ ഇത്തരമൊരു അപ്രത്യക്ഷമാകൽ കാണുന്നതിന്റെ ഞെട്ടലുമില്ല. അങ്ങനെയാണ് സംഭവിച്ചതാണെങ്കിൽ കാഴ്ചയെ കബളിപ്പിച്ച ‘ടൈമിങ്ങിന്റെ’ ഒന്നാന്തരം ഉദാഹരണമായിരിക്കും ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ. എന്തായാലും കാണാതായ ‘വൈറൽ വനിത’യെ കണ്ടെത്തുന്നതു വരെ ഇപ്പോഴും ചർച്ചകൾ തകൃതിയായിത്തന്നെ മുന്നേറുകയാണ്.