Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം ഇരട്ടിയാക്കി, ബോസിനു തൊഴിലാളികൾ നൽകിയ സമ്മാനം കേട്ടാൽ ഞെട്ടും !

telsa ഡാന്‍ പ്രൈസ് തൊഴിലാളികൾ സമ്മാനിച്ച കാറിനൊപ്പം

നിങ്ങൾക്കു ശമ്പള വർധനവുണ്ടായെന്നറിയുമ്പോൾ എന്തായിരിക്കും പ്രതികരണം? സന്തോഷത്തോടെ തുള്ളിച്ചാടും, പ്രിയപ്പെട്ടവർക്കൊക്കെ മധുരം സമ്മാനിക്കും, ബോസിനു നന്ദി പറഞ്ഞുകൊണ്ടു എഴുത്തയക്കും എന്നൊക്കെയായിരിക്കും മറുപടി അല്ലേ? പക്ഷേ അങ്ങ് അമേരിക്കയിൽ വേതനം വർധിപ്പിച്ചു നൽകിയ ബോസിനു തൊഴിലാളികൾ സമ്മാനിച്ചതെന്താണെന്നു കേട്ടാൽ ഞെട്ടും.. നാൽപത്തിയാറു ലക്ഷത്തിൽ പരം വില മതിക്കുന്നൊരു ഉഗ്രൻ കാർ. ശമ്പള വർദ്ധനവിന് വേണ്ടി കടി പിടി കൂടുന്ന തൊഴിലാളികളും തൊഴിലാളികൾക്ക് പരമാവധി കുറവ് വേതനം നൽകാൻ മത്സരിക്കുന്ന മുതലാളികളും ഒന്നു ശ്രദ്ധിക്കുക. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നുള്ള ചൊല്ല് പോലെ, തൊഴിലാളികളെ വിശ്വസിച്ചാൽ ഉറപ്പായും അതിനുള്ള ഫലം ലഭിക്കും എന്നു തെളിയിച്ചിരിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഈ സംഭവം. സിഇഒ ഡാന്‍ പ്രൈസ് എന്നു വച്ചാൽ തൊഴിലാളികൾക്ക് ജീവനാണ്.

ഗ്രാവിറ്റി പേയ്മെൻറ്സ് എന്ന കമ്പനിയിലെ 120 തൊഴിലാളികൾ അവരുടെ ഒരുമാസത്തെ ശമ്പളം നീക്കിവച്ചാണ് ബോസിന് അമൂല്യമായൊരു കാർ സമ്മാനിച്ചത്. സംഭവത്തിനു പിന്നിലെ കാരണം അന്വേഷിച്ചു പോയാൽ എത്തിനിൽക്കുക 2015 ഏപ്രിലിലെ ഒരു ദിവസത്തിലേക്കാണ്. അന്നാണു കമ്പനിയുടെ സിഇഒ ആയ ഡാൻ പ്രൈസ് തന്റെ തൊഴിലാളികള്‍ക്കു വേണ്ടി അവിസ്മരണീയമായ ആ തീരുമാനമെടുത്തത് ; മിനിമം വേതനത്തിൽ നിന്നും 70000 ഡോളറിലേക്കു (നാൽപത്തിയാറു ലക്ഷത്തിലധികം) വാർഷിക ശമ്പളം ഉയർത്തി. അത് ഡാൻ ചെയ്തതാകട്ടെ തന്റെ ശമ്പളം വെട്ടിക്കുറച്ചും. 1.1 മില്യൺ ഡോളറായിരുന്ന തന്റെ ശമ്പളം 70000 ഡോളറിലേക്കു താഴ്ത്തിയാണ് ഡാൻ തൊഴിലാളികളുടെ വേതനം വർധിപ്പിച്ചത്. അതായത് ഏഴുകോടിയിലധികം വരുന്ന ശമ്പളം വെറും നാൽപത്തിയാറു ലക്ഷത്തിലേക്കു വെട്ടിച്ചുരുക്കി.

കൂ‌ടുതൽ വരുമാനം ലഭിക്കുന്നത് തൊഴിലാളികളുടെ സന്തോഷം വർധിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു താൻ അവരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് ഡാൻ പറയുന്നു. ബോസിന്റെ അളവിൽ കവിഞ്ഞുള്ള അനുകമ്പയും സ്നേഹവുമൊക്കെ തൊഴിലാളികളുടെ മനം മാത്രമല്ല കണ്ണും നിറച്ചുവെന്നു പ്രത്യേകം പറയേണ്ടല്ലോ. അങ്ങനെ തങ്ങളുടെ ഇഷ്ടത്തിനു വേണ്ടി സ്വന്തം വരുമാനം വെട്ടിക്കുറച്ച ബോസിനായി അവരും സർപ്രൈസ് സമ്മാനം നൽകാൻ തീരുമാനിച്ചു.

ടെസ്‌ല മോഡൽ എസ് കാർ ഡാനിന്റെ സ്വപ്നമായിരുന്നുവെന്ന് അറിഞ്ഞതോടെയാണ് തൊഴിലാളികളെല്ലാം ഒറ്റക്കെട്ടായി നിന്ന് അതു വാങ്ങാനായി മുന്നിട്ടിറങ്ങിയത്. 120 തൊഴിലാളികളുടെയും ഒരുമാസത്തെ വരുമാനം നീക്കിവച്ച് അവർ ആ സമ്മാനം അവരുടെ ബോസിനു സമ്മാനിച്ചു.

തൊഴിലാളികളുടെ അപ്രതീക്ഷിത സമ്മാനം ലഭിച്ചപ്പോള്‍ താൻ ഞെട്ടിയവിവരം ഡാന്‍ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. പണം സ്വരുകൂട്ടി ഗ്രാവിറ്റി തൊഴിലാളികള്‍ എനിക്ക് എന്റെ സ്വപ്‌ന കാര്‍ സമ്മാനിച്ചിരിക്കുന്നു. ബ്രാന്‍ഡ് ന്യൂ ബ്ലൂ ടെസ്‌ല. ഞാന്‍ എങ്ങനെ നന്ദി പറയും? അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കാര്‍ കണ്ടയുടനെയുള്ള സിഇഒയുടെ റിയാക്ഷന്റെ വീഡിയോ ഗ്രാവിറ്റി പേയ്‌മെന്റ്‌സ് പുറത്തു വിട്ടത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സ്വന്തം ശമ്പളം വെട്ടിക്കുറച്ചു തൊഴിലാളികളുടെ വേതനത്തിൽ വര്‍ധനവു വരുത്തിയ അപൂർവം മുതലാളി എന്ന പേരിലാണു ഡാനിപ്പോൾ അറിയപ്പെടുന്നത്. തീർന്നില്ല ഗ്രാവിറ്റി പേയ്മെന്റ്സിൽ ജോലി അന്വേഷിച്ചു യുവാക്കളുടെ തിക്കും തിരക്കുമാണത്രേ ഇപ്പോൾ.