Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2100 വർഷം പഴക്കമുള്ള മമ്മി ഇന്നും സുന്ദരി, അവിശ്വസനീയം ഈ കാഴ്ച !

Mummy ചൈനയിൽ നിന്നും കണ്ടെത്തിയ സിൻ ഷുയി എന്ന ഈ മമ്മിയുടെ പഴക്കം 2100 വർഷമാണ്.

മരണത്തിനപ്പുറം പിന്നീടൊരു ജീവിതമുണ്ടോ? ചിലർ ഇല്ലെന്നു വാദിക്കുമ്പോൾ ഉണ്ടെന്നു വിശ്വസിക്കുന്നവരും കുറവല്ല. പുരാതന ഈജിപ്തുകാർ മരണശേഷമുള്ള ജീവിതത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നു. ഭൂമിയിൽ ഉണ്ടായിരുന്ന കാലത്ത് നടക്കാതിരുന്ന സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ മരണശേഷം സാക്ഷാത്കരിക്കപ്പെടുമെന്ന് അവർ വിശ്വസിച്ചു. അങ്ങനെ മരിച്ചയാളുകളെ സംസ്കരിക്കുന്നതിനൊപ്പം അവർക്കു പ്രിയപ്പെട്ട വസ്തുക്കളും ശരീരത്തോടൊപ്പം അടക്കി മൃതദേഹം കേടുപാടുകൂടാതെ സംരക്ഷിച്ചു പോന്നു. ഇങ്ങനെ സംരക്ഷിച്ചുപോരുന്ന മൃതദേഹങ്ങളാണ് മമ്മികൾ.

ചരിത്രം അവിടെ നിൽക്കട്ടെ, ഇന്നുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നന്നായി സംരക്ഷിച്ചു പോന്ന മമ്മിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ സംസാരവിഷയം. ചൈനയിൽ നിന്നും കണ്ടെത്തിയ സിൻ ഷുയി എന്ന ഈ മമ്മിയുടെ പഴക്കം 2100 വർഷമാണ്. പക്ഷേ ഇപ്പോഴും കക്ഷിയു‌ടെ മുടിയും പല്ലുമൊക്കെ യാതൊരു കേടുപാടുകളും സംഭവിക്കാതെ യൗവനത്തിൽ തന്നെയാണ്. വളരെ മൃദുവായ ചർമവും അധികം കേടുപാടുകളില്ലാത്ത ആന്തരികാവയവങ്ങളും മനോഹരമായ മുടിയും ഒരു കുഴപ്പവും സംഭവിക്കാത്ത പല്ലുകളും കൺപീലികളുമൊക്കെയാണ് ഈ മമ്മി മുത്തശ്ശിക്ക്.

ഹാൻ ഡൈനാസ്റ്റി കാലത്തു ജീവിച്ചിരുന്നതാണ് സിൻ ഷുയി. ചൈനയിലെ ചാങ്ഷായിലെ മലനിരകളിൽ നിന്നും 1971ലാണ് സിന്നിന്റെ ശവകുടീരം കണ്ടെത്തുന്നത്. ഓട്ടോപ്സി റിപ്പോർട്ടിൽ പറയുന്ന പ്രകാരം ഷുയി അമിതവണ്ണക്കാരിയായിരുന്നു. നടുവേദന, രക്തസമ്മർദ്ദം, കരൾ രോഗം, ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയവയ്ക്കെല്ലാം അടിമയായിരുന്നു സിൻ. അമ്പതാം വയസിൽ ഹൃദയാഘാതം വന്നാണ് സിൻ മരിച്ചതെന്നാണ് കരുതപ്പെ‌ടുന്നത്.

40അടി താഴെയായി സ്ഥിതി ചെയ്തിരുന്ന ശവകു‌ടീരത്തിൽ നിരവധി സാധനസാമഗ്രികളും അടക്കിയിരുന്നു. നൂറോളം പട്ടുതുണികളും ഇരുനൂറോളം വിലപിടിപ്പുള്ള പാത്രങ്ങളും മേക്അപ് വസ്തുക്കളുമെല്ലാം സിന്നിനൊപ്പം അടക്കം ചെയ്തിരുന്നു. കൂ‌ടാതെ 162 മരം കൊണ്ടുള്ള പ്രതിമകളും അതിലുണ്ടായിരുന്നു, അവ പരിചാരകരുടെ പ്രതീകമായിരുന്നുവത്രേ.

റിപ്പോർട്ടുകൾ പ്രകാരം സിന്നിന്റെ ശരീരം 20 പട്ടുതുണികളാല്‍ പൊതിഞ്ഞ് ആസിഡ് ലിക്വിഡിൽ നിമജ്ജനം ചെയ്ത് ശവപ്പെട്ടിയിലാണ് സൂക്ഷിച്ചുവച്ചിരിക്കുന്നത്. അഞ്ച് ടൺ കരിയും കളിമണ്ണും കൊണ്ടു മൂടപ്പെ‌ട്ടതാണ് ശവക്കല്ലറ. വെള്ളവും വായവും ക‌ടക്കാതെ നിർമ്മിച്ചിരിക്കുന്നതിനാൽ ബാക്റ്റീരിയകളും പ്രവേശിക്കില്ല. അപ്പോഴും ഒരുകാര്യം സംശയം, ഇത്രയും വർഷങ്ങൾക്കിപ്പുറവും ഈ മമ്മി കേടുപാടുകൂടാതെ ഇരിക്കുന്നതെങ്ങനെ? ശാസ്ത്രജ്ഞർക്കു പോലും അജ്ഞതയാണ് ഈ കാര്യത്തിൽ.

Your Rating: