Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം വെറും ആറു മാസം; സ്കീയിൻമേൽ തെന്നിപ്പായും!!!

water-skiing വാട്ടർ സ്കീയിങ് ചെയ്യുന്ന സൈല

ആറാം മാസത്തിലുള്ള ഒരു കുഞ്ഞിന് എന്തൊക്കെ ചെയ്യാനാകും. കമിഴ്ന്നു കിടക്കുകയും ചിരിക്കുകയും പിടിച്ചു നിൽക്കുകയും മനസിലായില്ലെങ്കിലും അവരുടേതായ ഭാഷയിൽ എന്തെങ്കിലും സ്വരങ്ങളുണ്ടാക്കുകയുമൊക്കെ ചെയ്യുമായിരിക്കും അല്ലേ? വാട്ടർ സ്കീയിങിൽ മിടുക്കു തെളിയിച്ച് ഓൺലൈൻ ലോകത്തു തരംഗം സൃഷ്ടിക്കുകയാണ് വെറും ആറു മാസം പ്രായമുള്ളവൾ. ഫ്ലോറിഡ സ്വദേശിയായ സൈല എന്നു പേരുള്ള കൊച്ചുമിടുക്കിയാണ് വാട്ടർ സ്കീയിങിന്റെ അർഥം പോലും അറിയാത്ത പ്രായത്തിൽ വെള്ളത്തിനു മുകളിലൂടെ കുതിച്ചു പായുന്നത്. ഫ്ലോറിഡയിലെ ഒരു തടാകത്തിലൂടെയാണ് സൈല വാട്ടര്‍ സ്കീയിങ് ചെയ്യുന്നത്. ഒട്ടും ആശങ്കയില്ലാതെ കൂളായി സവാരി ചെയ്യുന്ന സൈല ഇപ്പോൾ ഒരു കുട്ടി ഹീറോ ആയിരിക്കുകയാണ്.

ഫ്ലോറിഡയിലെ സ്കീയിൻ പഠിപ്പിക്കുന്ന സ്കൂൾ പുറത്തു വിട്ട വി‍ഡിയോയിൽ 700 അടിയാണ് സൈല കൂസലേന്യ കുതിച്ചത്. റെക്കോർഡ് ഭേദിക്കുന്ന സവാരിയായിരുന്നു സൈലയുടേതെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വാട്ടർസ്കീയർ എന്ന പദവിയും കൊച്ചു സൈല സ്വന്തമാക്കി.

അച്ഛൻ കീത്തിന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു സൈലയുടെ സ്കീയിങ്. സൈലയുടെ നേട്ടത്തെ അറിയിക്കാൻ ഗിന്നസ് റെക്കോർഡ് അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും പതിനാറു വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ വിവരങ്ങൾ റെക്കോര്‍ഡ് ചെയ്യില്ലെന്ന മറുപടിയാണ് ലഭിച്ചത്. സൈല നിൽക്കാൻ പ്രായമായപ്പോഴേയ്ക്കും എവിടെയാണോ പിടിക്കുന്നത് അവിടം വിടാതെ മുറുകെ പിടിച്ചു നിൽക്കുമായിരുന്നു. ഇതു ശ്രദ്ധിച്ചതോടെയാണ് സൈലയെ വാട്ടർ സ്കീയിങിലേക്കു തിരിച്ചതെന്നു രക്ഷിതാക്കൾ പറയുന്നു.

അതേസമയം നടക്കാൻ പോലും കഴിയാത്ത പ്രായത്തിലുള്ള കുട്ടിയെക്കൊണ്ടു സ്കൈയിങ് ചെയ്യിച്ചതിന് വിമർശനവുമായി ധാരാളം പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത്തിരിപ്പോന്ന കുഞ്ഞിന്റെ ബാലൻസ് തെറ്റിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രശസ്തിക്കുവേണ്ടി ചാടിപ്പുറപ്പെട്ട രക്ഷിതാക്കൾക്ക് നേരെ രൂക്ഷവിമർശനമാണ്.
 

Your Rating: