Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷ് പത്രങ്ങളിൽ നിറഞ്ഞ് ഒരു മലയാളിപ്പെൺകൊടി, അറിയുമോ ഈ മിടുമിടുക്കിയെ?

Nikita Hari നികിത ഹരി

സംരംഭകത്വം അഭിനിവേശമാക്കിയ യുവാക്കളാണ് ഇന്നു ലോകത്തിന്റെ ഗതി മാറ്റി മറിക്കുന്നത്. ഒരു തലമുറയുടെ ചിന്താശേഷികളെ തന്നെ ഉടച്ചുവാര്‍ക്കാന്‍

കെല്‍പ്പുള്ള സംരംഭങ്ങള്‍ക്കാണ് യുവത്വത്തിന്റെ അസാധാരണമായ ഊര്‍ജം ഇന്ധനമാകുന്നതും. അക്കൂട്ടത്തില്‍ അറിഞ്ഞും അറിയപ്പെടാതെയും പോകുന്ന നിരവധി പേരുണ്ട്. അവരിലെ ആ ഊര്‍ജം തന്നെയാണ് നികിത ഹരിയെന്ന വടകരക്കാരിയെയും നയിക്കുന്നത്, പുതിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പ്രേരിപ്പിക്കുന്നതും. 

വിജയത്തിന്റെ പലവിധ ഭാവങ്ങളാല്‍ പ്രകാശപൂര്‍ണമാണ് ഇതിനോടകം ഈ യുവതിയുടെ ജീവിതം. ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നികിത നിറമുള്ള സ്വപ്‌നങ്ങളിലാണ് എന്നും ജീവിക്കുന്നത്. അതില്‍ ചേരികളെ സംരംഭകത്വത്തിന്റെ കളിത്തൊട്ടിലുകളാക്കുന്നതു മുതല്‍ സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ അവതാരമായ കൃത്രിമ ബുദ്ധിയെ ജനകീയവല്‍ക്കരിക്കുന്നതുവരെയുള്ള വലിയ മോഹങ്ങളുണ്ട്.

നേട്ടങ്ങളുടെ നെറുകയില്‍

കഴിഞ്ഞ ദിവസങ്ങളില്‍ നികിത വാര്‍ത്തകളില്‍ നിറഞ്ഞത് പ്രശസ്തമായ ബ്രിട്ടീഷ് പത്രം ടെലഗ്രാഫിന്റെ വിമെന്‍ ഇന്‍ എന്‍ജിനീയറിംഗ് പട്ടികയിലിടം നേടിയതിനോട് അനുബന്ധിച്ചായിരുന്നു. 35 വയസ്സില്‍ താഴെയുള്ള യുകെയിലെ മികച്ച എന്‍ജിനീയര്‍മാരുടെ പട്ടികയിലാണ് നികിത ഹരി ഇടം കണ്ടെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ നേട്ടം കൈവരിക്കുന്നതെന്നതാണ് നികിതയെ വ്യത്യസ്തയാക്കുന്ന ഘടകങ്ങളിലൊന്ന്.

വിദ്യാഭ്യാസവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി സമൂഹത്തെ ശാക്തീകരിക്കുന്നതിനായുള്ള നികിതയുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടി ആയിരുന്നു ടെലഗ്രാഫും വിമന്‍ എന്‍ജിനീയറിങ് സൊസൈറ്റിയും കൂടി പുറത്തുവിട്ട പട്ടികയിലെ തിളക്കമാര്‍ന്ന നേട്ടം.

പ്രൊഫഷന്‍കൊണ്ട് ഗവേഷകയും അഭിനിവേശം കൊണ്ട് സാമൂഹ്യ സംരംഭകയും എന്നാണ് നികിത സ്വയം വിശേഷിപ്പിക്കുക. അതിനു കാരണമുണ്ട് താനും. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായ നികിത രണ്ടു സാമൂഹികസംരംഭങ്ങളുടെ സഹസ്ഥാപകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (കൃത്രിമ ബുദ്ധി) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന 'വുഡി' എന്ന സംരംഭത്തിന് പുറമെ 'ഫവാല്ലി' എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹഉടമസ്ഥയുമാണ് ഇവര്‍. 

വുഡി കോഴിക്കോട് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനെ മാറ്റിയെടുക്കുകയാണ് വുഡിയുടെ ലക്ഷ്യമെന്ന് നികിത പറയുന്നു. മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയെന്ന സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ദൗത്യത്തിനായും ഇവര്‍ ശ്രമം നടത്തുന്നുണ്ട്.

മനുഷ്യനു ചെയ്യാന്‍ സാധിക്കുന്ന പലവിധ കാര്യങ്ങള്‍ അതിന്റെ എത്രയോ മടങ്ങു ശേഷിയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കും. മനുഷ്യവിഭവശേഷിയുടെ കൂടുതല്‍ ക്രിയാത്മകമായ ഉപയോഗപ്പെടുത്തലിന് ഇതു വഴിവെക്കുകയും ചെയ്യും. ഇതിനെ സാധാരണക്കാരിലേക്ക് എത്തിക്കാനും സമൂഹത്തിന്റെ ഏറ്റവും കാതലായ വിദ്യാഭ്യാസ മേഖലയില്‍ ഉപയോഗപ്പെടുത്താനും ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.

വിദ്യാഭ്യാസത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ഉടച്ചുവാര്‍ക്കുകയാണ് ലക്ഷ്യം. ഒപ്പം എഐ ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടത്തും-നികിത പറയുന്നു. ചേരികളെ സിലിക്കണ്‍ വാലികളായി മാറ്റാനാണ് ഫവാലി സ്റ്റാര്‍ട്ടപ്പിലൂടെ നികിത ആഗ്രഹിക്കുന്നത്. 

Nikita Hari വിമെന്‍ ഇന്‍ എന്‍ജിനീയറിങ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നികിത ഹരി

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ നികിത ഫോബ്‌സ് മാസികയുടെ 30 വയസിനു താഴെയുള്ള പ്രതിഭകളുടെ പട്ടിക (സയന്‍സ്-യൂറോപ്പ്, 2015) യിലെ ഫൈനലിസ്റ്റ് തലം വരെ എത്തുകയും ചെയ്തു. എസ്ആര്‍എം സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ നികിത അധ്യാപികയുടെ റോളും ഭംഗിയാക്കിയിട്ടുണ്ട്, കോഴിക്കോട് എന്‍ഐടിയില്‍. 

വടകരയിലെ പഴങ്കാവെന്ന ഗ്രാമത്തില്‍ നിന്ന് ഗവേഷണത്തിന് കേംബ്രിഡ്ജിലേക്ക് ഈ മിടുക്കി പറന്നത് 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആയിരുന്നു. ഊര്‍ജ സ്രോതസ്സുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലാണ് നികിത ഗവേഷണം നടത്തുന്നത്. മിടുക്കികളായ സാധാരണ പെണ്‍കുട്ടികള്‍ക്ക് ഉയരങ്ങള്‍ താണ്ടാന്‍ നികിതയുട കഥ പ്രചോദനം നല്‍കുമെന്ന് തീര്‍ച്ച. ഒപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ജനകീയവല്‍ക്കരണമെന്ന വലിയ പ്രക്രിയയുടെ ഭാഗമാകാനും തനിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. 

Read more: Yuva, Trending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.