Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടക്കിണറ്റിലെ തവള

 Frog Representative Image

മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കലാലയ മാഗസിൻ മൽസരം; മികച്ച മാഗസിൻ കവിതാ പുരസ്കാരത്തിന് അവസാന റൗണ്ടിലെത്തിയ കവിത..

വിരുന്നുവന്ന നീർക്കോലിയാണ്,

നിറഞ്ഞൊഴുകുന്ന പുഴയിലെ ഉച്ചമയക്കത്തെ–

ക്കുറിച്ച് അതിനോടു പറഞ്ഞത്.

വഴിതെറ്റിവന്ന നത്തോലിക്കുഞ്ഞുങ്ങൾക്കും

പറയാനുണ്ടായിരുന്നു ആഴക്കടലിലെ

അത്ഭുതലോകത്തെക്കുറിച്ച്.

അങ്ങനെ

ആരുടെയൊക്കെയോ 

വാക്കുകളിലൂടെ, വർണനകളിലൂടെ...

അതും സ്വപ്നംകണ്ടു.

പുഴ, തീരം, കടൽ, തിര...

പക്ഷേ, വിധി

പൊട്ടക്കിണറ്റിലെ തവളയാകാനായിരുന്നു.

അവിടുത്തെ പന്നലിനും പായലിനുമൊപ്പം

അതിന്റെ സ്വപ്നങ്ങളും തളംകെട്ടിക്കിടന്നു.

എഴുതിവയ്ക്കപ്പെടാത്ത പഴഞ്ചൻ നിയമങ്ങളും

പറഞ്ഞുതീരാത്ത സാരോപദേശങ്ങളും

ഏതൊക്കെയോ കാരണവൻമാർ

പതിവായി അങ്ങോട്ട് 

വലിച്ചെറിഞ്ഞുകൊണ്ടിരുന്നു.

അന്ന്,

അത് തിരിച്ചറിഞ്ഞു.

അതിന്റെ തുറന്ന ലോകത്തെ,

വെട്ടുകല്ലിന്റെ നിരകളാൽ,

പൊട്ടക്കിണറാക്കിയത്,

നിങ്ങളായിരുന്നുവെന്ന്,

നിങ്ങൾ...!

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam