Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സമൂഹമാധ്യമ പ്രണയത്തമാശയാണെന്നു പലരും പറഞ്ഞു, എനിക്കുറപ്പായിരുന്നു അവൾ വരുമെന്ന്'

Jinesh, Mishelle ജിനീഷ് നെൽസനും മിഷേലും

കണ്ണമാലിയിലെ വലക്കടയിൽ കച്ചവടക്കാരിയായി മിഷേലുണ്ട്. ഫിലിപ്പീൻസുകാരിക്ക് കൊച്ചി കടപ്പുറത്ത് വലക്കച്ചവടം നടത്താൻ എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യത്തിനു പിന്നിൽ ഒരു പ്രണയകഥയുണ്ട്. മൂന്നു വർഷം പിന്നിടുന്ന ഒരു ഹൃദയബന്ധത്തിന്റെ ആത്മകഥ കൂടിയാണിത്. 

ഇംഗ്ലിഷ് പഠിച്ച് കൂട്ടുകൂടി

മറുനാട്ടുകാരായ പെൺകുട്ടികൾ മലയാളികളെ ജീവിതപങ്കാളികളാക്കുന്നത് അപൂർവമല്ല. പക്ഷേ മിഷേലിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്.  സൈക്കോളജിയിൽ ഉന്നതബിരുദം നേടിയ ശേഷം  മനിലയിലെ അധ്യാപക ജോലി വിട്ടെറിഞ്ഞാണ് അവൾ കൊച്ചിക്കാരനായ ജിനീഷ് നെൽസന്റെ വധുവാകാൻ തീരുമാനിക്കുന്നത്. സമൂഹമാധ്യമത്തിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു ‘ഹായ്’ൽ തുടക്കം. പിന്നീട് ഇടയ്ക്കിടെ ആ  ഹായ് മാത്രം ആവർത്തിച്ചു. അതിനപ്പുറം പോകാൻ ജിനീഷിന് ഇംഗ്ലിഷ് വശമില്ല. സംസാരിക്കുമ്പോൾ ജീനിഷിനു ശാരീരിക വൈഷമ്യങ്ങൾ നേരിട്ടിരുന്നു. അസുഖകരമായ ശാരീരികാവസ്ഥയിലേക്ക് അതെത്തിക്കും. ഈ പ്രശ്നം കൊണ്ടു പത്താം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നതാണ്. ഈ പ്രശ്നങ്ങളൊക്കെ മിഷേലിനെ ഒരുവിധം അറിയിച്ചു. പക്ഷേ മിഷേൽ പ്രോൽസാഹിപ്പിച്ചു. അറിയുന്ന ഇംഗ്ലിഷിൽ കാര്യങ്ങൾ ധൈര്യമായി പറയാൻ അവൾ ആവശ്യപ്പെട്ടു. ജിനീഷിന്റെ ഇംഗ്ലിഷിലെ തെറ്റുകൾ തിരുത്തി. ഇംഗ്ലിഷ് ബാലികേറാമലയെന്നു കരുതിയിരുന്ന ജിനീഷിന് പതിയെ ആ ഭാഷ വഴങ്ങി. സ്വയം തൊഴിൽ ചെയ്ത് നല്ലൊരു ജീവിതം കെട്ടിപ്പടുക്കണമെന്നു മോഹമുള്ള ജിനീഷ്് പതിയെ മിഷേലിന്റെ ഹൃദയത്തിൽ ഇടംപിടിക്കുകയായിരുന്നു. തന്റെ പരിമിതികളും സാധ്യതകളും പങ്കുവച്ച യുവാവിനെ  ജീവിതപങ്കാളിയാക്കാൻ അവളുറച്ചു. 

13,000 കിലോമീറ്റർ

അമ്മയെ തനിച്ചാക്കി മനിലയിലേക്കു പോകാൻ ജിനീഷിനു കഴിയുമായിരുന്നില്ല. പകരം മിഷേൽ ഇവിടേക്കു വരാൻ തീരുമാനമെടുത്തു. ‘അവൾ കൊച്ചിയിലേക്കു  വരുന്നുവെന്നു  കേട്ടപ്പോൾ എന്റെ ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിച്ചില്ല. പലപ്പോഴും കേട്ടിരിക്കുന്ന സമൂഹമാധ്യമ പ്രണയത്തമാശയാണെന്നു കരുതി. അവരെയും തെറ്റുപറയാനാവില്ല. മനിലയിൽ നിന്നു കൊച്ചിയിലേക്ക് 13,000 കിലോമീറ്റർ ദൂരമുണ്ട്. ഓൺലൈനിൽ മാത്രം പരിചയമുള്ള ഒരാളെ തേടി ഒരു പെൺകുട്ടി ഇത്രദൂരം സഞ്ചരിച്ചുവരികയാണ്. ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ എനിക്കുറപ്പായിരുന്നു അവൾ വരുമെന്ന്.  ഞങ്ങളുടെ ബന്ധം അത്രമാത്രം അഗാധമായി തീർന്നിരുന്നു.’– ജീനിഷ് പറയുന്നു. 

ലളിത ജീവിതം ഇഷ്ടം

ജിനീഷുമായുള്ള ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ചു സമ്മതം വാങ്ങിയ ശേഷമായിരുന്നു മിഷേലിന്റെ വരവ്. പഠനം വ്രതമാക്കിയ പെൺകുട്ടിക്ക് ലളിതമായ ജീവിതമായിരുന്നു താൽപര്യം. സമൂഹമാധ്യമങ്ങളിൽ പോലും അവൾ സജീവമായിരുന്നില്ല. ജിനീഷിനെ കണ്ടെത്തിയതു പോലും യാദൃച്ഛികമായിരുന്നു. കൊച്ചിയിലെത്തി നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി വിവാഹം റജിസ്റ്റർ ചെയ്തു. 

അധ്യാപികയാകാൻ ശ്രമം

കേരളത്തിലെ ഏതെങ്കിലുമൊരു കോളജിൽ അധ്യാപകജോലിക്കു ശ്രമിക്കുകയാണു മിഷേൽ ഇപ്പോൾ. അതിനിടയിൽ ജീനീഷിനെ വലക്കടയിൽ സഹായിക്കുകയും ചെയ്യുന്നു. മലയാളം പറയാൻ പഠിച്ചു. േകരളത്തിന്റെ രുചികൾ ഇഷ്ടമാണ്. പാചകത്തിലും ഇപ്പോൾ മിഷേലൊരു കൊച്ചിക്കാരിയാണ്.  പ്രണയദിനത്തിൽ മിഷേലിന് ജിനീഷ് ഒരു സമ്മാനം കൊടുത്തു. രണ്ടുപേരുടെയും ചിത്രം പതിച്ച ഫലകം. അതിൽ ഇങ്ങനെ എഴുതിയിരുന്നു. ‘സാധാരണമായിപ്പോകുമായിരുന്ന ഈ ജീവിതത്തിൽ വെളിച്ചവും പ്രതീക്ഷയുമായി വന്നതിനു നന്ദി...’

Read more: Lifestyle Malayalam MagazineBeauty Tips in Malayalam