Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ വാങ്ങാവുന്ന ചില സൂപ്പര്‍ സൂം ക്യാമറകള്‍

sony-cyber-shot-DSC-HX400V

സൂപ്പര്‍ സൂം ക്യാമറകള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. പൊതുവെ DSLRകളുടെ ആകാരമായിരിക്കും ഇവയക്ക്. പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്കും DSLR, മിറര്‍ലെസ് ക്യാമറകള്‍ക്കും ഇടയ്ക്കാണ് ഇവയുടെ സ്ഥാനം. DSLRകളും മിക്ക മിറര്‍ലെസ് ക്യാമറകളും വലിപ്പം കൂടിയ സെന്‍സറുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളും സൂപ്പര്‍ സൂമുകളുമൊക്കെ താരതമ്യേന ചെറിയ സെന്‍സറുകള്‍ ഉപയോഗിക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ഇവയുടെ ഇമേജ് ക്വാളിറ്റി DSLR അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറകള്‍ക്കൊപ്പം എത്തില്ല. എന്നാല്‍ DSLRകളുടെ മുഴുവന്‍ ശേഷിയും ചൂഷണം ചെയ്യണമെങ്കില്‍ വിലകൂടിയ ലെന്‍സുകളും ഒപ്പം കരുതണം. പിന്നെ ഷൂട്ടിങ് സമയത്ത് അവ മാറി മാറി ഉപയോഗിക്കണം. എന്നാല്‍, ചിത്രങ്ങളുടെ ക്വാളിറ്റിയില്‍ കുറച്ച് ഒത്തുതീര്‍പ്പിനു തയാറാണെങ്കില്‍ പരിഗണിക്കാവുന്ന ഒറ്റ ലെന്‍സ് ക്യാമറകളാണ് സൂപ്പര്‍ സൂമുകള്‍. ഇവയില്‍ ചിലതിന് അസൂയാവഹമായ ബഹുമുഖസിദ്ധികളുമുണ്ട്. DSLR ഉപയോഗിക്കുന്നവര്‍ക്ക് രണ്ടാം ക്യാമറയായും ഇവയെ പരിഗണിക്കാം.

നിക്കോണ്‍ B500

16MP സെന്‍സറുള്ള ക്യാമറയാണിത്. 40x ഒപ്ടിക്കല്‍ സൂമും കുറഞ്ഞ വിലയുമാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകള്‍. 80x ഡൈനമിക് സൂമും ഉണ്ട്. തുടക്കക്കാര്‍ക്ക് പക്ഷികളുടെ ചിത്രമെടുക്കാനുള്ള ബേഡ് വോചിങ് മോഡും ചന്ദ്രന്റൈ ഫോട്ടോ എടുക്കാനുള്ള മൂണ്‍ മോഡും ഉണ്ട്. ചില ഡിജിറ്റല്‍ ഫില്‍റ്റര്‍ മോഡുകളും ക്യാമറയ്ക്കുണ്ട്. 

nikon-b500

ഈ ക്യാമറയുടെ പ്രധാന പോരായ്മ ഇതിന് ഓട്ടോ മോഡുകളില്‍ മാത്രമെ ഷൂട്ടു ചെയ്യാനാകൂ എന്നതാണ്. നല്ല വെളിച്ചമുള്ള സമയത്താണ് ഷൂട്ടു ചെയ്യുന്നതെങ്കില്‍ കൊളളാവുന്ന ചിത്രങ്ങള്‍ എടുക്കാം. വില ഏകദേശം 14,000 രൂപ.

സോണി സൈബര്‍ഷോട് DSC-HX400V

20MP സെന്‍സറുള്ള ക്യാമറയ്ക്ക് 50x ഒപ്ടിക്കല്‍ സൂം ആണുള്ളത്. 100x ക്ലീയര്‍ ഇമേജ് സൂമും ഉണ്ട്. ലെന്‍സ് സൈസ് ( ZEISS) ബ്രാന്‍ഡിങ്ങോടു കൂടിയതാണ്. എടുത്ത ചിത്രങ്ങള്‍ അപ്പോള്‍ത്തന്നെ സ്മാര്‍ട്ട്‌ഫോണുകളിലേക്കും അയയ്ക്കാനുള്ള വൈഫൈ, എന്‍എഫ്‌സി കണക്ടിവിറ്റിയും ഉണ്ട്. സോണിയുടെ ലോക്-ഓണ്‍ ഓട്ടോഫോക്കസ് ചലിക്കുന്ന വസ്തുവില്‍ നിന്ന് ഫോക്കസ് മാറാതെ നിറുത്തും. ഓടി വരുന്ന കുഞ്ഞു കുട്ടിയെയും മറ്റും ഫോക്കസ് മാറാതെ ചിത്രീകരിക്കാനാകും. സോണിയുടെ ക്യാമറാ ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. സിനിമാറ്റിക് ഫുള്‍ എച്ച്ഡി വിഡിയോ 1080/60p/24p യില്‍ പകര്‍ത്താമെന്നതാണ് മറ്റൊരു സവിശേഷത. ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകള്‍ HDMI കേബിള്‍ വഴി 4K ടിവിയില്‍ കണ്ടാല്‍ 4K ക്വാളിറ്റി ലഭിക്കും എന്നാണ് സോണി അവകാശപ്പെടുന്നത്. മറ്റു നിരവധി ഫീച്ചറുകളും ലഭ്യമാക്കിയിട്ടുള്ള ഈ ക്യാമറയ്ക്ക് ആമസോണിലെ ഇപ്പോഴത്തെ വില 26,799 രൂപയാണ്.

നിക്കോണ്‍ കൂള്‍പിക്‌സ് B700

20MP ക്യാമറയ്ക്ക് 60x സൂമാണുള്ളത്! 120x ഡൈനാമിക് ഫൈന്‍ സൂമും ഉണ്ട്. നിക്കോണിന്റെ ലെന്‍സ്-ഷിഫ്റ്റ് വൈബ്രെഷന്‍ റിഡക്ഷന്‍, സ്മാര്‍ട്ട്‌ഫോണുകളിലേക്കും മറ്റും ചിത്രം അയയ്ക്കാനുള്ള സ്‌നാപ്ബ്രിജ് കണക്ടിവിറ്റി, വൈഫൈ, ബ്ലൂടൂത് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. സൂം കഴിഞ്ഞാല്‍ 4K UHD വിഡിയോ (3840x2160/30p) റെക്കോഡു ചെയ്യാനുള്ള കഴിവായിരിക്കും ഈ ക്യാമറയുടെ ഏറ്റവും പ്രിയപ്പെട്ട ഫീച്ചര്‍. റോ ചിത്രങ്ങളും എടുക്കാമെന്നത് മറ്റൊരു മേന്മയാണ്. ആമസോണിലെ വില 20,790 രൂപയാണ്. 

ക്യാനന്‍ പവര്‍ഷോട്ട് SX60HS

ഏതാനും വര്‍ഷം മുൻപ് സൂപ്പര്‍ സൂം ക്യാമറകള്‍ ഇറക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ക്യാനന്‍ ഇപ്പോള്‍ പഴയ വീര്യം കാണിക്കുന്നില്ല. 16MP സെന്‍സറുള്ള SX60HS ക്യാമറയ്ക്ക് ഈ ലിസ്റ്റിലെ പല ക്യാമറകളെ കഴിഞ്ഞും പഴക്കമുണ്ട്. ക്യാമറയ്ക്ക് 65x ഒപ്ടിക്കല്‍ സൂമാണുള്ളത്. തിരിക്കാവുന്ന എല്‍സിഡി സ്‌ക്രീന്‍ വിഡിയോ റെക്കോഡിങ് എളുപ്പമാക്കും. റോ ഫോര്‍മാറ്റിലും ചിത്രമെടുക്കാം. ക്യാനന്‍ ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങളുടെ കളര്‍ പലര്‍ക്കും പ്രിയപ്പെട്ടതാണ് എന്നതും ഈ ക്യാമറ പരിഗണിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ആമസോണിലെ വില 27,200 രൂപയാണ്.

നിക്കോണ്‍ കൂള്‍പിക്‌സ് P900

16MP സെന്‍സറുള്ള ഈ ക്യാമറയാണ് സൂം റെയ്ഞ്ചിന്റെ കാര്യത്തില്‍ ഇന്നുള്ള ക്യാമറകളിലെ സൂപ്പര്‍ സ്റ്റാര്‍-83x! 35mm DSLRകളുടെ സൂം കണക്കാക്കുന്ന രീതിയില്‍ പറഞ്ഞാല്‍ 24-2000mm റെയ്ഞ്ചുള്ള ഒറ്റ ലെന്‍സ്. ഈ ക്യാമറയുടെ സൂം ചന്ദ്രനിലേക്കു കുതിക്കുന്നത് ഈ വിഡിയോയില്‍ കാണാം. ഇത് എഴുതുന്ന സമയത്ത് ഈ ക്യാമറയ്ക്ക് ആമസോണില്‍ 30,940 രൂപയാണു വില.

Nikon-COOLPIXB700

സോണി RX10 III

ഇതു വരെ പറഞ്ഞ ക്യാമറകള്‍ക്കു കഴിയാത്ത ശേഷിയുള്ള ക്യാമറയാണിത്. പ്രധാന മാറ്റം ഒരു ഇഞ്ച് വലിപ്പമുള്ള സ്റ്റാക്ട് സീമോസ് സെന്‍സറുണ്ട് എന്നതാണ്. 25x ഒപ്ടിക്കല്‍ റെയ്‌ഞ്ചെ ഈ ക്യാമറയക്കുള്ളൂ. (24-600, f2.4-4 ലെന്‍സ്) പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫൊട്ടോഗ്രഫി ലോകം ഞെട്ടിയ ക്യാമറകളില്‍ ഒന്നായിരുന്നു ഇത്. ഇത്ര ക്വാളിറ്റിയുള്ള ബ്രിജ് ക്യാമറ ഒരു സ്വപ്ന സാഫല്ല്യമായിരുന്നു. 20MP സെന്‍സറുള്ള ഈ ക്യാമറയ്ക്ക് പിക്‌സല്‍ ബിനിങ് ഇല്ലാതെ 4K വിഡിയോ ഷൂട്ടു ചെയ്യാം. സെന്‍സര്‍ നിര്‍മ്മാണ രംഗത്തെ മുമ്പന്മാരായ സോണിയുടെ മികച്ച സെന്‍സറുകളില്‍ ഒന്നാണിത്. ചില DSLR ഷൂട്ടര്‍മാര്‍ക്ക് രണ്ടാം ക്യാമറയായി പരിഗണിക്കവുന്നത്ര ഗൗരവമുള്ള മോഡലാണിത്. വിലയും കൂടുതലാണ്. 114,990 രൂപയാണ് എംആര്‍പി. വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക:

പാനസോണിക് ലൂമിക്‌സ് FZ2500GA

മുകളില്‍ കണ്ട സോണി മോഡലിന് ശക്തമായ വെല്ലുവിളിയാണ് പാനസോണിക് DMC-FZ2500GA ഉയര്‍ത്തുന്നത് എന്നു പറഞ്ഞാല്‍ തന്നെ ഈ ക്യാമറയുടെ ക്വാളിറ്റി മനസിലാക്കാമല്ലോ. സൂപ്പര്‍ സൂം ക്യാമറകളെ പോലെയല്ലാതെ വലിപ്പമുള്ള സെന്‍സറുള്ള ഈ ക്യാമറയും ചിത്രത്തിന്റെ ഗുണമെന്മയുടെ കാര്യത്തില്‍ മികച്ചതാണ്. 20MP സെന്‍സറുള്ള ക്യാമറയ്ക്ക് 20x സൂം മാത്രമെയുള്ളൂ. 4K വിഡിയോയും 4K ഫോട്ടോയും എടുക്കുന്ന പാനസോണിക് മോഡലിന് ഈ കാലത്ത് ഒരു ക്യാമറാ ബോഡിയില്‍ കുത്തിനിറയ്ക്കാവുന്ന അത്ര ഫീച്ചറുള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആമസോണിലെ വില 82,000 രൂപയാണ്. ക്യാമറയെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പ്രവേശിക്കുക.

panasonic-lumix

സ്മാര്‍ട്ട്‌ഫോണിനപ്പുറത്തേക്കു ഫൊട്ടോഗ്രഫിയെ കൊണ്ടുപോകണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ മോഡലുകള്‍ പരിഗണിക്കാം. ക്വാളിറ്റിയുള്ള പടങ്ങളാണ് താത്പര്യമെങ്കില്‍ 20,000 രൂപയ്ക്കു മുകളില്‍ മുതല്‍ ലഭ്യമായ DSLRകളോ മിറര്‍ലെസ് ക്യാമറകളോ പരിഗണിക്കുക. അതല്ല ഒറ്റ ലെന്‍സ് നല്‍കുന്ന സ്വാതന്ത്ര്യമാണ് വേണ്ടതെങ്കില്‍ മുകളില്‍ പറഞ്ഞ ക്യാമറകള്‍ വാങ്ങുന്ന കാര്യം ആലോചിക്കുക. അവസാനം പറഞ്ഞ രണ്ടു ക്യാമറകളും മറ്റൊരു തലത്തില്‍ നില്‍ക്കുന്നവയാണ് അതുകൊണ്ട് അവയ്ക്കു വിലയും കൂടുതലാണ്. (നല്‍കിയിരിക്കുന്ന വില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇതെഴുതുന്ന സമയത്തെത്തു കൊടുത്തിട്ടുള്ളതിലെ കുറഞ്ഞ വിലയാണ്.)