Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ മൊബൈലിലും കിടിലൻ ചിത്രങ്ങൾ പകർത്താം, എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ

mobile-photography

ഇതൊരു നിയമാവലിയല്ല. പരീക്ഷിച്ചറിഞ്ഞ ചില മാർഗങ്ങൾ മാത്രം. ഇപ്പോൾ മിക്ക ഫോണുകളിലും മികവുറ്റ ക്യാമറകളുണ്ട്. എന്നാൽ മികച്ച രീതിയിലാണോ പടമെടുക്കുന്നത്, അല്ല. കുറച്ചു ശ്രദ്ധിച്ചാൽ നിങ്ങൾക്കും സുന്ദരമായ ഫോട്ടോകളെടുക്കാം. ഭാഗികമായൊരു എസ്എൽആർ പ്രതീതി കിട്ടാൻ ഇക്കാലത്ത് മൊബൈൽ ഫോൺ മതി.  

ചില ഫോട്ടോകളിലൂടെ കാര്യങ്ങൾ മനസ്സിലാക്കാം

∙ വസ്തുക്കളുടെ അടുത്തുചെന്നു പടമെടുക്കുക

മിക്കവരും ദൂരെനിന്നു ഫ്രെയിം ചെയ്ത് പിന്നീട് വസ്തുവിനെ കിട്ടാൻ സൂം ചെയ്യാറാണു പതിവ്. മൊബൈൽ ക്യാമറകളിൽ ഡിജിറ്റൽ സൂം ആയതിനാൽ ചിത്രത്തിന്റെ ഗുണമേൻമ നഷ്ടപ്പെടും. അതിനാൽ കഴിയാവുന്നത്ര അടുത്തുചെല്ലുക. ഒബ്ജക്റ്റിന്റെ യഥാർഥ നിറവും ഭംഗിയും കിട്ടണമെങ്കിൽ അടുത്തു ചെന്നുള്ള പടമാണ് അനുയോജ്യം. ഒബ്ജക്ട് കൂടുതൽ ഷാർപ് ആയി കിട്ടുമെന്നതു മറ്റൊരു ഗുണം. 

grapes-1 ചിത്രം: പ്രവീൻ ഇ

∙ ചിത്രം ഒരു ഫീൽ ആക്കുക 

ഓട്ടോഫീച്ചേഴ്സ് ആണ് ചെറുക്യാമറകളിലെല്ലാം. പടത്തിന്റെ എക്സ്പോഷറും വൈറ്റ്ബാലൻസും മറ്റും ക്യാമറ തന്നെ ഓട്ടമാറ്റിക് ആയി സെറ്റ് ചെയ്യും. ഇതിന്റെയൊരു ദോഷം എന്താണെന്നുവച്ചാൽ ചുറ്റുമുള്ളതെല്ലാം വ്യക്തമായി കാണാനാണ് ഈ സെറ്റിങ്സ്. മൊത്തം വെളുപ്പിച്ചെടുക്കുക എന്നതാണ് ക്യാമറകളുടെ നയം. അതായത് നിങ്ങൾക്ക് ഒരു ലൈറ്റ്-ഷേഡ് പടമെടുക്കണമെങ്കിൽ അൽപം ബുദ്ധിമുട്ടാകുമെന്നർഥം. ഇരുട്ടുള്ള ഭാഗവും വെളുപ്പിക്കാൻ ക്യാമറ പരമാവധി ശ്രമിക്കും. ഫലം നരച്ച പടങ്ങൾ തന്നെ. അങ്ങനെ വ്യക്തമായി കാണിക്കുകയല്ല ഫൊട്ടോഗ്രഫി. കാണുന്നതിനപ്പുറം നിങ്ങൾ ഫീൽ ചെയ്തതെന്താണോ അതു പടത്തിൽ കൊണ്ടുവരുക. ഇതിനായി മിക്ക മൊബൈൽ ക്യാമറകളിലെയും മാന്വൽ അഡ്ജസ്റ്റ്മെന്റ് മോഡ് പരീക്ഷിക്കുക. ചിത്രം രണ്ട് അത്തരത്തിൽ എടുത്ത പടമാണ്. ചുറ്റുമുള്ളതിനെയൊന്നും കാണിക്കാതെ പ്രകാശം നിറഞ്ഞ ഭാഗമാണ് ഹൈലൈറ്റ്.

shadow ചിത്രം: പ്രവീൻ ഇ

∙ പുലരികളിൽ പടമെടുക്കുക

സുന്ദരമായ ലൈറ്റും പൊടിയടങ്ങിയ അന്തരീക്ഷവും പുലരിയെ ഫൊട്ടോഗ്രാഫർമാരുടെ ഇഷ്ടസമയമാക്കുന്നു. മൊബൈൽ ഫൊട്ടോഗ്രഫിയും പുലർകാലത്ത് ചെയ്യുക. പ്രിന്റ് ചെയ്യാവുന്ന പടങ്ങൾതന്നെ നല്ല പ്രകാശമുള്ളപ്പോൾ നിങ്ങളുടെ മൊബൈൽ ക്യാമറ വഴി ലഭിക്കും.

hill-3 ചിത്രം: പ്രവീൻ ഇ

∙ പ്രകാശത്തിനുവേണ്ടി കാത്തുനിൽക്കുക

രാവിലെ ചിത്രമെടുക്കാൻ പോകുമ്പോൾ നാടകീയമായ ലൈറ്റിങ്ങിനു വേണ്ടി കാത്തുനിൽക്കുക. ഒന്നോ രണ്ടോ ചിത്രങ്ങൾ സാധാരണ മട്ടിലെടുക്കാം. ശേഷം മൂന്നാമത്തെ ചിത്രത്തിൽ കാണുന്നതു പോലെ പ്രകാശം മലകളെ മുത്തമിടുന്ന നിമിഷത്തിനോ മറ്റോ കാത്തിരിക്കുക. പടങ്ങളിലെ നാടകീയത എപ്പോഴും ലൈറ്റിന്റെ കയ്യിലാണ്. 

hilltop-4 ചിത്രം: പ്രവീൻ ഇ

∙ ആക്ഷനിലാണു കാര്യം

നല്ലൊരു ആക്ഷനുവേണ്ടി കാത്തുനിൽക്കുക. ഇല്ലിക്കൽ കല്ലിൽനിന്നുള്ള ചിത്രമാണിത്. മഞ്ഞ് മുഴുവൻ മൂടിയാലും മഞ്ഞില്ലാതെയായാലും ചിത്രത്തിനു ഭംഗിയുണ്ടാവില്ല. ഇവിടെ മഞ്ഞ് മലകളെ പുണരാൻ പാഞ്ഞടുക്കുന്ന ദൃശ്യം കാണാം. പാതി മഞ്ഞും പാതി സ്ഥലവും കിട്ടുമ്പോഴാണ് ആക്ഷന്റെ പ്രാധാന്യം മനസ്സിലാകുക. 

∙ ഫ്രയിമിനുള്ളിലൂടെ ഫ്രെയിം ചെയ്യുക

സ്മാർട് ഫോണുകളിൽ പടമെടുക്കുമ്പോൾ പലരും നേരിട്ട് ക്യാമറ ദൃശ്യത്തിനു നേരെയെടുക്കും. നിങ്ങൾ ഒരു ബസിലോ കാറിലോ യാത്രപോവുകയാണെന്നു കരുതുക. ആ വാഹനത്തിന്റെ ഉള്ളിലൂടെ കാണുന്ന കാഴ്ച നിങ്ങൾ സഞ്ചരിക്കുകയാണെന്നും ആ വഴിയിലാണ് സുന്ദരമായ പ്രദേശമുള്ളതെന്നും മനസ്സിലാക്കിത്തരാൻ ഫ്രെയിമിനുള്ളിലൂടെ ഫ്രെയിം ചെയ്യാം. നേരിട്ടു കാണുന്നതിനേക്കാൾ വ്യത്യസ്മായിരിക്കും ഇത്തരം പടങ്ങൾ. 

car-5 ചിത്രം: പ്രവീൻ ഇ

∙ നിഴലുകളെ ഉപയോഗപ്പെടുത്തുക

നിഴലുകൾ ചിത്രത്തിന്റെ ഡെപ്ത് കൂട്ടുന്ന ഘടകമാണ്. നിഴലുകളെ കൂടെക്കൂട്ടുക. അവ ചിത്രങ്ങൾക്കു വല്ലാത്ത നാടകീയതയും ലൈഫും നൽകും.

tent-6 ചിത്രം: പ്രവീൻ ഇ

∙ ബാക്ക് ലൈറ്റിനെ അറിയുക

car-7 ചിത്രം: പ്രവീൻ ഇ

ഒരു വസ്തുവിന്റെ ഫീലുള്ള ചിത്രം പിന്നിൽ ലൈറ്റ് ഉള്ളപ്പോഴാണ് കിട്ടുക. അസ്തമയ സൂര്യൻ പിന്നിൽ മാന്ത്രികമായൊരു ഫീൽ നൽകുന്നതു കാണുക.  ആ സ്ഥലത്തിന്റെ ഭംഗിയും കാറിന്റെ ഷേഡുകളും ലൈനുകളും വേർതിരിച്ചു കാണാമെന്നതാണ് മെച്ചം. ഇങ്ങനെയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്- സൂര്യൻ നേരിട്ടു ഫ്രെയിമിൽ വരാതെ സൂക്ഷിക്കണം. ഫ്രെയിമിൽ വന്നാൽ ചിലപ്പോൾ വസ്തുവിന് പ്രാധാന്യം കിട്ടാതെ പോകും. രണ്ടാമതായി വസ്തുവിന്റെ മുൻഭാഗം ഇരുട്ടിലാവാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഫോട്ടോ എഡിറ്റിങ് ആപ്പിൽ ഇതു കറക്ട് ചെയ്യാം.