Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ സ്റ്റീവ് മക്കറീ, താങ്കള്‍ക്കും വിശ്വാസ്യതാ നഷ്ടമോ?

afgan-girl

ഇന്നു ജീവിച്ചിരിക്കുന്ന അതി പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരില്‍ പ്രധാനിയാണ് സ്റ്റീവ് മക്കറി (Steve McCurry). അതെ, ഓര്‍മ്മയില്‍ തറഞ്ഞു നില്‍ക്കുന്ന അഫ്ഗാന്‍ പെണ്‍കുട്ടിയുടെ പടം എടുത്ത അമേരിക്കന്‍ ഫോട്ടോ ജേണലിസ്റ്റ്.

അത്യുജ്വല ചിത്രങ്ങള്‍ എടുത്ത, ഇപ്പോഴും എടുക്കുന്ന, ഫോട്ടോഗ്രാഫിയിലെ ബഹുമാന്യ മുഖങ്ങങ്ങളില്‍ ഒന്നായ, സാങ്കേതികവിദ്യയും കലയും എങ്ങനെയാണ് സമ്മേളിക്കേണ്ടത് എന്നതിന്റെ മകുടോദാഹരണമായ മക്കറി ഇത്തരം ഒരു വിവാദത്തില്‍ പെടുമെന്ന് നമുക്കു വശ്വസിക്കാനേ വയ്യ. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഫോട്ടോഗ്രാഫര്‍ എന്ന വാക്കുപയോഗിച്ച് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പോലും തോന്നില്ല. ഫോട്ടോ ആര്‍ട്ടിസ്റ്റ് എന്നൊ മറ്റോ അദ്ദേഹത്തെ വിളിക്കേണ്ടി വരും. അത്ര കുറ്റമറ്റതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

പ്രശ്‌നം തുടങ്ങുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇറ്റലിയില്‍ നടക്കുമ്പോഴാണ്. പ്രദര്‍ശനം കാണാനെത്തിയ പൗലോ വിജ്‌ലിയോൺ ( Paolo Viglione) എന്നു പേരുള്ള ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മക്കറിയുടെ ഒരു ചിത്രം 'ഫോട്ടോഷോപ്' ചെയ്തതായി കണ്ടെത്തി. എഡിറ്റിങ് സോഫ്റ്റ്‌വെയറിലൂടെ ചിത്രത്തില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നു.

പൗലോ വിജ്‌ലിയോണിന്റെ ഇറ്റാലിയന്‍ ഭാഷയിലുള്ള ബ്ലോഗില്‍  ഇതെഴുതുന്ന സമയത്തും മാറ്റിയ പടം ലഭ്യമാണ്. ഫോട്ടോയിലെ ഒരു നാട്ടുകാല്‍ മാറ്റി സ്ഥാപിച്ചിരിക്കുന്നു. മക്കറിയെ പോലെ പുകള്‍പെറ്റ ഒരു ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളില്‍ ആരും ഇത്ര ബാലിശമായ കൃത്രിമം പ്രതീക്ഷിക്കില്ല.

Steve_McCurry_Bologna

ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ മക്കറി പറഞ്ഞത് ചിത്രത്തില്‍ മാറ്റം വരുത്തിയത് അദ്ദേഹത്തിന്റെ ഫോട്ടോ എഡിറ്റര്‍ ആണ് എന്നാണ്. (ഇത്ര അലസനോ, അനിപുണനോ ആയ എഡിറ്ററെയാണോ മക്കറി ജോലിക്കു വച്ചിരിക്കുന്നത് എന്നു നമുക്കു ചോദിക്കാതിരിക്കാന്‍ കഴിയില്ല, അല്ലെ? ഫോട്ടോഷോപ് പോലെയുള്ള എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ പഠിക്കാന്‍ തുടങ്ങുന്നവര്‍ പോലും ഇത്രയും ബാലിശമായ ഒരു തെറ്റു വരുത്തു‌മെന്നു കരുതാന്‍ വയ്യ.) എന്തായാലും പതിറ്റാണ്ടുകളായി വളര്‍ത്തിക്കൊണ്ടു വന്ന അദ്ദേഹത്തിന്റെ പ്രശസ്തിക്കു ക്ഷതമേല്‍പ്പിച്ച ഒരു സംഭവമാണ് ഇത്. വാര്‍ത്ത വെളിയില്‍ വന്നതോടെ അദ്ദേഹത്തിന്റെ കൂടുതല്‍ പടങ്ങള്‍ എഡിറ്റിങിലൂടെ മാറ്റം വരുത്തിയിട്ടുള്ളതായി വേറെ ആളുകള്‍ കണ്ടെത്തി. മക്കറി പറയുന്നത് മാറ്റം വരുത്തിയ ആളെ പറഞ്ഞു വീട്ടില്‍ വിട്ടുവെന്നും ഇനി തന്റെ പടങ്ങളില്‍ ഇത്തരം കൃത്രിമങ്ങള്‍ പ്രതീക്ഷിക്കേണ്ട എന്നുമാണ്.

എന്നാല്‍ ഈ സംഭവം മറ്റൊരു ചര്‍ച്ചയ്ക്കും വഴിവച്ചിട്ടുണ്ട്. ഡിജിറ്റല്‍ ചിത്രങ്ങളില്‍ മാറ്റം വരുത്തുന്നത് അത്ര പാപം ആണോ എന്നാണ് പലരും ചോദിക്കുന്നത്.